ദമാസ്‌കസ്: സിറിയൻ തലസ്ഥാനമായ ദമാസ്‌കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ആക്രമണം. ഇസ്രായേല്‍ വ്യോമാക്രണം നടത്തുകയായിരുന്നുവെന്ന് സിറിയൻ, ഇറാനിയൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. എത്രപേര്‍ മരിച്ചുവെന്ന് വ്യക്തമല്ല. അഞ്ചു പേരാണ് കൊല്ലപ്പെട്ടതെന്ന് സൂചനയുണ്ട്.
മരിച്ചവരിൽ ഒരാൾ ഇറാനിലെ റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിലെ (ഐആർജിസി) സീനിയർ കമാൻഡറായ മുഹമ്മദ് റെസ സഹേദിയാണെന്ന് ലെബനീസ് സുരക്ഷാ സ്രോതസ്സ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. നിരവധി ഇറാനിയൻ നയതന്ത്രജ്ഞർ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി ഇറാൻ്റെ തസ്നിം വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ സന സ്റ്റേറ്റ് ന്യൂസ് ഏജൻസിയുടെ റിപ്പോര്‍ട്ടില്‍ എത്ര പേര്‍ മരിച്ചുവെന്നും, പരിക്കേറ്റവര്‍ എത്രയെന്നും വ്യക്തമാക്കിയിട്ടില്ല.