Advertisment

അന്ന് ഐഎസ്ആര്‍ഒയെ പരിഹസിച്ചു, ഇന്ന് പ്രശംസ; വാര്‍ത്തകളിലിടം പിടിച്ച് പാകിസ്ഥാന്‍ മുന്‍ മന്ത്രി

ഇമ്രാന്‍ ഖാന്റെ സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു ഫവാദ് ഹുസൈന്‍ ചൗധരി.

New Update
fawad husain choudhary

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ -3നെ പ്രശംസിച്ച് പാക് മുന്‍ മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരി. ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങിനെ മനുഷ്യരാശിയുടെ ചരിത്ര നിമിഷമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ചന്ദ്രനിലേക്കുള്ള ലാന്‍ഡിംഗ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് അദ്ദേഹം പാക് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇമ്രാന്‍ ഖാന്റെ സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു ഫവാദ് ഹുസൈന്‍ ചൗധരി.

Advertisment

നേരത്തെ ചന്ദ്രയാന്‍ 2നെ പരിഹസിച്ച് വാര്‍ത്തകളിലിടം പിടിച്ച ഫവാദ് ചൗധരി ഇത്തവണ അഭിനന്ദനങ്ങളുമായി എത്തിയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹത്തിന്റെ പ്രശംസ. അദ്ദേഹം ജൂലൈ 14 നും ഐഎസ്ആര്‍ഒയെ അഭിനന്ദിച്ചിരുന്നു. ചന്ദ്രയാന്‍-3ന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. 

ജൂലൈ 14ന് ചന്ദ്രയാന്‍-3 വിക്ഷേപിച്ചപ്പോഴും ഫവാദ് ഹുസൈന്‍ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ചിരുന്നു. 'ചന്ദ്രയാന്‍ -3 ന്റെ വിജയകരമായ വിക്ഷേപണത്തിന് ഇന്ത്യന്‍ ബഹിരാകാശ, ശാസ്ത്ര സമൂഹത്തിന് അഭിനന്ദനങ്ങളും ആശംസകളും', എന്നായിരുന്നു ട്വീറ്റ്.

'ചന്ദ്രയാന്‍ -3 ന്റെ ചന്ദ്രനിലിറങ്ങുന്നത് നാളെ വൈകുന്നേരം 6:15 ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ തത്സമയം കാണിക്കണം. മുഴുവന്‍ മനുഷ്യരാശിക്കും ഇതൊരു ചരിത്ര നിമിഷമാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ബഹിരാകാശ സമൂഹത്തിനും.. ഒരുപാട് അഭിനന്ദനങ്ങള്‍.', അദ്ദേഹം എക്‌സില്‍ കുറിച്ചു. 

ചന്ദ്രയാന്‍-2ന്റെ വിക്ഷേപണത്തിന് പിന്നാലെ  ഫവാദ് ചൗധരി ഐഎസ്ആര്‍ഒയെ പരിഹസിച്ചത് വലിയ ചർച്ചയായിരുന്നു. 2019-ല്‍ ചന്ദ്രയാന്‍-2 ന് 900 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ഈ ബജറ്റിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് മോദിയെ ലക്ഷ്യമിട്ടായിരുന്നു ചൗധരിയുടെ പരിഹാസം. അജ്ഞാതമായ ഒരു പ്രദേശത്തിനായി ഇത്രയധികം ബജറ്റ് ചെലവഴിക്കുന്നത് ബുദ്ധിയല്ലെന്നായിരുന്നു പ്രസ്താവന. 

അന്ന് ചന്ദ്രയാന്‍-2 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിനിടെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം ഐഎസ്ആര്‍ഒയ്ക്ക് നഷ്ടമായി. ഇതിന് പിന്നാലെയാണ് ഐഎസ്ആര്‍ഒയെയും ഇന്ത്യയെയും പരിഹസിച്ച് മുന്‍ മന്ത്രി രംഗത്തെത്തിയത്. 'പരിജയപ്പെട്ട ഇന്ത്യ' എന്ന ഹാഷ്ടാഗ് പങ്കുവെച്ചായിരുന്നു പരിഹാസം. 2019-ല്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെ വെച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം ചന്ദ്രയാന് നഷ്ടപ്പെട്ടത്. പിന്നീട് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ പതിച്ചതായി നാസ സ്ഥിരീകരിക്കുകയും ചെയ്തു.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ ബഹിരാകാശത്ത് ചരിത്രം സൃഷ്ടിക്കാന്‍ ഇനി ഏതാനും ചുവടുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ചന്ദ്രയാന്‍-3 ഇന്ന് വൈകിട്ട് 5.45ന് ചന്ദ്രനിലേക്ക് നീങ്ങാന്‍ തുടങ്ങും. വൈകിട്ട് 6.4ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് പ്രഖ്യാപനം. നിലവില്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡിംഗിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് വിക്രം ലാന്‍ഡര്‍.

വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് വിജയിച്ചാല്‍ റോവര്‍ പ്രഗ്യാന്‍ അതില്‍ നിന്ന് ഇറങ്ങി 500 മീറ്ററോളം പ്രദേശത്ത് നടന്ന് അവിടെയുള്ള വെള്ളത്തെയും അന്തരീക്ഷത്തെയും കുറിച്ച് ഐഎസ്ആര്‍ഒയ്ക്ക് വിവരങ്ങള്‍ കൈമാറും. ചന്ദ്രനിലെ ഒരു ദിവസം ഭൂമിയിലെ 14 ദിവസത്തിന് തുല്യമാണ്. ഇക്കാരണത്താല്‍, ചന്ദ്രയാന്‍-3 ദൗത്യം 14 ദിവസം ചന്ദ്രോപരിതലത്തില്‍ ഗവേഷണം നടത്തും.

എല്ലാം ഐഎസ്ആര്‍ഒയുടെ പദ്ധതി അനുസരിച്ച് നടക്കുകയും ചന്ദ്രയാന്‍-3 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങുകയും ചെയ്താല്‍, അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

1966 ജൂണ്‍ 2 നും 1972 ഡിസംബര്‍ 11 നും ഇടയില്‍ അമേരിക്ക 11 തവണ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി. സര്‍വേയര്‍ ബഹിരാകാശ പേടകത്തിന്റെ അഞ്ച് ദൗത്യങ്ങളും അപ്പോളോ ബഹിരാകാശ പേടകത്തിന്റെ ആറ് ദൗത്യങ്ങളും ഉണ്ടായിരുന്നു.ഇതിന് കീഴിലാണ് നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ ആദ്യ ചുവടുവെച്ചത്. ഇതിന് പിന്നാലെ 21 അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ കൂടി ചന്ദ്രനില്‍ കാലുകുത്തി.1966 മെയ് 20 ന് അമേരിക്കയുടെ ആദ്യത്തെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങി.

റഷ്യ (അന്നത്തെ സോവിയറ്റ് യൂണിയന്‍) ഫെബ്രുവരി 3, 1966 നും ഓഗസ്റ്റ് 19, 1976 നും ഇടയില്‍ ചന്ദ്രനില്‍ എട്ട് സോഫ്റ്റ് ലാന്‍ഡിംഗുകള്‍ നടത്തി. ലൂണ ദൗത്യത്തിന് കീഴിലാണ് റഷ്യ ചന്ദ്രനില്‍ കാലുകുത്തിയത്. എന്നിരുന്നാലും, റഷ്യയ്ക്ക് ഒരിക്കലും തങ്ങളുടെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനില്‍ ഇറക്കാന്‍ കഴിഞ്ഞില്ല.1966 ഫെബ്രുവരി 3 ന് ചന്ദ്രനില്‍ ഇറങ്ങിയ ആദ്യത്തെ ദൗത്യമായിരുന്നു ലൂണ-9. ലൂണയുടെ രണ്ട് ദൗത്യങ്ങള്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവന്നു.

isro chandrayan 3 fawad husain choudhary
Advertisment