ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ ജനതയുടെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സ്വന്തം പേരിൽ ബി.ജെ.പിക്ക് വേണ്ടി വോട്ട് തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ജനവിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.
"പൊതുജനങ്ങളുടെയും ജനാധിപത്യത്തിൻ്റെയും വിജയമാണ്. ഈ യുദ്ധം പൊതുജനങ്ങളും മോദിയും തമ്മിലാണെന്ന് ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങൾ ജനവിധി വിനീതമായി അംഗീകരിക്കുന്നു. ഇത്തവണ ഒരു പാർട്ടിക്കും പൊതുജനങ്ങൾ പൂർണ്ണ ഭൂരിപക്ഷം നൽകിയില്ല, പ്രത്യേകിച്ചും ഭരണകക്ഷിയായ ബിജെപിക്ക്. 'ഒരാൾ, ഒരു മുഖം' എന്ന അടിസ്ഥാനത്തിലാണ് വോട്ട് തേടിയത്. ഇത് അവരുടെ രാഷ്ട്രീയവും ധാർമികവുമായ പരാജയമാണ്," ഖാര്‍ഗെ പറഞ്ഞു.
ഇന്ത്യാ മുന്നണി 'വളരെ പ്രതികൂലമായ; അന്തരീക്ഷത്തിലാണ് പോരാടിയതെന്നും സർക്കാർ സംവിധാനങ്ങൾ ഓരോ ഘട്ടത്തിലും തടസ്സങ്ങൾ സൃഷ്ടിച്ചുവെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
തുടക്കം മുതൽ ഒടുക്കം വരെ കോൺഗ്രസിൻ്റെ പ്രചാരണം പോസിറ്റീവായിരുന്നു. പണപ്പെരുപ്പം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം തുടങ്ങിയ പ്രശ്നങ്ങൾ തങ്ങൾ ഉന്നയിച്ചു. മോദി നടത്തുന്ന പ്രചാരണം ചരിത്രത്തിൽ ഏറെക്കാലം ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
കോൺഗ്രസിൻ്റെ എല്ലാ തന്ത്രങ്ങളും താൻ വെളിപ്പെടുത്തില്ലെന്നായിരുന്നു പാര്‍ട്ടിയുടെ ഭാവി പദ്ധതികളെക്കുറിച്ച് വിശദീകരിക്കവെ ഖാര്‍ഗെ പറഞ്ഞത്. വെളിപ്പെടുത്തിയാല്‍ മോദി അതിനെക്കുറിച്ച് മനസിലാക്കുമെന്നായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
ഭൂരിപക്ഷം നേടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യാ മുന്നണിയിലെ മറ്റ് പാര്‍ട്ടികളുമായും, മുന്നണിയിലേക്ക് പുതിയതായി വരുന്ന പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ മുന്നണിയിലേക്ക് പുതിയ പാര്‍ട്ടികള്‍ എത്തിയേക്കുമെന്നുള്ള സൂചനകളാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഈ പരാമര്‍ശത്തില്‍ വ്യക്തമാക്കുന്നത്.