മാവേലിക്കര: കര്‍ഷകര്‍ സംഘടിക്കുന്നത് അവര്‍ക്ക് നിലനില്‍ക്കാനും മറ്റുള്ളവരെ നിലനിര്‍ത്താനും വേണ്ടിയാണെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. കായംകുളം ചേതനയില്‍ ഇന്‍ഫാം മാവേലിക്കര കാര്‍ഷിക ജില്ലാ രൂപീകരണം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ സംഘടിക്കുന്നത് ആരെയെങ്കിലും തോല്‍പിക്കാനോ ആര്‍ക്കെതിരെയും പോരാടാനോ അല്ലെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. കര്‍ഷകരുടെ കൂട്ടായ്മകള്‍ സ്വയം നിലനില്‍പ്പിനും കര്‍ഷകരെ ദ്രോഹിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന്‍റെ നിലനില്‍പ്പിനും വേണ്ടിയാണ്.
കര്‍ഷക കൂട്ടായ്മകള്‍ തങ്ങളുടെ വിഭവങ്ങള്‍ പരസ്പരം കൈമാറാന്‍ സഹായിക്കുന്നു. മറ്റുള്ളവരെ തീറ്റിപ്പോറ്റാന്‍ വേണ്ടി സ്വന്തം ജീവനും ജീവിതവും പകുത്ത് നല്‍കുന്ന വലിയ ദൗത്യമാണ് കര്‍ഷകര്‍ ഏറ്റെടുക്കുന്നത്.
ഈ ലോകത്ത് മനുഷ്യരെക്കൊണ്ട് നിറഞ്ഞ സംതൃപ്തിയോടെ 'മതിയായി' എന്ന് പറയിക്കാന്‍ കര്‍ഷകര്‍ക്ക് മാത്രമേ കഴിയൂ. കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കുന്ന ഫലം പാകംചെയ്ത് വിളമ്പുമ്പോള്‍ അത് കഴിക്കുന്ന മനുഷ്യര്‍ നിറവിന്‍റെ സംതൃപ്തിയോടെയാണ് 'മതി' എന്ന് പറയുന്നത്. അതാണ് കര്‍ഷകരുടെയും സംതൃപ്തി.
ലോകത്തിന് ശതൃസ്നേഹത്തിന്‍റെ ഉദാത്ത മാതൃക പകര്‍ന്നു നല്‍കുന്നതും കര്‍ഷക സമൂഹമാണ്. തങ്ങളെ താമസിക്കുന്ന പുരയിടത്തില്‍ നിന്ന് ഇറക്കിവിടുന്നവരെയും വില കൊടുക്കാതെ ചൂഷണം ചെയ്യുന്നവരെയും തെറ്റായ നിയമക്കുരുക്കിലാക്കുന്നവരെയും കൂടി തീറ്റിപ്പോറ്റാന്‍ വേണ്ടി സ്വയം ജീവിതം പകുത്തു നല്‍കുന്നവരാണ് കര്‍ഷകര്‍.
അത്തരം കര്‍ഷകര്‍ തങ്ങള്‍ക്കെതിരായി വരുന്ന നിയമങ്ങളും വസ്തുതകളും പൊതു സമൂഹത്തെയും സര്‍ക്കാരിനെയും ബോധിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ സമരങ്ങളും എതിര്‍ ശബ്ദങ്ങളുമായി കാണുന്നത് ശരിയല്ലെന്നും ഫാ. മറ്റമുണ്ടയില്‍ പറഞ്ഞു.
ബഫര്‍സോണ്‍, ഇഎസ്ഐ, തോട്ടം പുരയിടം, ഏലമലക്കാടുകള്‍ പ്രശ്നങ്ങളൊക്കെ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പലതിലും അനുകൂല തീരുമാനങ്ങളുണ്ടാക്കാനും കഴിഞ്ഞത് കര്‍ഷക കൂട്ടായ്മകളിലൂടെ ഇന്‍ഫാം നടത്തിയ മുന്നേറ്റങ്ങളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കറ്റാനം ജില്ലാ വികാരി ഫാ. ജോസ് വെണ്‍മാലോട്ട് അധ്യക്ഷത വഹിച്ചു. ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. 520 ഓളം കുടുംബങ്ങളാണ് മാവേലിക്കര കാർഷിക ജില്ലയിൽ നിന്നും ഇൻഫാം അംഗങ്ങളായി ചേർന്നത്.
ചേതന ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് പ്ലാവറകുന്നില്‍ സ്വാഗതം പറഞ്ഞു. പുതിയ കാര്‍ഷിക ജില്ലാ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും യോഗത്തില്‍ നടന്നു. കര്‍ഷകശ്രീ നറുക്കെടുപ്പും ചേതന കെഎല്‍എം സമ്മാന വിതരണവും റേഡിയോ എഫ്എം സ്വിച്ച് ഓണ്‍ കര്‍മ്മവും ചടങ്ങിനോടനുബന്ധിച്ച് നടത്തപ്പെട്ടു.
ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ അഡ്വ. യു. പ്രതിഭ എംഎല്‍എ റേഡിയോ ആപ്പിന്‍റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. ചേതന യൂട്യൂബ് ഉത്ഘാടനം രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. റോബര്‍ട്ട് പാലവിളയില്‍ നിര്‍വ്വഹിച്ചു. ഹരിതം സീസണ്‍ ഷോപ്പ് ഉത്ഘാടനം നടന്നു. ഫാ. ഫിലിപ്പ് ജന്മത്തുകളത്തില്‍ നന്ദി പറഞ്ഞു. സ്നേഹവിരുന്നും ഉണ്ടായിരുന്നു.