കെ.പി. ശർമ ഓലി നേപ്പാൾ പ്രധാനമന്ത്രി; ആശംസയറിയിച്ച് നരേന്ദ്ര മോദി

കെ.പി.ശർമ ഓലിയെ പ്രസിഡന്റ് റാം ചന്ദ്ര പൗഡേൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയായി അംഗീകരിച്ചിരുന്നു

author-image
shafeek cm
New Update
kp sarma oli

കഠ്മണ്ഡു: നാലാം തവണയും നേപ്പാൾ പ്രധാനമന്ത്രിയായി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കെ.പി. ശർമ ഓലി അധികാരമേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിക്കു കാഠ്മണ്ഡുവിലെ രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടമായ ശീതൽ നിവാസില്‍ നടന്ന ചടങ്ങിലാണു ശർമ ഓലി നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോൺഗ്രസിന്റെ പിന്തുണയോടെയാണു നേപ്പാൾ യൂണിഫൈഡ് മാ‍ർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ–യുഎംഎൽ) അധ്യക്ഷനായ ശർമ ഓലി പ്രധാനമന്ത്രിയാകുന്നത്.

Advertisment

കെ.പി.ശർമ ഓലിയെ പ്രസിഡന്റ് റാം ചന്ദ്ര പൗഡേൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയായി അംഗീകരിച്ചിരുന്നു. ഓലിയുടെ പാർട്ടിയും നേപ്പാളി കോൺഗ്രസും അടങ്ങുന്ന സഖ്യത്തിന് 193 എംപിമാരുടെ പിന്തുണയാണ് ഉള്ളത്. വെള്ളിയാഴ്ച നടന്ന വിശ്വാസവോട്ടിൽ പുഷ്പ കമാൽ ദഹൽ (പ്രചണ്ഡ) സർക്കാർ പരാജയപ്പെട്ടതിനു പിന്നാലെയാണ് കെ.പി. ഓലി അധികാരമുറപ്പിച്ചത്. 275 അംഗ പാർലമെന്റിൽ 63 പേർ മാത്രമേ പ്രചണ്ഡയെ പിന്തുണച്ചുള്ളൂ. 194 പേർ പ്രമേയത്തെ എതിർത്തു വോട്ട് ചെയ്തു.

അതേസമയം നേപ്പാൾ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ കെ.പി. ഓലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ബന്ധവും കൂടുതൽ ശക്തിപ്പെടുമെന്നും പരസ്പര സഹകരണത്തോടെ മേഖലയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി എക്‌സിൽ കുറിച്ചു. കെ.പി.ഒലിയെ അഭിനന്ദിച്ച് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രംഗത്തെത്തി.

narendra modi
Advertisment