/sathyam/media/media_files/TtgIfnu409iuKGU0I5MF.jpg)
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ശിവാജി പ്രതിമ തകർന്ന സംഭവത്തിൽ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമ തകർന്നതിൽ ഖേദമുണ്ടെന്നും മഹാരാഷ്ട്രയിലെ പാൽഘറിൽ നടന്ന ഒരു പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു.
"ഛത്രപതി ശിവാജി മഹാരാജ് എന്നത് നമുക്ക് വെറുമൊരു പേരല്ല. ഇന്ന് ഞാൻ എൻ്റെ ഛത്രപതി ശിവജി മഹാരാജിനോട് തല കുനിച്ച് മാപ്പ് ചോദിക്കുന്നു" -മോദി പറഞ്ഞു.
"ഛത്രപതി ശിവാജി മഹാരാജിനെ ദൈവമായി കണക്കാക്കുകയും പ്രതിമ തകര്‍ന്നതില്‍ ആഴത്തിൽ വേദനിക്കുകയും ചെയ്യുന്നവരോട് തല കുനിച്ച് മാപ്പ് ചോദിക്കുന്നു. നമ്മുടെ മൂല്യങ്ങൾ വ്യത്യസ്തമാണ്. നമുക്ക് നമ്മുടെ ദൈവത്തേക്കാൾ വലുതായി ഒന്നുമില്ല", അദ്ദേഹം കൂട്ടിച്ചേർത്തു.
ഛത്രപതി ശിവാജി മഹാരാജിൻ്റെ പാദങ്ങളിൽ 100 തവണ തൊടാനും ആവശ്യമെങ്കിൽ തകർച്ചയിൽ മാപ്പ് ചോദിക്കാനും മടിക്കില്ലെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അടുത്തിടെ പറഞ്ഞിരുന്നു.
മറാഠാ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവജി മഹാരാജിൻ്റെ 35 അടി പ്രതിമ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ കോട്ടയിൽ കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തിരുന്നു. എന്നാല്‍ ഓഗസ്റ്റ് 26ന് പ്രതിമ തകര്‍ന്നു.
സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപെടുത്തിയിട്ടുണ്ട്. പ്രതിമയുടെ സ്ട്രക്ടച്ചറൽ കൺസൾട്ടന്റ്റ് ചേതൻ പാട്ടീൽ, പ്രതിമയുടെ നിര്‍മ്മാണ കരാര്‍ എടുത്തിരുന്നയാള്‍ എന്നിവരാണ് അറസ്റ്റിലായത്.
സംഭവം അന്വേഷിക്കാൻ നാവികസേനയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര സർക്കാർ പ്രതിനിധികളെയും സാങ്കേതിക വിദഗ്ധരെയും ഉൾക്കൊള്ളിച്ചുള്ള സംയുക്ത സാങ്കേതിക കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്. പ്രതിമ തകർന്നതിന് പിന്നാലെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദം ഉടലെടുത്തിരുന്നു.
മഹാരാഷ്ട്രയിലെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് മോദി മാപ്പ് പറയാന്‍ നിര്‍ബന്ധിതനായതെന്ന് പ്രതിപക്ഷം പറഞ്ഞു.
"മഹാരാഷ്ട്രയിലെ ജനങ്ങളുടെയും പ്രതിപക്ഷത്തിൻ്റെയും ശക്തമായ പ്രതിഷേധം ഛത്രപതി ശിവാജി മഹാരാജിനോട് മാപ്പ് പറയാൻ നരേന്ദ്ര മോദിയെ നിർബന്ധിതനാക്കി. എന്നാൽ ഇത് മാപ്പപേക്ഷയല്ല, അഭിനയമാണ്. രാജെയോടുള്ള ഈ അപമാനം മഹാരാഷ്ട്ര മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല," കോൺഗ്രസ് എക്‌സിൽ പറഞ്ഞു.
മാപ്പർഹിക്കാത്ത ഈ പാപത്തിന് മോദി ശരിക്കും മാപ്പ് പറയുകയാണെങ്കിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും സ്ഥാനത്തുനിന്നും നീക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞാൽ പോരാ എന്ന് ശിവസേനയും (യുബിടി) ശക്തമായി പ്രതികരിച്ചു.