ലഖ്നൗ: ഹലാല്‍ മുദ്രണം ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ അടിയന്തര പ്രാബല്യത്തില്‍ നിരോധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ ഹലാല്‍ സാക്ഷ്യപ്പെടുത്തിയ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ ഉല്‍പാദനം, സംഭരണം, വിതരണം, വാങ്ങല്‍, വില്‍പന എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും എതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
അതേസമയം, കയറ്റുമതിക്കായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ബാധകമാകില്ല. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഒരു സമാന്തര സംവിധാനമാണെന്നും ഇത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു. ഭക്ഷ്യ നിയമ ഭക്ഷ്യ സുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് നിയമത്തിലെ സെക്ഷന്‍ 89 പ്രകാരം ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം തീരുമാനിക്കാനുള്ള അവകാശം പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 29 ല്‍ നല്‍കിയിരിക്കുന്ന അധികാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ ഉള്ളൂ. അവര്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നുവെന്നും ഉത്തരവില്‍ വ്യക്തമാക്കി.
മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയമങ്ങളില്‍ ലേബലുകളില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ അടയാളപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളൊന്നും ഇല്ലെങ്കിലും ചില മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 1940-ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ടിലും അതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ഹലാല്‍ സര്‍ട്ടിഫിക്കേഷനെക്കുറിച്ചൊന്നും പരാമര്‍ശിച്ചിട്ടില്ല. വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വില്‍പ്പന വര്‍ധിപ്പിക്കാന്‍ ആളുകളുടെ മതവികാരം മുതലെടുത്തെന്നാരോപിച്ച് ഒരു കമ്പനിക്കും മറ്റ് ചില സംഘടനകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ജമിയത്ത് ഉലമ-ഇ-ഹിന്ദ് ഹലാല്‍ ട്രസ്റ്റ് ഡല്‍ഹി, ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുംബൈ, ജമിയത്ത് ഉലമ മഹാരാഷ്ട്ര തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വില്‍പ്പന വര്‍ധിപ്പിക്കാന്‍ മതവികാരം മുതലെടുത്തെന്നാരോപിച്ചാണ് കേസെടുത്തത്. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത കമ്പനികളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുറയ്ക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് പരാതിക്കാരന്‍ ആശങ്ക ഉന്നയിച്ചു. ഇത് നിയമവിരുദ്ധമാണെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു.
ഈ കമ്പനികള്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി വിവിധ കമ്പനികള്‍ക്ക് വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി പരാതിയില്‍ പറയുന്നു. അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് ഹലാല്‍ ട്രസ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി.
പാലുല്‍പ്പന്നങ്ങള്‍, പഞ്ചസാര ബേക്കറി ഉല്‍പന്നങ്ങള്‍, കുരുമുളക് എണ്ണ, ഉപ്പിട്ട റെഡി-ടു ഈറ്റ് സാവറികള്‍, ഭക്ഷ്യ എണ്ണകള്‍ തുടങ്ങിയ ചില ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ലേബലുകളില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഫുഡ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ എന്നത് ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായി തയ്യാറാക്കിയ ഭക്ഷണമാണെന്നും മായം ചേര്‍ക്കാത്തതാണെന്നും ഉറപ്പ് നല്‍കുന്നു.