ന്യൂഡല്‍ഹി: വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പൽ ഡോ. സന്ദീപ് ഘോഷ് അറസ്റ്റിൽ. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തത്.
സന്ദീപ് ഘോഷിൻ്റെ അഡീഷണൽ സെക്യൂരിറ്റി അഫ്സർ അലി, ബിപ്ലവ് സിംഹ, സുമൻ ഹസാര എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തു.
സന്ദീപ് ഘോഷിനെതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെ സിബിഐ നടപടി ആരംഭിച്ചിരുന്നു. കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നിസാം പാലസിലെ സിബിഐ ഓഫീസിലെത്തി കേസുമായി ബന്ധപ്പെട്ട അവശ്യ രേഖകൾ നൽകി.
രേഖകൾ ലഭിച്ചതിനെത്തുടർന്ന് സിബിഐ എഫ്ഐആർ ഫയൽ ചെയ്യുകയും അതിൻ്റെ പകർപ്പ് അലിപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.