കണ്ണൂർ: തിരഞ്ഞെടുപ്പ് പോരാട്ടം മുറുകിയ ഘട്ടത്തിൽ കണ്ണൂരിനെ അസ്വസ്ഥമാക്കുകയും രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് സാധ്യത ഉണ്ടായിരുന്നതുമായ വിഷയത്തിൽ ആശ്വാസം. പയ്യാമ്പലത്തെ സ്മൃതികൂടീരങ്ങളിൽ രാസലായനി ഒഴിച്ച് അനാദരവ് കാട്ടിയ സംഭവത്തിൽ പ്രതിയെ പിടികൂടിയതാണ് ആശ്വാസകരമായ വാർത്ത. നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ചാല സ്വദേശി ഷാജി അണയാട്ടാണ് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ രാസലായനി ഒഴിച്ച സംഭവത്തിൽ പിടിയിലായത്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത് മാത്രമല്ല ആശ്വാസകരമായ കാര്യം. പിടിയിലായ ഷാജി അണയാട്ടിന് രാഷ്ട്രീയമില്ല എന്നതാണ് ഏറെ ആശ്വാസം പകരുന്നത്. പ്രതിക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ മുന്നണിയുമായോ ബന്ധം ഉണ്ടായിരുന്നു എങ്കിൽ രാഷ്ട്രീയ സംഘട്ടനങ്ങൾക്ക് കുപ്രസിദ്ധി ആർജിച്ച കണ്ണൂരിൽ അത് മറ്റൊരു സംഘർഷത്തിന് വഴിതുറന്നേനെ. കുറെക്കാലമായി സംഘട്ടനങ്ങൾ ഒഴിവായി സമാധാനപരമായി പോകുന്ന കണ്ണൂരിലെ രാഷ്ട്രീയ മണ്ഡലത്തിന് പിടികൂടിയ പ്രതിക്ക് രാഷ്ട്രീയമില്ലെന്ന വാർത്ത വലിയ ആശ്വാസം പകരുന്നുണ്ട്.
നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസ ലായനി ഒഴിച്ചിട്ടില്ലെന്നാണ് പിടിയിലായ ഷാജി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സ്തൂപങ്ങളിൽ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് ആണെന്നാണ് ഷാജി പൊലീസിനോട് പറഞ്ഞിട്ടുളളത്.
മറിച്ചാണെന്ന് തെളിയിക്കുന്ന തെളിവുകളിലേക്ക് പൊലീസിനും എത്താനായിട്ടില്ല. അതുകൊണ്ടുതന്നെ ഒഴിച്ചത് സോഫ്റ്റ് ഡിങ്കാണെന്ന ഷാജിയുടെ മൊഴി വിശ്വസിച്ച് മുന്നോട്ടുപോകുകയാണ് പൊലീസ്. മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ, സി.പി.എം. സംസ്ഥാന സെക്രട്ടറിമാരായിരുന്ന കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, സി.പി.എം നേതാവ് ഒ. ഭരതൻ എന്നിവരെ സംസ്കരിച്ച സ്ഥലത്ത് നിർമ്മിച്ച സ്മൃതി കുടീരങ്ങൾക്ക് നേരെയാണ് അതിക്രമം നടന്നത്. കറുത്ത ദ്രാവകം വീണതിനെ തുടർന്ന സ്മൃതി കുടീരങ്ങളിൽ കറുത്ത പാടുകൾ ഉണ്ടായിരുന്നു.
സംഭവത്തിൽ പരക്കെ പ്രതിഷേധം ഉയർന്നതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ നിരീക്ഷണ ക്യാമറകളും മറ്റ് പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ കുറിച്ചുളള സൂചന ലഭിച്ചത്. സ്മൃതി കുടീരത്തിൽ കറുത്ത ലായനി ഒഴിച്ച സംഭവത്തിനെതിരെ കോടിയേരി ബാലകൃഷ്ണൻെറ കുടുംബാംഗങ്ങളും രംഗത്ത് വന്നിരുന്നു. ഇത്തരം പ്രവർത്തികൾക്കെല്ലാം തിരഞ്ഞെടുപ്പ് മറുപടി നൽകുമെന്നായിരുന്നു കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരിയുടെ പ്രതികരണം. എന്തായാലും കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചയാളെ കണ്ടെത്തിയതും പിടിയിലായ പ്രതിക്ക് രാഷ്ട്രീയമില്ലെന്ന് അറിയുക കൂടിചെയ്തതോടെ എല്ലാവർക്കും പൊതുവിൽ ആശ്വാസമായിരിക്കുകയാണ്.
ദൃശ്യങ്ങൾ വിലയിരുത്തിയുളള അന്വേഷണത്തിന് ഒടുവിലാണ് സ്മൃതി കൂടീരങ്ങക്ക് നേരെ രാസലായനി ഒഴിച്ച കേസിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രദേശത്ത് നിന്ന് ശേഖരിച്ച സിസിടിവികളിൽ നിന്നാണ് പോലീസിന് ഇയാളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. പിന്നാലെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
പയ്യാമ്പലം അടക്കമുളള പ്രദേശങ്ങളിൽ ഒഴിഞ്ഞ കുപ്പികളും പ്ലാസ്റ്റിക്കും പെറുക്കി അലഞ്ഞുതിരിഞ്ഞു ജീവിക്കുന്നയാളാണ് ഷാജി. ഇയാൾ ശേഖരിച്ച ബോട്ടിലുകളിൽ ഉണ്ടായിരുന്ന ശീതള പാനീയം എന്ന് സംശയിക്കുന്ന ദ്രാവകമാണ് സ്തൂപത്തിൽ ഒഴിച്ചതെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സംഭവം നടന്നതിന് പിന്നാലെ പ്രതികരണവുമായെത്തിയ സി.പി.എം നേതൃത്വം രാഷ്ട്രീയ എതിരാളികൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന പരാമർശങ്ങളാണ് നടത്തിയത്.
കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും ഗൂഢാലോചനയുണ്ടെന്നും സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ പ്രതിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല എന്ന് പൊലീസ് തന്നെ വ്യക്തമാക്കുമ്പോൾ കണ്ണൂരിലെ രാഷ്ട്രീയ മണ്ഡലത്തിൽ സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചേക്കാൻ സാധ്യതയുളള വിഷയം പ്രശ്നങ്ങളില്ലാതെ അവസാനിച്ചിരിക്കുകയാണ്.