ന്യൂഡല്‍ഹി: റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത രണ്ട് ഇന്ത്യൻ പൗരന്മാർ റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷത്തിൽ അടുത്തിടെ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
"റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷത്തിൽ അടുത്തിടെ റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നു," മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്ന് റഷ്യന്‍ അധികാരികളോട് മോസ്‌കോയിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. റഷ്യയിൽ തൊഴിലവസരങ്ങൾ തേടുമ്പോൾ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
കഴിഞ്ഞ വർഷം മുതൽ പാചകക്കാരും സഹായികളും ഉൾപ്പെടെ 200 ഓളം ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യം സപ്പോർട്ട് സ്റ്റാഫായി നിയമിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.