/sathyam/media/media_files/2024/11/19/rTjWRdWos34guxtm1ioB.jpg)
അമേരിക്ക : അമേരിക്കയിലെ ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശ്രദ്ധേയ സൗത്ത് ഏഷ്യന്‍ സാംസ്‌കാരിക സംഘടനയായ ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക (എഎല്‍എ)യുടെ പ്രഥമ തീയേട്രോണ്‍ പുരസ്‌കാരം നാടക - ചലച്ചിത്ര സംവിധായകനും, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂരിന്.
ലോക ക്ലാസ്സിക്കുകളിലേയും ഇന്ത്യന്‍ സാഹിത്യത്തിലേയും വിഖ്യാത കൃതികള്‍ക്ക് പുതിയ കാലത്തിന്റെ രംഗഭാഷകളിലൂടെ ഒരുക്കിയ സര്‍ഗ്ഗസംഭാവനകളും ജനകീയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും പരിഗണിച്ചുള്ളതാണ് അന്‍പതിനായിരം രൂപയും ഫലകവും, പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം.
അമേരിക്കയിലെ സിയാറ്റിനിലെ കൗണ്ടി കോളേജ് ഓഫ് മോറീസില്‍ 23 ന് നടക്കുന്ന ആര്‍ട്ട് ആന്‍ഡ് ലിറ്റററി ഫെസ്റ്റ് സമാപന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പ്രകാശ് ഗുപ്ത പുരസ്‌കാരം സമ്മാനിക്കും.
അന്തര്‍ ദേശീയ സാഹിത്യ സാംസ്‌കാരിക പ്രതിഭകള്‍ പങ്കെടുക്കുന്ന സമാപന സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും, ഡോ.സുനില്‍ പി. ഇളയിടവും പങ്കെടുക്കുമെന്ന് അല പ്രസിഡന്റ് ഐപ്പ് സി വര്‍ഗീസ് പരിമണം, സെക്രട്ടറി റീന ബാബു, ആര്‍ട്ട് ആന്‍ഡ് ലിറ്റററി ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ കിരണ്‍ ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.