നോവായി വയനാട്; ദുരന്തത്തിൽ 330 മരണം

മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷൻ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

author-image
shafeek cm
New Update
wayanad landslide

യനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ 330 മരണം. ഇന്ന് നിലമ്പൂരിൽ നിന്നും 5 മൃതദേഹങ്ങളും മേപ്പാടിയിൽ നിന്ന് ആറ് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഇപ്പോഴും 284 പേര് കാണാമറയത്താണ്. ദുരന്തത്തിൽപ്പെട്ട മനുഷ്യരുടെ 12 ശരീരഭാഗങ്ങളും രക്ഷാപ്രവർത്തകർ കണ്ടെടുത്തിട്ടുണ്ട്. 133 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുള്ളത്. 181 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി.

Advertisment

തിരിച്ചറിയാത്ത ഭൗതികശരീരങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്‌കരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കൈമാറി നടപടികൾ പൂർത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷൻ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആറ് സോണുകളിലാണ് ഇന്നത്തെ തിരച്ചിൽ നടക്കുന്നത്. അട്ടമല ആറൻമല പ്രദേശമാണ് ആദ്യ സോൺ. മുണ്ടക്കൈ സോൺ രണ്ടും പുഞ്ചിരിമട്ടം സോൺ മൂന്നുമാണ്. വെള്ളാർമല വില്ലേജ് റോഡ് നാലാം സോണാണ്. ജിവിഎച്ച്എസ്എസ് വെള്ളാർമലയാണ് അഞ്ചാം സോൺ. ചൂരൽമല പുഴയുടെ അടിവാരത്തെ സോൺ ആറായും തിരിച്ചിട്ടുണ്ട്. സൈന്യം ചൂരൽമലയിൽ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്.

Advertisment