/sathyam/media/media_files/ibmZLuWvE73ZchAzxOnF.jpg)
കോട്ടയം: ഇന്ന് ജൂലൈ 16, ലോക പാമ്പ് ദിനാചരണ ദിവസം.
സംസ്ഥാനത്ത് 2019 മുതൽ 2024 തുടക്കം വരെ പാമ്പുകടിയേറ്റു മരിച്ചത് 287 പേർ. ഇക്കാലയളവിൽ ഉണ്ടായ വന്യമൃഗ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 496 ആണെന്നിരിക്കെയാണ് അതിൽ പാതിയോളം പാമ്പുകടിയേറ്റുള്ള മരണമാണെന്നത് ഏവരെയും ഞ്ഞെട്ടിപ്പിക്കുന്നതാണ്. ഇക്കാലയളവിൽ സംസ്ഥാനത്ത് 3911 പേർ പാമ്പുകടിയേറ്റ് ചികിത്സ തേടുകയും ചെയ്തു. 2023- 24 വർഷത്തിലാണ് ഏറ്റവും കൂടുൽ പേർ പാമ്പുകടിയേറ്റ് ചികിത്സ തേടിയത്. 1178 പേർ.
ഇന്ത്യയിലും, അതേ പോലെ കേരളത്തിലും വന്യമൃഗാക്രമണങ്ങളിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് വലിയ മൃഗങ്ങളായ ആനയോ, കടുവയോ മൂലമല്ല. മറിച്ച് പാമ്പുകടിയേറ്റാണ്.
വലിയ മൃഗങ്ങൾക്ക് വിശാലമായ, തുടർച്ചയുള്ള കാടുകൾ നിലനിൽപ്പിന് ആവശ്യമായി വരുമ്പോൾ, പാമ്പുകൾക്ക് പറമ്പിലെ മാളങ്ങളോ, മതിലിലെ വിടവോ, പാറക്കൂട്ടങ്ങളിലെയോ, കൽക്കൂനകളിലെ തണുപ്പോ ഒക്കെ മതിയാകും. നമ്മുടെ വീടും പരിസരവും കരുതലോടെ വൃത്തിയായി സൂക്ഷിക്കുന്നതു വഴിയും, പറമ്പിലും മറ്റും പണിയെടുക്കുമ്പോൾ കൈയുറകളും ബൂട്ട്സുമൊക്കെ ധരിക്കുന്നത് വഴിയും, സൂക്ഷ്മതയോടെയുള്ള, പ്രത്യേകിച്ചു രാത്രകാലങ്ങളിലെ, സഞ്ചാരത്തിലൂടെയുമൊക്കെ, പാമ്പുകളുമായുള്ള സംഘർഷം ഒരു വലിയ പരിധി വരെ ഒഴിവാക്കാനാകുന്നതാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ഇതൊക്കെയാണെങ്കിലും പാമ്പുകടിയേൽക്കുന്ന അവസ്ഥകളിൽ വെപ്രാളപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ, പാമ്പിനെ കണ്ടെത്തി കൊല്ലുന്നത് പരിഹാരമല്ലെന്നു മാത്രമല്ല, കുറ്റകരവുമാണ്. ഭക്ഷ്യശൃംഖലയിൽ പാമ്പിന്റെ സ്ഥാനവും, അവ ഭക്ഷണമാക്കുന്ന എലികളുടെ എണ്ണവും അത് നമ്മുടെ കൃഷിക്കുണ്ടാകുന്ന നേട്ടവുമൊന്നും പാമ്പുകടിയേറ്റ് തളർന്നവശരായിരിക്കുന്ന ആളോട് പറയേണ്ടതല്ല, പക്ഷെ സമൂഹം അറിയേണ്ടതാണ്. കൃഷി സംരക്ഷിക്കുന്നതോടൊപ്പം, പ്ലേഗുപോലെ പല സാംക്രമിക രോഗങ്ങൾ ഒഴിവാക്കുന്നതിലും പാമ്പുകൾ പ്രധാനികളാണ്. കാൻസർ പ്രതിരോധവും ചികിത്സയുമുൾപ്പെടെയുള്ള പല മെഡിക്കൽ ഗവേഷണങ്ങളിലും പാമ്പിൻ വിഷം ഒരു പ്രധാന ഘടകമാണ്. കൂടാതെ പാമ്പിൻ മുട്ടയും പാമ്പുകളുമൊക്കെ മറ്റ് പല ജീവികളുടെ ഭക്ഷണവുമാണ്. ചുരുക്കത്തിൽ അവരും ഭുമിയുടെ അവകാശികളാണ്.
പാമ്പുകടിയേറ്റെന്ന് ഉറപ്പായാൽ ഏതിനം പാമ്പ് എന്ന് മനസിലാക്കുന്നതിൽ തെറ്റില്ല. പക്ഷേ, അതിനായി സമയം പാഴാക്കി കടിയേറ്റയാൾക്ക് ചികിത്സ വൈകാൻ പാടില്ല. ഏറ്റവും അടുത്ത ആൻ്റീ സ്നേക്ക് വെനം ലഭ്യമായ ആശുപത്രിയിൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്. ചികിത്സയെന്നോ പരിഹാരമെന്നോ പറഞ്ഞുകേൾക്കുന്ന ഒരു നാട്ടുവൈദ്യവും പാമ്പുകടിയുടെ കാര്യത്തിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പിന്നെ അങ്ങനെയുള്ള ഘട്ടങ്ങളിൽ മരണം സംഭവിക്കാത്തതിന് ഒരൊറ്റ കാരണമേയുള്ളൂ. കടിച്ചത് ഏതെങ്കിലും വിഷമില്ലാത്ത പാമ്പാകാം, അല്ലെങ്കിൽ കടിയിലൂടെ മതിയായ അളവിൽ വിഷം ശരീരത്തിൽ കടന്നിട്ടില്ലാത്തതുമാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
പാമ്പുകടിയേൽക്കുമ്പോഴും, എന്തിന് പറമ്പിലോ, പൊതുയിടങ്ങളിലോ ഒക്കെ വെറുതെ കാണുമ്പോൾ പോലും ഭീതിയോടെയും വെറുപ്പോടെയും പാമ്പുകളെ തല്ലിക്കൊല്ലാറായിരുന്നു മുൻകാലങ്ങളിലെ പതിവ്. ആനയ്ക്കും കടുവയ്ക്കുമൊപ്പം സംരക്ഷണ പ്രാധാന്യമുള്ളവയാണ് മൂർഖനും രാജവെമ്പാലയും പെരുമ്പാമ്പുമൊക്കെ. പലപ്പോഴും സ്നേക്ക് റെസ്ക്യൂവർമാരുടെ ഇടപെടൽ മൂലം വളരെയധികം പാമ്പുകളെ പിടികൂടി രക്ഷിക്കാനും മറ്റ് ഇടങ്ങളിലേക്ക് തുറന്നുവിടാനും ഇതിനോടകം സാധിച്ചിട്ടുമുണ്ട്. ചിലപ്പോഴൊക്കെ ഇവരിൽ ചിലർ കൈവിട്ട കളിയിലൂടെ അപകടവും വിളിച്ചു വരുത്തിയിട്ടുണ്ട്.
കേരളത്തിലാകെയുള്ള ഏതാണ്ട് നൂറിനം പാമ്പുകളിൽ നാലിനത്തിനു മാത്രമേ ഭയപ്പെടേണ്ടത്ര വിഷമുള്ളു. മൂർഖൻ , രാജവെമ്പാല, വെള്ളികെട്ടൻ/ശംഖുവരയൻ, അണലി എന്നീ ഇനങ്ങളാണ് നമ്മുടെ നാട്ടിലെ വിഷമുള്ള പാമ്പുകൾ. ഇതിൽത്തന്നെ രാജവെമ്പാല വന്യആവാസ മേഖലകളിലാണ് സാധാരണ കണ്ടു വരുന്നത്. ഈ വിഷപ്പാമ്പുകളെ കൃത്യമായി തിരിച്ചറിയാനായാൽ ഇതുമായി ബന്ധപ്പെട്ട ലഘൂകരിക്കാനോ സാധിക്കും.
പാമ്പുകളെക്കുറിച്ചു അവബോധമുണ്ടാക്കാനും പാമ്പുകടിമൂലമുള്ള അപകടങ്ങൾ കുറയ്ക്കാനും പാമ്പുകളെ ശാസ്ത്രീയമായും അപകടരഹിതമായും പിടികൂടി സ്വാഭാവിക ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു രക്ഷിക്കുന്നതിനുമായാണ് വനം വകുപ്പ് പാമ്പുപിടുത്തത്തിന് 2020 ഓഗസ്റ്റിൽ പരിശീലനം നൽകിയിരുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കിയവരെ സർട്ടിഫൈസ് സ്നേക്ക് റെസ്ക്യൂവറായി അംഗീകരിച്ചതും 2020 SARPA (Snake Awareness Rescue & Protection App) നൽകിയതും. ഓരോ ജില്ലയിലെയും
സർട്ടിഫൈസ് സ്നേക്ക് റെസ്ക്യൂവർ മാരുടെ വിവരങ്ങളും പാമ്പിനങ്ങളെ തിരിച്ചറിയുന്നതിനുള്ള സൂചനകളും ചികിത്സ ലഭ്യമായ ആശുപത്രികളെ സംബന്ധിച്ച വിവരങ്ങളുമൊക്കെ ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള ഈ ആപ്പിൽ ലഭ്യമാണ്.
ഇതുവരെ 34727 പേർ സർപ്പ ( SARPA ) ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചു വരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 732 അംഗീകൃത റെസ്ക്യുവർമാർ സർപ്പ ടീം ആയി പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ ഇപ്പോഴും ഇങ്ങനെയൊരു ആപ്പിനെക്കുറിച്ചോ പാമ്പുകടിയേറ്റാൽ തുടർപരിചരണം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചോ കൂടുതലറിയാത്തവർ ധാരാളമുണ്ട്. സർപ്പ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിനും അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ തയ്യാറാവുന്നതിനും കഴിയുന്നത്ര ആളുകളിലേക്ക് ഈ വിവരങ്ങൾ എത്തിക്കുന്നതിനും ലോക പാമ്പ് ദിനാചരണം തുടക്കമാവട്ടെ.
പാമ്പുകടിയേറ്റാൽ ചെയ്യേണ്ടത്
- വെപ്രാളപ്പെടാതെ ശാന്തരായിരിക്കുക.
- കടിയേറ്റ ഭാഗം സോപ്പും വെള്ളവുമുപയോഗിച്ചു കഴുകുക.
- ആയാസരഹിതമായ നിലയിൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യുക.
- ശരീരത്തിൽ നിന്നും ഇറുകിച്ചേർന്ന ബെൽറ്റ്, വാച്ച്, മോതിരം തുടങ്ങിയവ ഊരിമാറ്റക.
- മുറിവ് വൃത്തിയായി മൂടിക്കെട്ടുക.
- കടിച്ച പാമ്പിന്റെ ഇനം തിരിച്ചറിയുന്നതിനായി കഴിയുമെങ്കിൽ ഒരു ഫോട്ടോ എടുക്കുക.
- ലക്ഷണങ്ങൾക്കായി കാത്തിരിക്കാതെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി ചികിത്സ തേടുക.
ചെയ്യാൻ പാടില്ലാത്തത്
- അംഗീകൃത റെസ്ക്യുവർമാർ അല്ലാത്തവർ പാമ്പുകളെ പിടികൂടരുത്.
- മുറിഭാഗം കെട്ടുകയോ, മുറിക്കുകയോ ചെയ്യരുത്.
- മുറിവേറ്റ ഭാഗത്ത് നിന്ന് വിഷം വലിച്ച് കുടിക്കാൻ ശ്രമിക്കരുത്.
- മുറിഭാഗത്ത് ഐസ് വയ്ക്കുകയോ, വെള്ളത്തിൽ മുക്കി വയ്ക്കുകയോ അരുത്.
- വേദനസംഹാരികൾ കഴിക്കരുത്.
- നാട്ടു ചികിത്സക്ക് മുതിരരുത്.