അൻവര്‍ ഇനി സിപിഎമ്മിന് വര്‍ഗശത്രു. നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പഴയമിത്രത്തെ വർഗശത്രുവെന്ന് വിളിച്ചത് എ. വിജയരാഘവൻ. മാധ്യമങ്ങൾക്കും വിമർശനം. മാധ്യമ പ്രവർത്തകരിൽ നല്ല ഷർട്ടും പാൻ്റും ലിപ്സ്റ്റിക് ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണമെന്ന്‌ വിജയരാഘവൻ. മാധ്യമങ്ങൾ എന്തുപറഞ്ഞാലും മൂന്നാം തവണയും കേരളം പിണറായി ഭരിക്കുമെന്നും വിജയരാഘവൻെറ വെല്ലുവിളി

സ‍ർക്കാരിനും പാർട്ടിക്കും എതിരെ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ പി.വി. അൻവറിന് നിലമ്പൂരിൻെറ മണ്ണിൽ വെച്ച് തന്നെ മറുപടി  നൽകി സി.പി.എം

New Update
a vijayaraghavan pv anvar

മലപ്പുറം: സ‍ർക്കാരിനും പാർട്ടിക്കും എതിരെ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ പി.വി.അൻവറിന് നിലമ്പൂരിൻെറ മണ്ണിൽ വെച്ച് തന്നെ മറുപടി  നൽകി സി.പി.എം.

Advertisment

ആദ്യം പൊതുയോഗം നടത്തി അൻവർ നിലപാട് പ്രഖ്യാപിച്ച അതേ ചന്തക്കുന്നിൽ വെച്ചാണ് പൊളിറ്റ് ബ്യൂറോ അംഗം മുതൽ ജില്ലാ നേതാക്കൾ വരെ ഉളളവരെ അണിനിരത്തി സി.പി.എം തിരിച്ചടി നൽകിയത്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറാനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ മുതൽ പിന്തുണ നൽകിയിരുന്ന പി.വി. അൻവറിനെ വർഗ ശത്രുവിൻെറ പാളയത്തിൽ അകപ്പെട്ട വർഗ ശത്രു എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് സി.പി.എമ്മിൻെറ പ്രത്യാക്രമണം.


അൻവറിൻെറ വിമത നീക്കങ്ങൾക്ക് രഹസ്യമായി പിന്തുണകൊടുത്തിരുന്നുവെന്ന് പാർട്ടിക്കുളളിൽ സംശയം ഉയർന്നിരുന്ന പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെ തന്നെ ഇറക്കിയാണ് സി.പി.എം അൻവറിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിന് തുടക്കമിട്ടത്.


കേരളത്തിൽ സി.പി.എം - ബി.ജെ.പി ബന്ധമുണ്ടെന്ന് പറയുന്നവർക്ക് കാണ്ടാമൃഗത്തിൻെറ തൊലിക്കട്ടിയാണെന്നും എ.വിജയരാഘവൻ പരിഹസിച്ചു. പാലക്കാട് -ചേലക്കര സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണയുണ്ടെന്ന അൻവറിൻെറ ആരോപണത്തിന് മറുപടിയായാണ് വിജയരാഘവൻെറ കാണ്ടാമൃഗ പ്രയോഗം.

മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദവും പൊലീസ് സേനയിലെ പ്രശ്നങ്ങളുമടക്കം പാർട്ടി നേരിടുന്ന എല്ലാ ആരോപണങ്ങൾക്കും മറുപടി പറഞ്ഞ വിജയരാഘവൻ അൻവറിനൊപ്പം മാധ്യമങ്ങളെയും കണക്കിന് വിമർശിച്ചു.


മാധ്യമ വിമർശനം എന്നപേരിൽ പലപ്പോഴും അതിരുവിട്ട പ്രയോഗങ്ങളാണ് യോഗത്തിൽ ഉയർന്നത്. മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അധിക്ഷേപിച്ചു എന്ന ആരോപണത്തിനും സി.പി.എമ്മിൻെറ മലപ്പുറം ജില്ലാ സെക്രട്ടറി ആർ.എസ്.എസുകാരനാണെന്നും നിസ്കാരം അനുവദിക്കുന്നില്ലെന്നുമുളള മതന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ചർച്ചയാകുന്ന അൻവറിൻെറ ആരോപണങ്ങൾക്കെല്ലാം നേതാക്കൾ അക്കമിട്ട് മറുപടി പറഞ്ഞു.


സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് ആർ.എസ്. എസുകാരനാണെന്ന് ആരോപിച്ചപ്പോഴാണ് പി.വി.അൻവർ ഏറ്റവും ചെറുതായി പോയതെന്നും എ.വിജയരാഘവൻ അടക്കമുളള നേതാക്കൾ വിമർശിച്ചു.

''ഏറ്റവും നല്ല ക്രമസമാധാനമുള്ളത് കേരളത്തിലാണ്. ഒരു വർഗീയ വാദിക്കും ഇവിടെ സംഘർഷം ഉണ്ടാക്കാൻ കഴിയില്ല. കേരളം മോശമാണെന്ന് പറയാൻ കുറച്ചു ആളുകളെ കോലു കൊടുത്ത് നിർത്തിയിട്ടുണ്ട്. അൻവറിന്റെ കക്കാടംപൊയിൽ പാർക്ക് നിർമാണമൊക്കെ മാധ്യമങ്ങൾ മറന്നുപോയൊ ? കേരളത്തിലെ ഏറ്റവും വലിയ കള്ളൻ അൻവർ ആണെന്നാണ് അന്ന് മാധ്യമങ്ങൾ പറഞ്ഞത്''-എ.വിജയരാഘവൻ പറഞ്ഞു.

അൻവർ കക്കാടം പൊയിലിൽ മുൻമ്പ് വനഭൂമി കൈയേറി അണക്കെട്ട് കെട്ടിയ ആളാണ്. ഭക്രാനംഗലിലെ  ഡാമിനേക്കാൾ വലിയ ഡാം കെട്ടിയ ആളാണ്. ഈ നാട്ടിൽ പണാധിപത്യത്തിന്റെ പുതിയ രാഷ്ട്രീയം രൂപം കൊള്ളുന്നുണ്ട്. കേരള പൊലീസ് മര്യാദയ്‌ക്കേ പ്രവർത്തിക്കു. അല്ലെങ്കിൽ അങ്ങനെ പ്രവർത്തിപ്പിക്കാൻ അറിയുന്ന ആൾ ഇവിടെ ഉണ്ട്. പണ്ട് പോളണ്ട് പോളണ്ട് എന്ന് പറയരുത് എന്ന് ശ്രീനിവാസൻ പറയും പോലെ ആണ് ചിലർ ഇപ്പോള് മലപ്പുറം മലപ്പുറം എന്ന് പറയരുതെന്ന്  പറയുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

എന്താണ് നിയമ വിരുദ്ധ പ്രവർത്തനം. കള്ളക്കടത്ത്, കുഴൽപണം, മണലടിക്കൽ ഇതെല്ലാം നടത്തണം എന്ന് ചിന്തിക്കുന്നവർ ഉണ്ട്. ഇങ്ങനെ ചിന്തിക്കുന്നവരുടെ കയ്യടി കിട്ടുന്ന പ്രവർത്തനം ആണ് അൻവർ നടത്തുന്നത്. കളവ് പറയാൻ കുറച്ചു മാധ്യമങ്ങളുടെ പിന്തുണ കിട്ടിയാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തോണ്ടിക്കളയാമെന്ന് വിചാരിക്കേണ്ട. മലപ്പുറം എന്നതിന് വേറെ അർഥം കൊടുക്കാനുള്ള പരിശ്രമമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

''മുഖ്യമന്ത്രിയുടെ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്തു. മതസൗഹാർദത്തിന്റെ അടിത്തറയിലാണ് മലപ്പുറമുള്ളത്. അതിന് ഇടമൊരുക്കി കൊടുത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലേ. രണ്ട് ലീഗുകാർ ചരിത്രത്തിൽ ആദ്യമായി മന്ത്രിയായത് കമ്മ്യൂണിസ്റ്റ് സർക്കാരിലല്ലേ ?  മലപ്പുറത്തെ ഒരാളെ കുത്തിക്കൊന്നാൽ കോഴിക്കോട് ഒരാളെ കുത്തിക്കൊന്നു എന്ന് പിണറായി പറയേണ്ട അവസ്ഥയാണ്''-എ.വിജയരാഘവൻ പറഞ്ഞു.

വിദ്യാഭ്യാസ പരമായിട്ട് ഒരു കുറവും മലപ്പുറത്തിനില്ല. ഒലക്ക വിലങ്ങനെ വിഴുങ്ങണം എന്ന് പറഞ്ഞാൽ മനസിലാക്കാൻ കഴിയില്ല. ജനങ്ങളാണ് ഈ പാർട്ടിയുടെ കരുത്ത്.  പാർട്ടി മുന്നോട്ട് പോകുമ്പോൾ സ്വതന്ത്രർ പാർട്ടിയിലേക്ക് വരും. തൊട്ടിന്യായം പറഞ്ഞ്‌ ഇറങ്ങിപോകുന്നവരെ കണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. ഒരു ഭീഷണിയുടെയും മുന്നിൽ പാർട്ടി കീഴടങ്ങില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേലിൽ ഒരു തരി മണ്ണിടാൻ അനുവദിക്കില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.


പി.വി.അൻവറിൻെറ ആരോപണങ്ങൾ വലിയ പ്രാധാന്യത്തോടെ നൽകുന്നതിലും അൻവറിൻെറ പരിപാടികൾ വിപുലമായി കവർ ചെയ്യുന്നതിൻെറ പേരിലുമാണ് എ.വിജയരാഘവൻ ഉൾപ്പെടെയുളള  നേതാക്കൾ മാധ്യമങ്ങളെ അതിരൂക്ഷമായി വിമർശിച്ചത്.


മാധ്യമങ്ങൾ പണം വാങ്ങി സർക്കാരിന് എതിരെ പ്രചാരണം നടത്തുന്നു എന്നാണ് സി.പി.എം നേതാക്കൾ ചന്തക്കുന്നിലെ പൊതുയോഗത്തിൽ ആരോപിച്ചത്.

''കമ്മ്യൂണിസ്റ്റ് വിരോധം മൂത്തിട്ട് മാധ്യമങ്ങൾ എന്തൊക്കെയാണ് ചെയ്യുന്നത്. തിരുവനന്തപുരത്തെ ആശുപത്രിയിൽ കറന്റ് പോയതിന് മാധ്യമങ്ങൾ കോലാഹലം ഉണ്ടാക്കി. മഴ പെയ്യുമ്പോൾ റോഡിൽ കുഴി ഇല്ലാതിരിക്കുമോ ? അതും സർക്കാരിൻെറ കുറ്റമായി കാണുന്നു. മാധ്യമ പ്രവർത്തകരിൽ നല്ല ഷർട്ടും പാൻ്റും ലിപ്സ്റ്റിക് ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം. അവർ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്. നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവർത്തകർ കൂടുതൽ കള്ളം പറയുന്നവർ''-വിജയരാഘവന്റെ വാക്കുകള്‍.

 സർക്കാരിനെതിരെ മോശം പറയാൻ മാധ്യമ പ്രവർത്തകരെ ശമ്പളം കൊടുത്തു നിർത്തിയിട്ടുണ്ട്. രാവിലെ 6 മണിക്ക് മാധ്യമങ്ങൾ അൻവറിൻ്റെ വീട്ടിൽ എത്തുകയാണ്. അൻവറിന്റെ വീട്ടിലെ കോഴി കൂവുന്നതിനു മുൻപ് മാധ്യമങ്ങൾ അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തും. അൻവറിൻ്റെ സുഭാഷിതങ്ങൾ രാവിലെ മുതൽ നൽകുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെ ഒരാളെ കിട്ടിയെന്ന് കരുതി ആഘോഷിക്കുകയാണോയെന്നും മുതിര്‍ന്ന സിപിഎം നേതാവ് ചോദിച്ചു.

ആളുകൾക്ക് എല്ലാം മനസ്സിലാവുന്നുണ്ട്. കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾക്ക് മുന്നിൽ പാർട്ടി കീഴടങ്ങില്ല.എന്തൊക്കെ ചെയ്താലും കേരളം മൂന്നാമതും പിണറായി ഭരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

കോൺഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് വന്ന് എം.എൽ.എയും എം.പിയും മന്ത്രിയും എല്ലാമായ ടി.കെ. ഹംസയേയും യോഗത്തിൽ പങ്കെടുപ്പിച്ചു. ഏറനാടൻ ശൈലിയിൽ സംസാരിക്കുന്ന ഹംസയും പി.വി. അൻവറിനെ കണക്കിന് വിമർശിച്ചു.

ഇടത് സഹയാത്രികയായ നടി നിലമ്പൂർ ആയിഷയേയും വേദിയിൽ എത്തിച്ചിരുന്നു. തന്നെ സന്ദർശിക്കുന്ന ആയിഷയുടെ ചിത്രം അൻവർ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് നിലമ്പൂർ ആയിഷയെ വേദിയിലെത്തിച്ചത്.

Advertisment