39 ദിവസം നീണ്ട കാത്തിരിപ്പ്; ചങ്കിടിപ്പില്‍ മുന്നണികള്‍; എക്‌സിറ്റ് പോളുകള്‍ 'എക്‌സാറ്റാ'കുമോ എന്ന് ഇന്നറിയാം; ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ

ജനവിധി കഴിഞ്ഞ് 39-ാം നാള്‍ ഫലപ്രഖ്യാപനം. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി : lok sabha election result

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ldf udf bjpp.jpg

തിരുവനന്തപുരം: ജനവിധി കഴിഞ്ഞ് 39-ാം നാള്‍ ഫലപ്രഖ്യാപനം. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. സംസ്ഥാനത്തെ എക്‌സിറ്റ് പോളുകള്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും ആശ്വാസം പകരുന്നതാണ്. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ്. സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന ആത്മവിശ്വാസവും ഇടതുനേതൃത്വം മുന്നോട്ടുവയ്ക്കുന്നു. ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നറിയാനുള്ള ആകാംഷയിലാണ് രാഷ്ട്രീയ കേരളം.

Advertisment

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി

വോട്ടെണ്ണലിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.  ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ ലഭിക്കുമെന്ന്‌ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലും തത്സമയം ഫലം അറിയാനാവും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സോഫ്റ്റ് വെയറില്‍നിന്നു തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴി തത്സമയം ലഭിക്കും.

വോട്ടെണ്ണല്‍ രാവിലെ എട്ടിന്

വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം എണ്ണുന്നത് തപാല്‍വോട്ടുകളാണ്. അരമണിക്കൂറിനുശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകൾ എണ്ണാൻ ഓരോ ഹാൾ ഉണ്ടായിരിക്കും. ഒരോ ഹാളിലും പരമാവധി 14 മേശകളാണ് ഉണ്ടാവുക. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പർവൈസർ ഉണ്ടാവും. ഇത്  ഗസറ്റഡ് റാങ്കുള്ള ഓഫീസറായിരിക്കും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും വോട്ടെണ്ണൽ മേശയ്ക്കു ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്സർവറുടെ ഡ്യൂട്ടി.

 വോട്ടെണ്ണൽ നടപടികൾ

വോട്ടെണ്ണൽ തുടങ്ങുന്ന സമയമാകുമ്പോൾ സ്ട്രോങ് റൂമുകൾ തുറക്കപ്പെടും. റിട്ടേണിങ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, സ്ഥാനാർത്ഥികൾ അല്ലെങ്കിൽ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ്ങ് റൂം തുറക്കുക. ലോഗ് ബുക്കിൽ എൻട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക. ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും, പോസ്റ്റൽ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫീസറുടെ മേശപ്പുറത്താവും എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.

വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോൾ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കൺട്രോൾ യൂണിറ്റുമാണ് വോട്ടെണ്ണൽ മേശപ്പുറത്ത് വെക്കുക. കൗണ്ടിങ് ടേബിളിൽ കൺട്രോൾ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീൽപൊട്ടിക്കും. തുടർന്ന് ഏജന്റുമാരുടെ നിരീക്ഷണത്തിൽ ഓരോ യന്ത്രത്തിലെയും റിസൽട്ട് ബട്ടണിൽ സൂപ്പർവൈസർ വിരൽ അമർത്തി ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ട് ഡിസ്പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും.

ഓരോ റൗണ്ടിലും, എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീർന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകൻ അതിൽ നിന്നും ഏതെങ്കിലും രണ്ടു മെഷീൻ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും. അത് കഴിഞ്ഞാൽ ആ റൗണ്ടിന്റെ ടാബുലേഷൻ നടത്തി ആ റൗണ്ടിന്റെ റിസൾട്ട് റിട്ടേണിങ് ഓഫീസർ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്പോഴും റിട്ടേണിങ് ഓഫീസർ എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകൾ എടുത്തുമാറ്റി  അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകൾ കൊണ്ടുവരാൻ നിർദേശം നൽകും.

എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷൻ നടത്തുകയുള്ളൂ.  എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാൻഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിംഗ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുമെന്നാണ് കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണിത്തീരാൻ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിന് ശേഷമാവും അന്തിമവിധി പ്രഖ്യാപനം.

കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, തെരഞ്ഞെടുപ്പ്  കമ്മീഷൻ പ്രതിനിധികൾ, നിരീക്ഷകർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശനമുള്ളത്. കൗണ്ടിങ് ഏജന്റുമാർക്ക് സ്ഥാനാർഥിയുടെ പേരും നിർദിഷ്ട ടേബിൾ നമ്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിങ് ഓഫീസർ നൽകും. വോട്ടെണ്ണൽ മുറിയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അധികാരമില്ല.

കൗണ്ടിങ് ഹാളിൽ പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് പ്രത്യേകം മേശ ഒരുക്കിയിരിക്കും. ഒരു ടേബിളിൽ പരമാവധി 500 വോട്ട് ആണ് എണ്ണുക. പോസ്റ്റൽ ബാലറ്റ് റിട്ടേണിങ് ഓഫീസറുടെ മേശയിലായിരിക്കും എണ്ണുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിന്റെ മേൽനോട്ടത്തിന് ഒരു അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കും.

പോസ്റ്റൽ വോട്ടെണ്ണൽ പ്രക്രിയ റിട്ടേണിങ് ഓഫീസറും തിരഞ്ഞെടുപ്പ് നിരീക്ഷനും സദാ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണുന്ന മേശയിലേക്ക് സ്ഥാനാർഥിയോ ഇലക്ഷൻ ഏജന്റോ പ്രത്യേകമായി തന്നെ ഒരു കൗണ്ടിങ് എജന്റിനെ നിയമിച്ചിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക.

സർവീസ് വോട്ടർമാരുടെ ഇടിപിബിഎംഎസ് വോട്ടുകളും തപാൽ വോട്ടുകൾ പോലെ റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക. വോട്ടെണ്ണൽ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ ലഭിച്ച ഇടിപിബിഎംഎസുകൾ വോട്ടെണ്ണലിന് പരിഗണിക്കും. ക്യു ആർ കോഡ് റീഡർ ഉപയോഗിച്ച് വോട്ടുകൾ റീഡ് ചെയ്യുന്ന അസിസ്റ്റന്റ് കൂടാതെ ഒരുസൂപ്പർവൈസറും 10 ക്യു ആർ കോഡ് റീഡിങ് ടീമിന് ഒരാൾ എന്ന തോതിൽ എആർഒമാരും ഇതിനായുണ്ടാവും. ക്യു ആർ കോഡ് റീഡിങ്ങിന് ശേഷം കവറുകൾ പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് ഒരുക്കിയ മേശകളിലേക്ക് എണ്ണുന്നതിന് കൈമാറും.  

ലഭിച്ച തപാൽ വോട്ടുകളിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾക്കനുസൃതമായി സാധുവായ തപാൽ വോട്ടുകൾ തരംതിരിച്ച ശേഷം ഓരോ സ്ഥാനാർഥിക്കും എത്ര ലഭിച്ചുവെന്ന് പരിശോധിച്ച് എണ്ണിത്തിട്ടപ്പെടുത്തി ഫോം 20 ലുള്ള റിസൾട്ട് ഷീറ്റിൽ രേഖപ്പെടുത്തിയ ശേഷം ഫലം പ്രഖ്യാപിക്കുകയാണ് പിന്നീട് ചെയ്യുക.

വിജയിച്ച സ്ഥാനാർഥിക്ക് ലഭിച്ച ഭൂരിപക്ഷം വോട്ടെണ്ണൽ സമയത്ത് അസാധുവാണെന്ന് കണ്ടെത്തി തിരസ്‌കരിച്ച തപാൽവോട്ടുകളേക്കാൾ കുറവാണെങ്കിൽ ഫലപ്രഖ്യാപനത്തിന് മുമ്പ് റിട്ടേണിങ് ഓഫീസർ അസാധുവായ മുഴുവൻ വോട്ടുകളും വീണ്ടും പരിശോധിക്കും. ഈ പുനപ്പരിശോധന മുഴുവൻ വീഡിയോ റെക്കോഡ് ചെയ്യുകയും ചെയ്യും.

Advertisment