Advertisment

45 ദിവസമായി ഉറങ്ങിയിട്ട്, ഭക്ഷണം കഴിച്ചിട്ടില്ല, ഭാവിയെക്കുറിച്ച് ആശങ്കയാണ്, ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു; ജോലി സമ്മര്‍ദ്ദം വ്യക്തമാക്കി യുവാവിന്റെ കുറിപ്പ്, പിന്നാലെ മരിച്ച നിലയില്‍

ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവാവ് മരിച്ച നിലയില്‍

New Update
Tarun Saxena

ലഖ്‌നൗ: ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ നിലയില്‍. ഉത്തർപ്രദേശിലെ ഝാൻസിയിൽ ബജാജ് ഫിനാൻസിൽ ഏരിയ മാനേജരായി ജോലി ചെയ്തിരുന്ന തരുൺ സക്‌സേന(42)യാണ് ആത്മഹത്യ ചെയ്തത്. 

Advertisment

ടാര്‍ഗറ്റ് തികയ്ക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മാസമായി മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം നേരിടുകയാണെന്നും, ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് കുറിപ്പെഴുതിയതിന് ശേഷമാണ് തരുണ്‍ ജീവനൊടുക്കിയത്. ആരോപണങ്ങളോട് ബജാജ് ഫിനാൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഭാര്യയെയും രണ്ട് മക്കളെയും ഇയാൾ മറ്റൊരു മുറിയിൽ പൂട്ടിയിട്ടതിന് ശേഷമാണ് മരിച്ചത്. പരമാവധി ശ്രമിച്ചിട്ടും ടാര്‍ഗറ്റ് തികയ്ക്കാന്‍ കഴിയാത്തതിനാല്‍ കടുത്ത സമ്മര്‍ദ്ദം നേരിടുകയാണെന്ന് ഭാര്യയ്ക്ക് എഴുതിയ അഞ്ച് പേജുള്ള കുറിപ്പില്‍ തരുണ്‍ ചൂണ്ടിക്കാട്ടി.

ബജാജ് ഫിനാൻസ് ലോണുകളുടെ ഇഎംഐകൾ തൻ്റെ പ്രദേശത്ത് നിന്ന് പിരിച്ചെടുക്കാന്‍ തരുണിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ടാര്‍ഗറ്റ് തികയ്ക്കാനായില്ല. ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയിലായിരുന്നു യുവാവ്. മേലുദ്യോഗസ്ഥര്‍ അപമാനിച്ചെന്നും തരുണ്‍ കുറിപ്പില്‍ ആരോപിച്ചു.

"ഞാൻ ഭാവിയെക്കുറിച്ച് വളരെ ആശങ്കയിലാണ്‌. എനിക്ക് ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു. ഞാൻ പോകുന്നു. ഞാൻ 45 ദിവസമായി ഉറങ്ങിയിട്ടില്ല. ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. ഞാൻ വളരെയധികം സമ്മർദ്ദത്തിലാണ്. എന്ത് വിലകൊടുത്തും ടാര്‍ഗറ്റ് തികയ്ക്കണമെന്നും, അല്ലെങ്കില്‍ നിര്‍ത്തിപോകണമെന്നും പറഞ്ഞ് സീനിയര്‍ മാനേജര്‍മാര്‍ എന്നെ സമ്മർദ്ദത്തിലാക്കുന്നു"-യുവാവ് എഴുതി.

വർഷാവസാനം വരെയുള്ള കുട്ടികളുടെ സ്കൂൾ ഫീസ് അടച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും തരുൺ എഴുതി. മക്കളോട് നന്നായി പഠിക്കാനും അമ്മയെ പരിപാലിക്കാനും ആവശ്യപ്പെട്ടു. തൻ്റെ കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം ബന്ധുക്കളോട് ആവശ്യപ്പെട്ടു.

തന്നെ സമ്മര്‍ദ്ദത്തിലാക്കിയ മേലുദ്യോഗസ്ഥരുടെ പേരുകളും തരുണ്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കണമെന്നും യുവാവ് കുറിപ്പിലെഴുതി. കുടുംബത്തിൽ നിന്ന് പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന്‌ പൊലീസ് ഓഫീസർ വിനോദ് കുമാർ ഗൗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) 

 

Advertisment