/sathyam/media/media_files/5YfmMZqiq0wAjtdQRXtF.jpg)
മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ ഇന്ത്യാ മുന്നണി പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
"ഞങ്ങൾക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിരവധി സ്ഥാനാർത്ഥികളുണ്ട്. എന്നാൽ ബിജെപിയുടെ കാര്യമോ ? ഫലം പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ സഖ്യം തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും", എന്നായിരുന്നു വസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തിന്റെ വാക്കുകള്‍.
പ്രതിപക്ഷ ബ്ലോക്കിലെ എല്ലാ നേതാക്കളും ഡൽഹിയിൽ യോഗം ചേരുമെന്നും പ്രഖ്യാപനം അവിടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ 17 പരാതികള്‍ അറിയിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ തിരഞ്ഞെടുപ്പ് കമ്മീഷനും ധ്യാനത്തിലാണോയെന്നും അദ്ദേഹം ചോദിച്ചു.
വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്തുടനീളമുള്ള നിരവധി കളക്ടർമാരെ വിളിച്ചിരുന്നു എന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിൻ്റെ ആരോപണം ഗൗരവതരമെന്നും അദ്ദേഹം പ്രതികരിച്ചു. ഇതില്‍ 12 കളക്ടര്‍മാര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണെന്നും, അത് തങ്ങള്‍ കണ്ടെത്തിയെന്നും റാവത്ത് പ്രതികരിച്ചു.