കണ്ണൂർ: രാഷ്ട്രീയ വിവാദങ്ങൾ തിളച്ചു മറിയുന്നതിനിടെ ശത്രുസംഹാര പൂജ നടത്തി എ.ഡി.ജി.പി എം.ആർ.അജിത് കുമാർ. കണ്ണൂർ മാടായിക്കാവ് ക്ഷേത്രത്തിലെത്തിയാണ് ശത്രുസംഹാര പൂജ നടത്തിയത്. ഉദ്ദിഷ്ടകാര്യം സാധിക്കാൻ കോഴിനിവേദ്യം വഴിപാട് നടക്കുന്ന സ്ഥലമാണ് ചിറയ്ക്കൽ കോവിലകത്തിൻെറ പരദേവതാ ക്ഷേത്രമായ മാടായി തിരുവർക്കാട്ട് കാവ് ക്ഷേത്രം. ആ ക്ഷേത്രത്തിലാണ് അജിത് കുമാർ ശത്രുസംഹാര പൂജ നടത്തിയത്.
ഇന്ന് പുലർച്ചെ അജിത് കുമാർ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തുകയും ശത്രുസംഹാരത്തിന് പൂജ നടത്തുകയും ചെയ്തു. മാടായിക്കാവിന് പുറമേ തളിപ്പറമ്പ് ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലും അജിത് കുമാർ ദർശനം നടത്തി.
മങ്ങാട്ട് പറമ്പ് എ.ആർ.ക്യാമ്പിൽ സന്ദർശനത്തിന് വേണ്ടിയാണ് അജിത് കുമാർ കണ്ണൂരിലെത്തിയത്. എ.ആർ.ക്യാമ്പിൽ നിന്ന് പുറത്തിറങ്ങി അജിത് കുമാർ, പറശിനിക്കടവ്
മുത്തപ്പൻ മഠപ്പുരയിലും കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലും ദർശനം നടത്തി.
പി.വി.അൻവർ എം.എൽ.എയുടെ ആരോപണത്തോടെ വിവാദച്ചുഴിയിൽ അകപ്പെട്ട എ.ഡി.ജി.പി എം.ആർ.അജിത് കുമാർ, ആർ. എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച കൂടി പുറത്തായതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
സംസ്ഥാന പൊലിസ് മേധാവിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം പൂർത്തിയായാൽ ഉടൻ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി അപ്രധാന തസ്തികയിലേക്ക് നിയോഗിക്കാനും സാധ്യതയുണ്ട്. പൂരം കലക്കി ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിച്ചു എന്ന ആരോപണവും അജിത് കുമാറിന് മേലുണ്ട്. ഈ പ്രതിസന്ധികൾക്കിടയിലാണ് അജിത് കുമാർ ക്ഷേത്ര ദർശനവും ശത്രു സംഹാര പൂജയും നടത്തിയത്.