/sathyam/media/media_files/CMQbZlpCqpBtfo4tjHx2.jpg)
സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും വലിയ വല്ലുവിളിയായത് വെള്ളിയാഴ്ച അമേരിക്കന്‍-ആഗര്‍ ഡ്രില്ലിംഗ് മെഷീന്‍ ഒരു ലോഹ ഗര്‍ഡറില്‍ ഇടിച്ചതിനെ തുടര്‍ന്ന്. ഇതേതുടര്‍ന്ന് ഡ്രില്ലിംഗ് നിര്‍ത്തിവച്ചു. തൊഴിലാളികളെ രക്ഷിക്കാന്‍ വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് നടത്താന്‍ പദ്ധതിയിടുകയാണ് വിദഗ്ധര്‍. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഡ്രില്ലിംഗിനായുള്ള യന്ത്രം എത്തിക്കാന്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന് നിര്‍ദേശം നല്‍കി. മലമുകളിലേക്ക് എത്താന്‍ പുതുതായി നിര്‍മ്മിച്ച റോഡ് വഴി യന്ത്രം എത്തിക്കാനാണ് നിര്‍ദേശം. വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗിനായി 20 ഓളം തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട സാങ്കേതിക തടസ്സത്തിന് ശേഷം ഡ്രില്ലിംഗ് പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ തിരിച്ചടിയുണ്ടായത്.
തോഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയിട്ട് ഇന്നേക്ക് 14 ദിവസം പിന്നിട്ടു. രക്ഷാപ്രവര്‍ത്തനത്തിന് അമേരിക്കന്‍-ആഗര്‍ മെഷീന്‍ ഉപയോഗിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ളതാണ് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വെള്ളിയാഴ്ച സില്‍ക്യാര ടണല്‍ സൈറ്റില്‍ പരിശോധന നടത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്നും കുടുങ്ങിക്കിടക്കുന്ന 41 പേരെ പുറത്തെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പുനല്‍കി. അതേസമയം, രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിനുള്ള സമയക്രമം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടാക്കരുതെന്ന് എന്‍ഡിഎംഎ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ജനറല്‍ സയ്യിദ് അത് ഹസ്‌നൈന്‍ (റിട്ട) മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇതുവരെ തുരങ്കത്തിന്റെ 46.8 മീറ്റര്‍ വരെ തുരന്നിട്ടുണ്ട്. നിലവില്‍ തുരങ്കത്തിന് പുറത്ത് ആംബുലന്‍സുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാണ്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഡല്‍ഹിയില്‍ നിന്നുള്ള ഏഴ് വിദഗ്ധരുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച (നവംബര്‍ 21) കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്തേക്ക് എന്‍ഡോസ്‌കോപ്പിക് ഫ്ലെക്സി ക്യാമറ അയച്ചിരുന്നു. ഇത് കുടുങ്ങിയ 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ നല്‍കി. തൊഴിലാളികളുടെ എണ്ണമെടുക്കുന്ന ദൃശ്യങ്ങളാണ് അവ. തൊഴിലാളികളെ എണ്ണാനും തുരങ്കത്തിന്റെ ഉള്‍വശം മനസ്സിലാക്കാനും ഒരു ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രിയും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. വൈകുന്നേരം 6 മണിക്ക് ശേഷം തിരശ്ചീന ഡ്രില്ലിംഗ് വഴി 44 മീറ്റര്‍ വരെ എസ്‌കേപ്പ് പൈപ്പ് അവശിഷ്ടങ്ങളിലേക്ക് തിരുകിയപ്പോഴാണ് തടസ്സമുണ്ടായത്. മെഷീന്‍ വീണ്ടും ഉപയോഗിക്കുന്നതിനുള്ള ശ്രമം എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ തുടരുകയാണെന്ന് റെസ്‌ക്യൂ ഓഫീസര്‍ ഹര്‍പാല്‍ സിംഗ് അറിയിച്ചു. രാവിലെ എട്ട് മണിയോടെ തൊഴിലാളികളുടെ അടുത്തെത്താന്‍ കഴിയുമെന്നും രക്ഷിക്കാന്‍ കഴിയുമെന്നുമായിരുന്നു പ്രതീക്ഷ.
ബുധനാഴ്ച രാത്രി ഡ്രില്ലിങ് മെഷീന് തണുപ്പിക്കാന്‍ സമയം നല്‍കിയതിനാല്‍ ഇരുമ്പ് സ്ട്രക്ചറുകള്‍ ഗ്യാസ് കട്ടറുപയോഗിച്ച് മുറിക്കാനുള്ള ശ്രമം നടത്തി. ഇന്നലെ 6 മുതല്‍ 8 മീറ്റര്‍ വരെ ചുറ്റളവില്‍ അവശിഷ്ടങ്ങള്‍ മാറ്റാന്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ യന്ത്രം 57 മീറ്റര്‍ നീളമുള്ള അവശിഷ്ടങ്ങളിലൂടെ തുളച്ചുകയറേണ്ടി വന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉത്തരാഖണ്ഡിലെ ചിന്യാലിസൗറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ തൊഴിലാളികളുടെ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി 41 കിടക്കകളക്കം സജ്ജീകരിച്ചിട്ടുണ്ട്. 200 മണിക്കൂറിലേറെയായി തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷപ്പെടാനുള്ള പാത പൂര്‍ത്തിയാക്കാന്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ആറ് മീറ്റര്‍ വീതമുള്ള രണ്ട് പൈപ്പുകള്‍ കൂടി സ്ഥാപിക്കാനുണ്ടെന്ന് സില്‍ക്യാരയിലെ രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കുന്ന ജോസില ടണലിന്റെ പ്രോജക്ട് ഹെഡ് പറഞ്ഞു.
ആഗര്‍ ഡ്രില്ലിംഗ് മെഷീന്‍ ശരിയാക്കാന്‍ ഹെലികോപ്റ്ററില്‍ ഉത്തരകാശി തുരങ്കത്തിന് പുറത്തുള്ള രക്ഷാപ്രവര്‍ത്തന സ്ഥലത്ത് ഒരു യന്ത്രം കൊണ്ടുവന്നു. എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ സ്‌ട്രെച്ചറുകളില്‍ ബെയറിംഗുകളും വീലുകളും സ്ഥാപിക്കുകയാണ്. ഇതോടെ കുടുങ്ങിയ തൊഴിലാളികളെ സ്‌ട്രെച്ചറുകളില്‍ പുറത്തെത്തിക്കാനും നീളമുള്ള പൈപ്പുകളിലൂടെ ഇഴയുന്നത് ഒഴിവാക്കാനും കഴിയും.
ബുധനാഴ്ച എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ തുരങ്കത്തില്‍ പ്രവേശിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ആംബുലന്‍സുകള്‍ കൂടാതെ, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആരോഗ്യ പരിശോധനയ്ക്കായി ഡോക്ടര്‍മാരുടെ ഒരു സംഘത്തെ സജ്ജീകരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കാന്‍ എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ ഉത്തരകാശി ടണല്‍ സൈറ്റില്‍ ഓക്സിജന്‍ സിലിണ്ടറുകളെത്തിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us