Advertisment

ലോകം മുഴുവൻ സ്ത്രീ പുരുഷ തുല്യത ആഘോഷിക്കപ്പെടുമ്പോൾ ആർത്തവത്തിന്റെ പേരിൽ അവധി നൽകി സ്ത്രീകളെ വീട്ടിലിരുത്തുന്നു; ആർത്തവ അവധി വിപ്ലവകരമായ തീരുമാനമാക്കിയ സർക്കാരിന് പ്രഹരം; ആർത്തവ അവധി വിപരീത ഗുണം ചെയ്യുമെന്നും സ്ത്രീകളെ തൊഴിൽ മേഖലയിൽനിന്ന് അകറ്റുമെന്നും സുപ്രീംകോടതി; യൂണിവേഴ്സിറ്റികളിൽ ആർത്തവ അവധിയുടെ ക്രെഡിറ്റടിക്കാൻ എസ്.എഫ്.ഐ- കെ.എസ്.യു അങ്കം

ആർത്തവ കാലത്ത് അവധി നൽകി സ്ത്രീകളെ വീട്ടിലിരുത്താനുള്ള നീക്കങ്ങൾക്ക് സുപ്രീംകോടതിയുടെ തിരിച്ചടി. സ്ത്രീകളുടെ ആർത്തവ അവധിക്കായി നയം രൂപീകരിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

New Update
supreme court1.jpg

ന്യൂഡല്‍ഹി: പുരുഷനൊപ്പം തുല്യതയ്ക്കായി ലോകമെങ്ങും സ്ത്രീ സമൂഹം ഒന്നാകെ ഒറ്റക്കെട്ടായി മുന്നോട്ടു വരുന്നതിനിടെ, ആർത്തവ കാലത്ത് അവധി നൽകി സ്ത്രീകളെ വീട്ടിലിരുത്താനുള്ള നീക്കങ്ങൾക്ക് സുപ്രീംകോടതിയുടെ തിരിച്ചടി. സ്ത്രീകളുടെ ആർത്തവ അവധിക്കായി നയം രൂപീകരിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഇത്തരം നിർബന്ധിത അവധി സ്ത്രീകൾക്കു ജോലി നൽകാനുള്ള താൽപര്യം തൊഴിലുടമകളിൽ ഇല്ലാതാക്കുമെന്ന് പറഞ്ഞു.

Advertisment

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ചത് വിപ്ലവകരമായ തീരുമാനമായി കൊണ്ടാടുന്ന സംസ്ഥാന സർക്കാരിന് പ്രഹരമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. തൊഴിൽ മേഖലയിലടക്കം ഇത് നടപ്പാക്കുന്നത് ആലോചനയിലായിരുന്നു.


ആർത്തവ അവധി വിപരീത ഗുണം ചെയ്യുമെന്നും കോടതി തീരുമാനിക്കേണ്ട വിഷയമല്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കിയിട്ടുണ്ട്.


 ‘‘എങ്ങനെയാണ് ഇത്തരം അവധികൾ സ്ത്രീകളെ കൂടുതൽ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കുന്നത് ? അവധികൾ നിർബന്ധമാക്കുന്നത് അവരെ തൊഴിൽ മേഖലയിൽനിന്ന് അകറ്റും. സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സ്ത്രീകൾക്കു ദോഷം ചെയ്യുന്നതാകും. ഇതു സർക്കാരിന്റെ നയപരമായ തീരുമാനമാണ്, കോടതികൾക്കു പരിശോധിക്കാനുള്ളതല്ല’’ – ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.

വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അവധി നൽകാൻ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. കേന്ദ്ര–സംസ്ഥാന സർക്കാരുകളോട് ആർത്തവ അവധി നൽകുന്നതു സംബന്ധിച്ച നയം രൂപീകരിക്കാൻ നിർദേശിക്കണമെന്നാണു ഹർജിയിലെ ആവശ്യം.

കേരളത്തിൽ 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെയാണ് പ്രസവാവധി. വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കുസാറ്റിൽ നടപ്പാക്കി. സമാനമായ ഭേദഗതി എല്ലാ യൂണിവേഴ്സിറ്റികളിലും നടപ്പാക്കാൻ നിർദ്ദേശിച്ചു.

ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് യുവജന കമ്മിഷൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ശുപാർശ നൽകിയിരുന്നു.  

ആർത്തവ അവധിയുടെ ക്രെഡിറ്റടിക്കാൻ കനത്ത മത്സരമാണ് കേരളത്തിൽ നടന്നത്. എസ്.എഫ്.ഐ നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന്റെ ആവശ്യപ്രകാരമാണ് കുസാറ്റിൽ ആർത്തവാവധി നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി ബിന്ദു നേരത്തേ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. ആർത്തവാവധി അനുവദിച്ചത് കെ.എസ്.യുവിന്റെ ഇടപെടൽ കാരണമാണെന്ന വിദ്യാർത്ഥി നേതാക്കളുടെ അവകാശവാദത്തിന് പിന്നാലെയായിരുന്നു ഇത്.

എന്നാൽ കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിനുള്ള കെ.എസ്.യുവിന്റെ പ്രകടനപത്രികയിൽ ആർത്തവാവധി പ്രധാന ഇനമായി ഉൾപ്പെടുത്തിയിരുന്നതിന്റെയും അവധി അനുവദിക്കണമെന്ന് സർവകലാശാലയ്ക്കും സർക്കാരിനും നേരത്തേ അപേക്ഷ നൽകിയതിന്റെയും തെളിവുകൾ കെ.എസ്.യു പുറത്തുവിട്ടു.

മറ്റ് യൂണിവേഴ്സിറ്റികളിലും ആർത്തവാവധി അനുവദിക്കണമെന്ന് മന്ത്രി ബിന്ദുവിന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ കത്ത് നൽകിയിരുന്നു. വിദ്യാർത്ഥി സംഘടനകളുടെ അവകാശവാദം കത്തുന്നതിനിടെയാണ്, എസ്.ഐഫ്.ഐ നേതൃത്വത്തിലുള്ള യൂണിയന്റെ ആവശ്യപ്രകാരമാണ് അവധി അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കിയത്.

എന്നാൽ കുസാറ്റിലെ യൂണിയനിൽ എസ്.എഫ്.ഐക്കാർ മാത്രമല്ല, കെ.എസ്.യു പ്രതിനിധികളുമുണ്ടെന്നും ക്രെഡിറ്റ് തട്ടിയെടുക്കാനാണ് എസ്.എഫ്.ഐയുടെ ശ്രമമെന്നും കെ.എസ്.യു നേതാക്കൾ നിലപാടെടുത്തു.

Advertisment