പുതിയ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന് മുന്നിൽ വെല്ലുവിളികൾ ഏറെ. ഐ.എ.എസുകാരുടെ തമ്മിലടിയും ചേരിപ്പോരും തീർക്കുക ആദ്യ കടമ്പ. ഇടഞ്ഞുനിൽക്കുന്ന പ്രശാന്തിനെയും സംഘത്തെയും അനുനയിപ്പിക്കുക എളുപ്പമല്ല. സർക്കാർ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ഐ.എ.എസുകാരുടെ മെല്ലെപ്പോക്കിന് പരിഹാരം കാണണം. വിവാദത്തിനല്ല, വികസനത്തിന് മുൻഗണനയെന്ന് ജയതിലക്. പുതിയ ചീഫ്സെക്രട്ടറി ഭരണത്തിന്റെ മുഖച്ഛായ മാറ്റുമോ ?

New Update

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയാവുന്ന ഡോ.എ.ജയതിലകിന് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരും തമ്മിലടിയും തീർക്കുകയെന്നതാണ് ഏറ്റവും പ്രധാനം.

Advertisment

ഇരുവിഭാഗം ഐ.എ.എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പോരിൽ, ഒരു വിഭാഗത്തിലെ നായകനാണ് ജയതിലക് എന്നതാണ് ഏറ്റവും കൗതുകകരം.  

കെടുകാര്യസ്ഥതയും ക്രിമിനൽ ഗൂഢാലോചനയും വ്യാജരേഖ സൃഷ്ടിക്കലും അടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചും ഇതിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ചും എൻ.പ്രശാന്ത് ജയതിലകിനെതിരേ രംഗത്തുണ്ട്. 

publive-image


നിലവിൽ കേരളത്തിലെ ഐ.എ.എസ് ഉദ്യോഗസ്ഥർ രണ്ട് ചേരികളിലാണ്. ഫലപ്രദമായി ഇടപെടാനാവാതെ സർക്കാർ വിയർക്കുന്നു. ഇതിനിടയിലാണ് 2026 ജൂൺവരെ കാലാവധിയോടെ ജയതിലക് ചീഫ് സെക്രട്ടറിയാവുന്നത്. കേരളത്തിന്റെ അമ്പതാമത്തെ ചീഫ്സെക്രട്ടറിയാവും ജയതിലക്.


എല്ലാ ഉദ്യോഗസ്ഥരെയും ഒരു ചരടിൽ കോർത്തിണക്കി ഒത്തിണക്കത്തോടെ മുന്നോട്ടു കൊണ്ടുപോകേണ്ടത് ചീഫ്സെക്രട്ടറിയാണ്. എല്ലാ വകുപ്പുകളുടെയും തലവൻ കൂടിയാണ്.

ഭരണ നേതൃത്വത്തെ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിക്കേണ്ടതും ചീഫ് സെക്രട്ടറിയാണ്. ഡോ.ബി.അശോക്, എൻ.പ്രശാന്ത് തുടങ്ങി സ്ഥലംമാറ്റവും സസ്പെൻഷനും അടക്കമുള്ള നടപടികൾക്കു വിധേയരാകേണ്ടി വന്ന ഉദ്യോഗസ്ഥരാണ് ജയതിലകിന് മറുപക്ഷത്തുള്ളത്.  

മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണം നേരിട്ട കെ.ഗോപാലകൃഷ്ണനെ തിരിച്ചെടുക്കുന്നതിൽ സർക്കാർ അനാവശ്യ തിടുക്കം കാട്ടിയെന്ന നിലപാട് മിക്ക ഐഎഎസ് ഉദ്യോഗസ്ഥർക്കുമുണ്ട്.

Prasanth Jayathilak


ഡോ. ജയതിലകിനും ഐഎഎസ് ഉദ്യോഗസ്ഥനായ കെ.ഗോപാലകൃഷ്ണനുമെതിരെ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ സൃഷ്ടിക്കൽ, സർക്കാർ രേഖയിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കേസെടുക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഹിയറിങ്ങിൽ ആവശ്യപ്പെട്ടിരിക്കുകയാണ് എൻ.പ്രശാന്ത്. 


ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ജയതിലകാണ്. അത് എത്രമാത്രം ഫലപ്രദമായിരിക്കുമെന്ന് നിശ്ചയമില്ല. ചുമതലയേൽക്കും മുൻപ് ഇടഞ്ഞു നിൽക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ അനുനയിപ്പിക്കാൻ ജയതിലക് ശ്രമിക്കുന്നുണ്ട്.

ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് എൻ പ്രശാന്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പ്രശാന്തിനെ തിരിച്ചെടുക്കാനും ജയതിലക് ശ്രമിക്കുമെന്ന് സൂചനയുണ്ട്.

ധനകാര്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായ ജയതിലക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായ ശേഷമാണ് ജയതിലക് സിവിൽ സർവ്വീസിലേക്കെത്തിയത്.

A Jayathilak N Prasanth


1991 ൽ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച റാങ്കോടെ ഐ.എ.എസിലെത്തി. കോഴിക്കോട് കളക്ടറായി മികച്ച പ്രവർത്തനം കാഴ്ചവച്ചു. ആഭ്യന്തരം, റവന്യൂ, ടൂറിസം വകുപ്പുകളിൽ സെക്രട്ടറിയായിരുന്നു.


സംസ്ഥാനത്തിൻ്റെ വികസന പദ്ധതികൾക്ക് മുൻഗണനയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണമെന്നും നിലവിൽ അതിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളോട് പ്രതികരിക്കാനില്ല.  വയനാട് പുനരധിവാസ പദ്ധതി നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കും. താൻ പിടിവാശിക്കാരനല്ല. കാര്യങ്ങൾ കൃത്യമായി നടക്കണമെന്ന നിലപാടുണ്ട്.

സർവ്വീസിൽ കയറുമ്പോൾ ചീഫ് സെക്രട്ടറിയായി വിരമിക്കുമെന്ന് ഒരിക്കലും നിശ്ചയിക്കാനാവില്ല. അതൊക്കെ സർവ്വീസ് ക്രമമനുസരിച്ച് നടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


സർക്കാർ തീരുമാനങ്ങൾ നടപ്പാക്കുന്നതിലെ മെല്ലെപ്പോക്കിനെതിരേ ചീഫ്സെക്രട്ടറിക്കെതിരേ നേരത്തേ മുഖ്യമന്ത്രി വിമർശനമുന്നയിച്ചിരുന്നു.


A JAYATHILAK

യോഗങ്ങളിൽ താൻ നിർദേശിക്കുന്ന കാര്യങ്ങൾ പോലും ഐ.എ.എസുകാർ നടപ്പാക്കുന്നില്ലെന്നും തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ തയാറാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. 

തന്റെയും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതി ചീഫ് സെക്രട്ടറി വിളിച്ചുചേർക്കുന്ന വകുപ്പു സെക്രട്ടറിമാരുടെ യോഗങ്ങളിൽ ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയാകാൻ ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോൾ, ചില മുഖ്യപദ്ധതികൾ ഇപ്പോഴും ഇഴയുന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

ജയതിലകിന് ഇക്കാര്യത്തിൽ മാറ്റം വരുത്താനാവുമോയെന്നാണ് ഇനി അറിയേണ്ടത്. ഐ.എ.എസുകാർ സഹകരിച്ചില്ലെങ്കിൽ ജയതിലകും ഇക്കാര്യത്തിൽ വിമർശനം നേരിടേണ്ടി വരും.

Advertisment