/sathyam/media/media_files/WM64piSbyiN2OpWN8vPH.jpg)
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പ്രതിരോധ സേനയിലെ രണ്ട് വനിതാ സംഘങ്ങള്‍ പങ്കെടുക്കും. 144 പേര്‍ അടങ്ങുന്ന ഒരു സംഘത്തില്‍ വനിതാ സൈനികര്‍ അണിനിരക്കും. അറുപത് പേര്‍ കരസേനയില്‍ നിന്നും ബാക്കിയുള്ളവര്‍ വ്യോമസേനയില്‍ നിന്നും നാവിക സേനയില്‍ നിന്നുമുള്ളവരായിരിക്കും. നാവികസേനയിലെയും വ്യോമസേനയിലെയും വനിതാ അഗ്നിവീര്‍ സൈനികരും ഈ സംഘത്തില്‍ ഉള്‍പ്പെടും. ആംഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടറേറ്റ് ജനറലില്‍ നിന്നുള്ള രണ്ടാമത്തെ സംഘത്തില്‍ വനിതാ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സൈനിക നഴ്‌സുമാര്‍ ഉള്‍പ്പെടും.
പ്രതിരോധ സേനയില്‍ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. ഇതിന്റെ ഭാഗമായാണ് വനിതാ സംഘങ്ങളെ റിപ്പബ്ലിക് ദിന പരേഡില്‍ ഉള്‍പ്പെടുത്തിയതെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫൈറ്റര്‍ പൈലറ്റുമാര്‍, യുദ്ധക്കപ്പല്‍ കമാന്‍ഡര്‍മാര്‍, ഇന്ത്യന്‍ ആര്‍മിയിലെ വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടെ പ്രതിരോധ സേനയിലെ വനിതാ സൈനികര്‍ക്കും ഓഫീസര്‍മാര്‍ക്കും മൂന്ന് സേനകളും ഒട്ടേറെ വഴികള്‍ തുറന്നിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ശേഷിക്കുന്ന മറ്റ് മേഖലകളിലും ശാഖകളിലും സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ പ്രതിരോധ സേന ശ്രമിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് മുഖ്യാതിഥി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നുവെങ്കിലും ജനുവരിയില്‍ ന്യൂഡല്‍ഹി സന്ദര്‍ശിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതേ തുടര്‍ന്നാണ് മാക്രോണിനെ റിപ്പബ്ലിക് ദിന മുഖ്യാതിഥിയായി ക്ഷണിച്ചത്. നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച മാക്രോണ്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി പറയുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് നേതാവാണ് ഇമ്മാനുവല്‍ മാക്രോണ്‍. മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രി ജാക്വസ് ചിറാക്ക് 1976ലും 1998ലും രണ്ട് തവണ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ മുന്‍ പ്രസിഡന്റുമാരായ വലേരി ഗിസ്‌കാര്‍ഡ് ഡി എസ്റ്റിംഗ്, നിക്കോളാസ് സര്‍ക്കോസി, ഫ്രാന്‍സ്വാ ഹോളണ്ട് എന്നിവര്‍ യഥാക്രമം 1980, 2008, 2016 വര്‍ഷങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടുണ്ട്.
അതേസമയം റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കേണ്ട നിശ്ചല ദൃശ്യങ്ങളെ ചൊല്ലി ഇത്തവണയും വിവാദങ്ങള്‍ക്ക് കുറവില്ല. ഈ വര്‍ഷം കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി ലഭിച്ചില്ല. സംസ്ഥാനം നല്‍കിയ പത്ത് ഡിസൈനുകളും കേന്ദ്രം തള്ളി. കേരളത്തിന്റെ വികസന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിശ്ചല ദൃശ്യ മാതൃകകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ലൈഫ് പദ്ധതി ഉള്‍പ്പെടെയുള്ള നിശ്ചല കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രമേയത്തിന് അനുസൃതമല്ലാത്തത് കാരണമാണ് അനുമതി നിഷേധിച്ചത്. ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശിച്ചത്.
ഈ പ്രമേയം അനുസരിച്ചായിരുന്നു നിശ്ചല ദൃശ്യങ്ങള്‍ തയ്യാറാക്കേണ്ടിയിരുന്നത്. എന്നാല്‍ കേരളത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ഈ മാതൃകകള്‍ പരിശോധിച്ച ശേഷം കേന്ദ്രം ഇത് തള്ളുകയായിരുന്നു. നേരത്തെ ചില ഭേദഗതികള്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. ഈ ഭേദഗതികള്‍ വരുത്തി നാല് മാതൃകകള്‍ കേരളം വീണ്ടും സമര്‍പ്പിച്ചെങ്കിലും അതും തള്ളുകയായിരുന്നു. ജനാധിപത്യത്തിന്റെ മാതാവ് എന്ന വിഷയത്തില്‍ സമര്‍പ്പിച്ച സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാന്റെ പ്രതിമ ഉള്‍പ്പെട്ട മാതൃക, വികസിത ഭാരതമെന്ന വിഷയത്തില്‍ ലൈഫ് മിഷന്‍ പദ്ധതി കേന്ദ്രീകരിച്ചുള്ള മാതൃകയായിരുന്നു കേരളം സമര്‍പ്പിച്ചത്.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ നേട്ടം പറഞ്ഞുള്ള മോഡലായി സമര്‍പ്പിച്ചത് മലയാളി ശാസ്ത്രജ്ഞ ടെസി തോമസിന്റെ പ്രതിമ അടങ്ങിയ മാതൃകയായിരുന്നു. കേരള ടൂറിസത്തിന്റെ മാതൃകയായിരുന്നു നാലാമത്തേത്. ഈ നാല് മാതൃകകളും കേന്ദ്ര പ്രതിരോധമന്ത്രാലയം തള്ളുകയായിരുന്നു. എന്നാല്‍ കേരളം നല്‍കിയ നിശ്ചലദൃശ്യം 'ഭരത് പര്‍വ് ' പരിപാടിയില്‍ അവതരിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2023ലെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ മാതൃകയ്ക്ക് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ 2020ലും 2022ലും കേരളത്തിന്റെ നിശ്ചലദൃശ്യങ്ങളുടെ മാതൃക കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. കേരളത്തെ കൂടാതെ പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളുടെ അനുമതിയും തള്ളിയിരുന്നു. ഇതിനെതിരെ പഞ്ചാബ്, പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു