/sathyam/media/media_files/7wakSkBmmt8EHttd8ZsP.jpg)
മെഡിക്കൽ പിജി കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ ക്വോട്ട സീറ്റുകളിൽ പ്രവേശനം നേടിയവർക്ക്, നീറ്റ് പിജി കൗൺസലിങ്ങിന്റെ രണ്ടാം റൗണ്ടിനുശേഷം സീറ്റുകൾ ഒഴിയാനാവില്ലെന്നു സുപ്രീം കോടതി. 2017ൽ ദാറുസലാം എജ്യൂക്കേഷനൽ ട്രസ്റ്റും ദേശീയ മെഡിക്കൽ കൗൺസിലും തമ്മിൽ നടന്ന കേസിലെ ഉത്തരവ് ആവർത്തിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്
എൻആർഐ ക്വോട്ടയിൽ പിജി മെഡിക്കൽ സീറ്റ് ഉപേക്ഷിച്ച ഒരു വിദ്യാർഥി, പിഴയടയ്ക്കണമെന്ന തമിഴ്നാട് സർക്കാർ നിർദേശത്തിനെതിരെ നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർധിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. പ്രവേശനം നേടിയ സീറ്റിൽനിന്നു പിന്മാറിയതോടെ മെറിറ്റുള്ള മറ്റൊരു വിദ്യാർഥിയുടെ അവസരം നഷ്ടപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി.
2022 ഫെബ്രുവരി 24നു നടന്ന രണ്ടാം റൗണ്ട് കൗൺസലിങ്ങിൽ എൻആർഐ ക്വോട്ടയിൽ ഹർജിക്കാരിക്കു 3 വർഷ പിജി കോഴ്സിൽ പ്രവേശനം ലഭിച്ചിരുന്നു. ഈ സീറ്റിൽ നിന്നു 2022 മാർച്ച് 26നു പിന്മാറി. മൂന്നാം റൗണ്ട് കൗൺസിലിങ് 2022 ഏപ്രിൽ 22നും നാലാം റൗണ്ട് മേയ് 7നും നടന്നുവെങ്കിലും ഈ സീറ്റിൽ ആരും പ്രവേശനം നേടിയില്ല. തുടർന്നാണു പിഴ നൽകാൻ നിർദേശിച്ചത്.