ബി.ജെ.പിയിലേക്ക് ചേക്കേറുന്ന നേതാക്കള്‍, വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കാത്ത നേതൃത്വം ! 'എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവൂല്ലാ' എന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവസ്ഥ; ലക്ഷ്യബോധമില്ലാതെ ഇങ്ങനെ പോയാല്‍-സൈജു മുളകുപാടം എഴുതുന്നു

 കേരളവും, കർണാടകവും തെലുങ്കാനയും ഒഴികെയുള്ള ഒരിടത്തും പാർട്ടി സംവിധാനങ്ങൾപോലും ശക്തമായി ഇല്ലാത്ത അവസ്ഥ. ഇന്ത്യയിലെ ജനങ്ങൾ കോൺഗ്രസിന് വോട്ട്‌ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു, അതാണ് കഴിഞ്ഞ നാല് നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് ഷെയർ നില വ്യക്തമാക്കുന്നത്

New Update
Saiju Mulakuppadam

സൈജു മുളകുപാടം

"എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ" എന്നൊരു ചൊല്ലുണ്ട്‌ അതുപോലെയാണ് കോൺഗ്രസ്സ് നേതൃത്വം. വീഴ്ചകൾക്ക് പുറകെ വീഴ്ചകൾ ഉണ്ടായിട്ടും അതിൽനിന്നും പാഠമൊന്നും ഉൾകൊള്ളാതെ ഇന്നും ശക്തിക്ഷയിച്ച അച്ചുതണ്ടിനു ചുറ്റും ഭ്രമണം ചെയ്യാനാണ് പാർട്ടി ശ്രമിക്കുന്നത്. അധികാരമോഹവും  അഴിമതിയും കൂടെയുള്ള ആളുകളെ സ്ഥാനങ്ങളിൽ എത്തിച്ച് പാർട്ടിയിൽ നിന്നും എല്ലാം നേടിയശേഷം  മറുകണ്ടം ചാടുന്ന രീതിക്ക്‌ കടിഞ്ഞാണിടാനോ ശക്തമായ ഒരു പ്രതികരണംപോലുമോ നടത്താൻ കഴിയാത്ത നേതൃത്വം പാർട്ടിക്കൊരു ബാധ്യതയായി മാറുകയാണ്.

Advertisment

കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുടർച്ചയായ പരാജയമായി മാറിയ നേതൃശൈലി ഉടച്ചുവാർവാനുള്ള അവസരമായിരുന്നു എ ഐ സി സി പ്രസിഡണ്ട് തിരഞ്ഞെടുപ്പ്‌. എന്നാൽ ആജ്ഞാനുവർത്തികൾ ഏറെയുള്ള സമ്മതിദാന അവകാശമുള്ളവർ ഒന്നുചേർന്നപ്പോൾ സാധാരണ പാർട്ടിക്കാർ ആഗ്രഹിച്ചതിനു എതിരായി തിരഞ്ഞെടുപ്പ്‌ ഫലം.  ഫലമോ ഇന്നലത്തെപോലെ തന്നെ ഇന്നും. മാറ്റമില്ലാത്തതു കോൺഗ്രസ്സ് പാർട്ടിക്കും അതിന്റെ നയങ്ങൾക്കും മാത്രം.

ഇന്ത്യയിലെ ജനങ്ങൾ കോൺഗ്രസിന് വോട്ട്‌ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു, അതാണ് കഴിഞ്ഞ നാല് നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് ഷെയർ നില വ്യക്തമാക്കുന്നത്. എന്നാൽ ലക്ഷ്യബോധമോ പദ്ധതിയോ ഇല്ലാത്ത നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലം തിരഞ്ഞെടുക്കപ്പെടുന്നവർപോലും ബിജെപി യുടെ പണക്കൊഴുപ്പിലും കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായത്തോടുംകൂടി ബിജെപി പാളയത്തിലേക്ക് ചേക്കേറുന്നു. മഹാരാഷ്ട്രയിൽ ചവാനും മധ്യപ്രദേശിൽ കമൽനാഥും മകനും ബിജെപി പാളയത്തിൽ എത്തുന്നു. ഇത് കണ്ടാൽ തോന്നുക കോൺഗ്രസ് നേതൃത്വത്തിൽ ആരൊ ബിജെപി യുടെ റിക്രൂട്ടിങ് ഏജന്റ് ആയി പ്രവൃത്തിക്കുന്നുണ്ടോ എന്നുപോലും സംശയിക്കണം. പാർട്ടി ചുമതലയുള്ള കെ സി വേണുഗോപാൽ ആ രംഗത്ത് ഒരു പരാജയമല്ലേ എന്ന് ചിന്തിച്ചാൽ അതിൽ തെറ്റുപറയാൻ കഴിയില്ല. ഖാര്‍ഗെ നിസ്വാർത്ഥനായ ഒരു വ്യക്തിയാണ് എന്നതിൽ സംശയമില്ല എന്നാൽ നേതൃപദവിയിലേക്കു എത്തേണ്ട പ്രായവും സാഹചര്യവും ഇതായിരുന്നില്ല.

 കേരളവും, കർണാടകവും തെലുങ്കാനയും ഒഴികെയുള്ള ഒരിടത്തും പാർട്ടി സംവിധാനങ്ങൾപോലും ശക്തമായി ഇല്ലാത്ത അവസ്ഥ. ഇന്നത്തെ കോൺഗ്രസ്‌ നാളത്തെ ബിജെപി എന്നുള്ള ആക്ഷേപത്തിന് തടയിടാൻ കഴിയുന്ന രീതിയിലുള്ള ഇച്ഛാശക്തിയുള്ള നേതൃത്വം കോൺഗ്രെസ്സിനു ഇല്ലാതെ വന്നാലും ദേശീയ പ്രശ്നങ്ങളെ ഏറ്റെടുത്ത്‌ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുവാൻ കഴിയാതെ വന്നാലും, ബിജെപി യുടെ ഏകാധിപത്യ രീതിക്കെതിരെയും വർഗ്ഗീയ ധ്രുവീകരണത്തിന് എതിരെയും ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവാൻ കെൽപ്പുള്ള ഒരു നേതാവ് ഉയർന്നുവന്നില്ല എങ്കിലും നമ്മൾ ചരിത്രത്തിന്റെ ഭാഗം മാത്രമായി അവശേഷിക്കും. 

കർഷക സമരം പോലെയുള്ള വിഷയങ്ങളും തൊഴിലില്ലായ്മയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വിഷയത്തിൽ വിശ്വാസ്യകരമായ രീതിയിൽ അതിൽ തിരിമറി നടത്താം എന്ന് സുപ്രീം കോടതിയിലെ പ്രമുഖരായ ചില വക്കീലന്മാർ പരസ്യമായി തെളിയിച്ചിട്ടും അത് ഏറ്റെടുക്കാൻ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് തയ്യാറാകാതെ വന്നതും മണിപ്പൂർ വിഷയത്തിലെ കേവല പ്രതികരണത്തിന് അപ്പുറമുള്ള നിസംഗതയും എല്ലാം പാർട്ടിയുടെ പരാജയമായി വേണം വിലയിരുത്താൻ.

Advertisment