ബിജെപിയുടെ വികസന പദ്ധതികള്‍ കാരണം ഇന്ത്യാ മുന്നണിക്ക് ഉറക്കമില്ലെന്ന് പ്രധാനമന്ത്രി; മോദിയെ തിരിച്ച് വീട്ടിലെത്തിക്കുന്നതു വരെ തങ്ങള്‍ ഉറങ്ങില്ലെന്ന് ഉദയനിധി

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയെയും ബി.ജെ.പിയെയും വീട്ടിലേക്ക് തിരിച്ചയക്കുന്നത് വരെ തങ്ങള്‍ക്ക് ഉറക്കമില്ലെന്ന് ഉദയനിധി

New Update
Udhayanidhi modi

ചെന്നൈ: ഇന്ത്യാ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഡി.എം.കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയെയും ബി.ജെ.പിയെയും വീട്ടിലേക്ക് തിരിച്ചയക്കുന്നത് വരെ തങ്ങള്‍ക്ക് ഉറക്കമില്ലെന്ന് ഉദയനിധി പറഞ്ഞു.

Advertisment

"ഡിഎംകെയ്ക്ക് ഉറങ്ങാൻ കഴിയുന്നില്ല എന്ന് പ്രധാനമന്ത്രി മോദി പറയുന്നു. അതെ, നിങ്ങളെ വീട്ടിലേക്ക് അയക്കുന്നതുവരെ ഞങ്ങളുടെ ഉറക്കം നഷ്ടപ്പെടും. ബിജെപിയെ തിരികെ വീട്ടിലേക്ക് എത്തിക്കുന്നതുവരെ ഞങ്ങള്‍ക്ക് ഉറക്കമില്ല. 2014 ൽ ഗ്യാസ് സിലിണ്ടറിന് 450 രൂപയായിരുന്നു, ഇപ്പോൾ അത് 1200 രൂപയായി. തിരഞ്ഞെടുപ്പ് വന്നതിന് ശേഷം പ്രധാനമന്ത്രി മോദി നാടകം കളിച്ച് 100 രൂപ കുറച്ചു. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും സിലിണ്ടറിന് 500 രൂപ വർധിപ്പിക്കും," ഉദയനിധി പറഞ്ഞു.

കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ മിഷോങ് ഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ മോദി തമിഴ്‌നാട് സന്ദർശിച്ചിട്ടില്ലെന്നും ഉദയനിധി കുറ്റപ്പെടുത്തി. വികസന പദ്ധതികൾ കണ്ട് കോൺഗ്രസിന്റെയും അതിന്റെ സഖ്യകക്ഷികളുടെയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് നേരത്തെ മോദി പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഉദയനിധി.