തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഹൃദയഭാഗമായ കവടിയാറിൽ മൂന്ന് നിലയിൽ കൊട്ടാര സദൃശ്യമായ ബംഗ്ലാവ് പണിതുയർത്താൻ എ.ഡി.ജി.പി അജിത്കുമാർ ഏറെ പണിപ്പെട്ടാണ് അനുമതി നേടിയെടുത്തത്. 2005ലാണ് ഈ സ്ഥലം വാങ്ങിയത്. തൃശൂർ സ്വദേശിനിയുമായുള്ള അജിത്തിന്റെ വിവാഹം കഴിഞ്ഞ സമയത്തായിരുന്നു ഈ ഭൂമിവാങ്ങൽ.
അക്കാലത്ത് സെന്റിന് 10 ലക്ഷം രൂപയ്ക്കാണ് ഇത് വാങ്ങിയത്. അന്ന് അവിടെ സ്ഥലത്തിന് 20 ലക്ഷം രൂപ വിലയുണ്ടായിരുന്നു. ഐ.പി.എസായതിനാൽ ചുളുവിലയ്ക്ക് കിട്ടിയെന്നാണ് കരുതിയത്. അജിത്തിന്റെ ഉറ്റബന്ധുവും ഇതിനോട് ചേർന്ന് ഭൂമി വാങ്ങി. ചുളുവിലയ്ക്കെന്ന ധാരണയിൽ അജിത് വാങ്ങിയ 10സെന്റിൽ ഒരു കെട്ടിടം പോലും കെട്ടാൻ കഴിയില്ലെന്ന് രജിസ്ട്രേഷൻ കഴിഞ്ഞ ശേഷമാണ് അറിഞ്ഞത്.
തിരുവിതാംകൂർ കൊട്ടാരത്തിന് അടുത്തായതിനാൽ അവിടെ മറ്റ് വൻകിട നിർമ്മാണങ്ങൾ അനുവദിക്കുമായിരുന്നില്ല. സംരക്ഷിത കൊട്ടാരമുള്ളതിനാൽ ഹെറിറ്റേജ് മേഖലയായിരുന്നു അവിടം. കെട്ടിടം വയ്ക്കാൻ നഗരസഭയെ സമീപിച്ചപ്പോഴാണ് ഭൂമിയിൽ പതിയിരുന്ന അപകടം അജിത് മനസിലാക്കിയത്. അതോടെ വീടു നിർമ്മാണമെന്ന സ്വപ്നം അജിത് ഉപേക്ഷിച്ചു.
പിന്നീട് പലരെക്കൊണ്ടും കോർപറേഷനിൽ അപേക്ഷ നൽകിച്ച് ആ പ്രദേശത്ത് രണ്ടു നില കെട്ടിടങ്ങളുടെ നിർമ്മാണത്തിന് അനുമതി നേടിയെടുത്തു. അടുത്തിടെയാണ് ഈ പ്രദേശം നിർമ്മാണം അനുവദിക്കാവുന്ന ഗ്രീൻ സോണിലേക്ക് മാറിയത്. അതാണ് അജിത്ത് ചുളുവിലയ്ക്ക് വാങ്ങിയ ഭൂമിയിൽ 19 വർഷം നിർമ്മാണം മുടങ്ങാൻ കാരണം.
എ.ഡി.ജി.പിയായിരുന്ന എൻ. ശാന്താറാമിന്റെ വസതിക്ക് സമീപത്തായാണ് അജിത്ത് വീട് പണിയുന്നത്. 4800 ചതുരശ്രഅടി വീടിനാണ് നഗരസഭയിൽ നിന്ന് നിർമാണ അനുമതി ലഭിച്ചത്. വീടുനിർമ്മാണത്തിന് എസ്.ബി.ഐയിൽ നിന്ന് ഒന്നരക്കോടിയുടെ വായ്പയുണ്ട്. ആദ്യഗഡു 15ലക്ഷം കിട്ടിയിട്ടുമുണ്ട്. ഈ സ്ഥലത്ത് ഭൂമിക്കു മുകളിൽ രണ്ടു നിലകളേ പാടുള്ളൂ. അതാണ് അവിടുത്തെ വ്യവസ്ഥ.
വെള്ളയമ്പലം-കവടിയാർ റോഡിൽ നിന്ന് അൽപ്പം ഉള്ളിലേക്ക് മാറി ഗോൾഫ് ക്ലബിനടുത്ത് കവടിയാർ പാലസ് അവന്യൂവിലാണ് വീട്. ഭൂഗർഭ നിലയുൾപ്പെടെ മൂന്ന് നില കെട്ടിടമാണ് കവടിയാറിലെ കണ്ണായ ഭൂമിയിൽ അജിത് കുമാർ പണിയുന്നത്. പഴയകാലത്തെ വലിയ തറവാട് വീടിന്റെയും പുതിയ കാലത്തെ ഡിസൈനും സംയുക്തമായി ചേർത്തുള്ള ആഡംബര വീടാണ് പ്ലാനിലുള്ളത്. പി.വി.അൻവർ എം.എൽ.എയാണ് വീടിന്റെ വിവരങ്ങൾ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്.
ഫെബ്രുവരിയിലായിരുന്ന വീടിന്റെ തറക്കല്ലിട്ടത്. 10 സെന്റ് ഭൂമിയിലാണ് വീട്. നിലവിൽ ഭൂഗർഭ അറയുടെ ജോലികളാണ് നടക്കുന്നത്. തറയിൽ നിന്ന് 12അടി താഴ്ചയിലാണ് ഭൂഗർഭ അറ. പാർക്കിംഗ് ഉൾപ്പടെ ഇവിടെയാണ് ഉദ്ദേശിച്ചിട്ടുള്ളത്.
വീടിനുള്ളിൽ ചെറിയ ലിഫ്റ്റ് സൗകര്യമുൾപ്പെടെ ആഡംബര സൗകര്യങ്ങളുണ്ടെന്നാണ് പുറത്ത് വന്ന പ്ലാനിലുള്ളത്. വീട് നിർമ്മാണ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഷെഡ്ഡിൽ വിശദമായ പ്ലാനിന്റെ രേഖ സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഓപ്പൺ ബാത്ത് പ്ലേസ് എന്ന് ചേർത്തിട്ടുണ്ട്. ഇത് സിമ്മിംഗ്പൂളിന് വേണ്ടിയാണ്.
2024 ജനുവരിയിലാണ് ഈ കെട്ടിടത്തിന് നിർമാണത്തിന് അനുമതി ലഭിച്ചത്. വീടിന്റെ താഴത്തെ ബേസ്‌മെന്റിന് 2000ചതുശ്ര അടിക്ക് മുകളിലാണ് വിസ്തീർണം. താഴത്തെ നിലയിൽ അതിഥികൾക്കായുള്ള മുറികളുടെ സ്ഥലവും പ്ലാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2008ലാണ് അജിത്ത്കുമാർ ഇവിടെ ഭൂമി വാങ്ങിയതെന്നാണ് സൂചന. അടുത്ത കാലത്ത് വരെ ഒരു സെന്റിന് 65 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് ഇവിടെത്തെ ഭൂമി വില. വീടുനിർമാണം വിലയിരുത്താൻ അജിത് കുമാർ ഇടയ്ക്കിടെ വന്നുപോകാറുണ്ടെന്നാണ് വിവരം.