ഹരിയാനയിൽ മരണം ആറായി; സുരക്ഷ വർധിപ്പിച്ച് പൊലീസ്, 116 പേർ അറസ്റ്റിൽ

മരിച്ചവരിൽ ഒരു പുരോഹിതനും രണ്ട് ഹോം ഗാർഡുകളും ഉൾപ്പെടുന്നു. 70 പേർക്ക് പരിക്കേറ്റു.

New Update
hariyana111.jpg

ചണ്ഡീ​ഗഡ്: സംഘർഷാവസ്ഥ നിലനിൽക്കുന്ന ഹരിയാനയിൽ മരിച്ചവരുടെ എണ്ണം ആറായി. മരിച്ചവരിൽ ഒരു പുരോഹിതനും രണ്ട് ഹോം ഗാർഡുകളും ഉൾപ്പെടുന്നു. 70 പേർക്ക് പരിക്കേറ്റു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 116 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നുഹിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ നിരോധനാജ്ഞയും ഇൻ്റർനെറ്റ് നിരോധനവും തുടരുകയാണ്.

Advertisment

ജാഥയിലെ അംഗങ്ങളെ മാത്രമല്ല പൊലീസുകാരെയും ലക്ഷ്യമിട്ടാണ് അക്രമം അഴിച്ചുവിട്ടത്. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ വ്യക്തമാക്കി. ഹരിയാന മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി.

ഗുരുഗ്രാമിലെ പൽവൽ, ബാദ്ഷാപുർ, പട്ടൗഡി ചൗക്ക് എന്നിവിടങ്ങളിൽ കടകളും ഗോഡൗണുകളും അഗ്നിക്കിരയാക്കി. ആക്രമണം വ്യാപിക്കുന്നതിനാൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം കുപ്പിയിൽ നൽകുന്നത് നിരോധിച്ചിട്ടുണ്ട്. പ്രദേശത്ത് സായുധ പൊലീസ് സേന റൂട്ട് മാർച്ച് നടത്തി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുകയാണ്. സംഘർഷത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ ബജ്റം​ഗ്ദൾ പ്രതിഷേധം സംഘടിപ്പിച്ചു.

ഒളിവിൽ പോയ ഭിവാനി കൊലക്കേസിലെ മുഖ്യപ്രതിയും ബജ്‌റംഗ്ദൾ പ്രവർത്തകനുമായ മോനു മനേസർ, ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്രയിൽ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നതോടെയാണ് സംഘർഷമുണ്ടായത്. മോനു മനേസർ പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ടുളള ആക്ഷേപകരമായ വീഡിയോ പുറത്തുവന്നിരുന്നു. യാത്രയ്ക്കിടെ മേവാത്തിൽ തങ്ങുമെന്ന് മോനു മനേസർ പരസ്യമായി വീഡിയോയിലൂടെ വെല്ലുവിളിക്കുകയും ചെയ്തു.

ജുനൈദ്, നസീർ എന്നീ യുവാക്കളുടെ മരണവുമായി ബന്ധപ്പെട്ടതാണ് ഭിവാനി കേസ്. ഫെബ്രുവരിയിൽ ഹരിയാനയിലെ ഭിവാനി ജില്ലയിൽ വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ കേസിൽ ഒളിവിൽ കഴിയുകയാണ് മോനു മനേസർ.

hariyana
Advertisment