ചൈനയില്‍ നിന്ന് ആശങ്ക ഉയര്‍ത്തി പുതിയ വൈറസുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചൈനയിലെ ഫാമുകളിലെ (fur farms) ചില മൃഗങ്ങളില്‍ 125 വൈറസുകളോളമാണ് കണ്ടെത്തിയത്. ഇതില്‍ ചിലത് മനുഷ്യരെ ബാധിക്കാമെന്നതും ആശങ്ക ഉയര്‍ത്തുന്നു.
ചൈനീസ് ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഇത്തരം ഫാമുകളുമായി വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷണം നടത്തണെന്ന് വൈറോളജിസ്റ്റ് എഡ്വേര്‍ഡ് ഹോംസ് പറഞ്ഞു.
കണ്ടുപിടിച്ചതില്‍ ഇതുവരെ തിരിച്ചറിയപ്പെടാത്ത 36 വൈറസുകള്‍ ഉള്‍പ്പെടുന്നു. 125 വൈറസുകളില്‍ 39 എണ്ണമാണ് ഏറ്റവും അപകടസാധ്യതയുള്ളതായി വിലയിരുത്തുന്നത്. ഇത് മനുഷ്യനെ ബാധിക്കാനും സാധ്യതയുണ്ടത്രേ.
2021നും 2024നും ഇടയില്‍ 461 മൃഗങ്ങളിലാണ് പഠനം നടത്തിയത്. നേച്ചര്‍ ജേണലില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫാമുകളിലെ മിങ്കുകൾ, കുറുക്കന്മാർ, റാക്കൂൺ നായ്ക്കൾ, മുയലുകൾ തുടങ്ങിയവയിലാണ് പഠനം നടത്തിയത്. 50 ഓളം വന്യമൃഗങ്ങളെയും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ടെത്തിയ വൈറസുകളിൽ ഹെപ്പറ്റൈറ്റിസ് ഇ, ജാപ്പനീസ് എൻസെഫലൈറ്റിസ് എന്നിവയടക്കം പരിചിതമായ വൈറസുകളും ഉള്‍പ്പെടുന്നു.
വൈറസ് വ്യാപനത്തിന് കാരണമാകുന്ന ഫര്‍ ഫാമിംഗ് ഇന്‍ഡസ്ട്രി(fur farming industry)യെക്കുറിച്ച് എഡ്വേർഡ് ഹോംസ് ആശങ്ക പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള ഫാമിംഗ് വ്യവസായം അടച്ചുപൂട്ടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയില്‍ വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനുള്ള നിരീക്ഷണങ്ങളും, നടപടികളും ശക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പഠനത്തിൽ കണ്ടെത്തിയ വൈറസുകളിലൊന്ന് 'പിപിസ്ട്രെല്ലസ് ബാറ്റ് എച്ച്‌കെയു5' പോലുള്ള വൈറസ് ആയിരുന്നു. മുമ്പ് വവ്വാലുകളിൽ കണ്ടെത്തിയിരുന്ന ഈ വൈറസ് ഇപ്പോൾ ഫാമിലെ രണ്ട് മിങ്കുകളുടെ ശ്വാസകോശത്തിൽ കണ്ടെത്തി.
മനുഷ്യർക്ക് മാരകമായേക്കാവുന്ന മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസുമായി (MERS) ഈ വൈറസിന് ബന്ധമുണ്ട്. ഈ വൈറസ് വവ്വാലുകളില്‍ നിന്നാണ് മിങ്കിലേക്ക് എത്തിയതെന്നും, ഇതില്‍ പ്രത്യേക നിരീക്ഷണം ആവശ്യമാണെന്നും ഹോംസ് മുന്നറിയിപ്പ് നല്‍കി.
മൃഗങ്ങൾക്കും മനുഷ്യർക്കും ഇടയിൽ വൈറസ് പകരുന്നതിനുള്ള വഴികളായി ഇത്തരം ഫാമുകൾ പ്രവർത്തിക്കാനുള്ള സാധ്യതയെക്കുറിച്ച് പഠനം വിശദീകരിക്കുന്നു. ഗിനിപ്പന്നികൾ, മിങ്കുകൾ, മസ്‌ക്രാറ്റുകൾ തുടങ്ങിയ മൃഗങ്ങളിൽ പല തരത്തിലുള്ള പക്ഷിപ്പനിയുടെ തെളിവുകൾ ഗവേഷകർ കണ്ടെത്തി.
ഈ മൃഗങ്ങളിൽ ഏഴ് തരം കൊറോണ വൈറസുകളും ടീം കണ്ടെത്തി. എന്നാല്‍ ഇവയ്‌ക്കൊന്നും കോവിഡ്-19 ന് കാരണമായ സാഴ്‌സ് കോവ് 2 വൈറസുമായി അടുത്ത ബന്ധമില്ല.
റാക്കൂൺ നായ്ക്കളും മിങ്കും ഏറ്റവും കൂടുതൽ അപകടകാരികളായ വൈറസുകൾ വഹിക്കുന്നതായി പഠനം കണ്ടെത്തി. ഇത്തരം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അണുബാധയുണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.