/sathyam/media/media_files/ooUBX2EinGSNPHYaWs4m.jpg)
mundakai landslide
കോട്ടയം: കാലാവസ്ഥ മാറി, നമ്മള്‍ എന്നു മാറും ? എന്നും പ്രകൃതിയോട് പടവെട്ടി ജീവിച്ചവരാണു മനുഷ്യര്‍. 2018 വരെ കാലാവസ്ഥാ കേരളത്തിന് അനുകൂലമായിരുന്നെങ്കില്‍ 2018 ലെ പ്രളയത്തിനു ശേഷം ചുരുങ്ങിയ സമയം കൊണ്ട് അതി തീവ്ര മഴപെയ്യുകയും തുടര്‍ച്ചയായി ദുരന്തങ്ങള്‍ ഉണ്ടാകാനും തുടങ്ങി.
കനത്ത മഴ പെയ്യുമ്പോള്‍ സംഭരണ ശേഷിയില്‍ കൂടുതല്‍ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗര്‍ഭ ജലത്തിന്റെ അളവു കൂടുന്നതിനുസരിച്ചു മണ്ണിനിടയില്‍ മര്‍ദ്ദം വര്‍ധിക്കുന്നു. മര്‍ദത്തിന്റെ ഫലമായി ശക്തിയായി ജലം പുറത്തേക്ക് ഒഴുകും.
ഇതിനൊപ്പം ഇളകിയ മണ്ണും പാറകളും കടപുഴകിയ മരങ്ങളും ഒഴുകും. ഒഴുകുന്ന വഴികളിലെ വീടുകളും കൃഷിസ്ഥലങ്ങളും നശിക്കും. മനുഷ്യന്റെ അശാസ്ത്രീയമായ പ്രകൃതിയോടുള്ള ഇടപെടലാണ് ഉരുള്‍പൊട്ടലിനു പ്രധാന കാരണം.
കേരളത്തില്‍ 95 ശതമാനവും ഉരുള്‍പൊട്ടല്‍ മനുഷ്യനിര്‍മ്മിതമാണെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വനനശീകരണം അശാസ്ത്രീയമായ വനവല്‍ക്കരണവും ഉരുള്‍ പൊട്ടലിനു കാരണമാകുന്നു. പാറകളില്‍ ഉണ്ടാകുന്ന വിള്ളലുകള്‍, മരങ്ങളും പാറകളും മണ്ണും സ്വാഭാവികമായ അവസ്ഥയില്‍ നില്‍ക്കാത്ത അവസ്ഥ, മണ്ണുകളുടെയും മരങ്ങളുടെയും വഴുതിപ്പോക്ക്, കല്ലുകളുടെ ബലഹീനത, ചെങ്കുത്തായ സ്ഥലങ്ങള്‍ എന്നിവ മഴക്കാലങ്ങളില്‍ ഉരുള്‍പൊട്ടലിന് ആക്കം കൂട്ടും.
എന്നാല്‍, ഉരുള്‍പൊട്ടുമ്പോള്‍ നടത്തുന്ന പുനരധിവാസവും പ്രഖ്യാപനങ്ങളും നടത്തുന്നുണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ തടയാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ വലിയ പ്രാധാന്യത്തോടെ നടന്നിരുന്നില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍ തടയാനുള്ള ശ്രമങ്ങള്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ ആരംഭിക്കേണ്ടതുണ്ട്.
ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലും ഇതിനായുള്ള ശ്രമങ്ങള്‍ ഉടൻ തന്നെ നടത്തണം. മലയോര പ്രദേശങ്ങളില്‍ ചാലുകള്‍ രൂപീകരിക്കുക, നഷ്ടപ്പെട്ടു പോയ മരങ്ങള്‍ വീണ്ടെടുക്കുക, പുല്‍മേടുകള്‍ നശിപ്പിക്കാതിരിക്കുക, ജനങ്ങള്‍ക്കു ബോധവല്‍ക്കരണം നല്‍കുക, സുസ്ഥിര വികസനം നടപ്പാക്കുക, പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ മരങ്ങള്‍ വെച്ചുപിടിപ്പിക്കുക, ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിര്‍മാണങ്ങള്‍ കരുതലോടെ നടത്തുക, ഇത്തരം പ്രദേശങ്ങളില്‍ മഴക്കാലത്തു പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഊര്‍ജിതമായി നടത്തിയാല്‍ ഇനിയുള്ള കാലത്ത് ഒരു പരിധിവരെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തടയാന്‍ സാധിക്കും.
ഉരുള്‍പൊട്ടല്‍ തടയാന്‍ മുളയ്ക്കും രാമച്ചവും വനമേഖലയില്‍ വെച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നു പറഞ്ഞാല്‍ പെട്ടന്നു വിശ്വസിക്കാവില്ലെങ്കിലും വിദേശ രാജ്യങ്ങളിലടക്കം ഇതു തെളിയിക്കപ്പെട്ടിട്ടുണ്ട്.
സെന്‍ട്രല്‍ കെനിയയില്‍ കര്‍ഷക ഗ്രാമങ്ങള്‍ ഒരുകാലത്ത് സ്ഥിരമായി മഴവെള്ളത്തില്‍ ഒലിച്ചുപോയിരുന്നു. മലയോര മേഖലയിലെ മണ്ണിന്റെ ഗുണം ലഭിക്കാത്തതിനാല്‍ പലരും ജീവന്‍ പണയപ്പെടുത്തിയാണ് ഇവിടങ്ങളില്‍ ജീവിച്ചിരുന്നത്. ഇടക്കാല മഴ ലഭിക്കുന്ന സമയത്ത് പോലും വലിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകും. കണ്ണടച്ചു തുറക്കും മുന്‍പ് ഒരു ഗ്രാമം തന്നെ മണ്ണിനടിയിലാവുന്ന കാഴ്ച്ച. ഇതോടെ പലരും ഗ്രാമങ്ങള്‍ വിട്ട് ദൂരയിടങ്ങളിലേക്കു കുടിയേറി പാര്‍ത്തു.
നിവൃത്തിയില്ലാത്തവര്‍ ദുരന്തമുഖത്ത് തുടരേണ്ടി വന്നു. പിന്നീട് ഉരുള്‍പൊട്ടല്‍ ഭീതിയില്‍ നിന്ന് 80 ശതമാനം വരെ രക്ഷ നേടാന്‍ കഴിയുന്ന രീതിയിലേക്ക് ഈ ഗ്രാമം മാറി. ചരിഞ്ഞ പ്രദേശങ്ങള്‍ വലിയ അളവില്‍ മുളകള്‍ നട്ടുപിടിപ്പിച്ചും മരങ്ങള്‍ നട്ടുമാണ് ഉരുള്‍പൊട്ടല്‍ ഭീഷണിയെ ഗ്രാമം മുഴുവന്‍ നേരിട്ടത്.
ഇതു കേരളത്തിനും മാതൃകയാക്കാവുന്നതാണ്. ഇന്ത്യയില്‍ ഇരുപത്തിയഞ്ചോളം ഇനത്തിലുള്ള മുളകള്‍ വളരുന്നുണ്ടെന്നാണു കണക്ക്. ഇവ കേരളത്തിലെ മലയോര പ്രദേശങ്ങളിലും വളരുന്നവയാണ്. പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന പ്രതിരോധ മാര്‍ഗമെന്ന രീതിയിലും കാര്‍ഷിക വരുമാനമെന്ന രീതിയിലും മുളകള്‍ വെച്ചുപിടിപ്പിക്കാനാവും. രാമച്ചവും ഇതേ രീതിയില്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകളാണു മുളകള്‍ക്കുള്ളത്. മണ്ണിനെ പിടിച്ചു നിര്‍ത്താന്‍ ഈ വേരുകള്‍ക്കു കഴിയും. മുളയ്‌ക്കൊപ്പം മരങ്ങളും നട്ടു മണ്ണിനു ഉറപ്പു ഉണ്ടാക്കാന്‍ സാധിക്കും. മുളകളുടെ പ്രധാന തായ്‌വേര് പെട്ടന്ന് മണ്ണിലേക്ക് പടരും. ഒരു മുളതൈ വെച്ചാല്‍ അത് പിന്നീട് പടര്‍ന്ന് പിടിക്കുകയും ചെയ്യും. ഇവയുടെ പരിപാലനവും ചിലവേറിയതല്ലെന്നതാണു മറ്റൊരു വസ്തുത.