തിരുനെൽവേലി: പശുവിന്റെ ആക്രമണത്തില്‍ റോഡിലേക്ക് വീണ ബൈക്ക് യാത്രികന്‍ ബസ് കയറിയിറങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. വേലായുധരാജ് (58) ആണ് മരിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ജോലിസംബന്ധമായി യാത്ര ചെയ്യുമ്പോഴാണ് കോടതി ജീവനക്കാരനായ വേലായുധരാജ് അപകടത്തില്‍പെട്ടത്. തെരുവിലൂടെ അലഞ്ഞു നടന്ന പശുക്കളില്‍ ഒരെണ്ണം ഓടിയെത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വേലായുധരാജ് ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. തൊട്ടുപിന്നാലെ എത്തിയ ബസ് ദേഹത്തുകൂടി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.
സംഭവത്തിന് പിന്നാലെ തിരുനെൽവേലി സിറ്റി കോർപ്പറേഷൻ നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന 47 കന്നുകാലികളെ പിടികൂടി. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളുടെ ഉടമകളിൽ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.