Advertisment

അങ്കമാലി എരുമേലി ശബരി പാതയ്ക്ക് പച്ച സിഗ്നല്‍ കാട്ടി റെയില്‍വേ. ഇനിയുള്ള കടമ്പകള്‍ എത്രയും വേഗം മറികടക്കണമെന്ന് ആവശ്യം. പദ്ധതി പൂര്‍ത്തിയായാല്‍ യാഥാര്‍ഥ്യമാവുക കേരളം സ്വപ്‌നം കണ്ട റെയില്‍വേ വികസനം

അങ്കമാലി എരുമേലി ശബരി പാതയ്ക്കു പച്ച സിഗ്നല്‍ കാട്ടി കേന്ദ്ര മന്ത്രി റെയില്‍വേ അശ്വനി വൈഷ്ണവ്

New Update
railway track inspection

കോട്ടയം: അങ്കമാലി എരുമേലി ശബരി പാതയ്ക്കു പച്ച സിഗ്നല്‍ കാട്ടി കേന്ദ്ര മന്ത്രി റെയില്‍വേ അശ്വനി വൈഷ്ണവ്. മന്ത്രിയുടെ പ്രഖ്യാപനം ശുഭപ്രതീക്ഷയായാണു ജനങ്ങള്‍ കരുതുന്നത്. ശബരി പാതയ്ക്കു കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.

Advertisment

കേന്ദ്രസര്‍ക്കാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കും. കേരള സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതിനു സന്നദ്ധത അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ റെയില്‍വേയും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറിനു സമാനമായി കേരളത്തിലും കരാര്‍ ഉണ്ടാക്കും. ആ കരാറിനെ അടിസ്ഥാനപ്പെടുത്തി പദ്ധതി പൂര്‍ത്തിയാക്കുമെന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.


ശബരിപാത പ്രഖ്യാപിച്ചത് 1997-98 ലെ റെയില്‍ ബജറ്റിലാണ്. നിര്‍മാണ അനുമതി ലഭിച്ച് ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്. കിഫ്ബി വഴി പകുതി ചെലവു വഹിക്കാമെന്നു സമ്മതിച്ചു സംസ്ഥാന സര്‍ക്കാര്‍ 2021ല്‍ കേന്ദ്രത്തിനു കത്തു നല്‍കിയിരുന്നു. എന്നാല്‍, അപ്പോഴേയ്ക്കും ഏറ്റെടുക്കാവുന്ന പരമാവധി പദ്ധതികള്‍ കിഫ്ബി ഏറ്റെടുത്തുകഴിഞ്ഞിരുന്നു.


സര്‍ക്കാരിന്റെ കടമെടുപ്പു സംബന്ധിച്ചു സുപ്രീം കോടതിയിലുള്ള കേസില്‍ അന്തിമ തീരുമാനം വരുന്നതുവരെ പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനാകില്ല എന്നു കിഫ്ബി സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.

ഇതോടെ മറ്റു മാര്‍ഗങ്ങള്‍ തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതിനിടെ പദ്ധതി കേന്ദ്രം ഉഴപ്പുന്നെന്നു കേരളവും കേരളം സഹകരിക്കാത്തതുകൊണ്ടാണു മുടങ്ങിയതെന്നു കേന്ദ്രവും ആരോപിച്ചു രംഗത്തുവന്നിരുന്നു.

ശബരി പാതയ്ക്കായി ഇതിനകം 264 കോടി രൂപ റെയില്‍വേ ചിലവാക്കിയിട്ടുണ്ട്. കാലടി വരെ ഏഴു കിലോമീറ്റര്‍ പാതയും പെരിയാറിനു കുറുകെ പാലവും നിര്‍മിച്ചു. കാലടി മുതല്‍ എരുമേലി വരെ 104 കിലോമീറ്റര്‍ പാത നിര്‍മാണമാണു ബാക്കിയുള്ളത്.


 കഴിഞ്ഞ രണ്ടു ബജറ്റുകളിലായി 200 കോടി രൂപ കേന്ദ്രം നീക്കിവച്ചെങ്കിലും എസ്റ്റിമേറ്റിന് അനുമതിയില്ലാത്തതിനാല്‍ പണം ചിലവാക്കാന്‍ സാധിച്ചിട്ടില്ല.


പ്രഖ്യാപിക്കുമ്പോള്‍ 550 കോടിയെന്നു കണക്കാക്കിയ ചെലവ് ഏറ്റവുമൊടുവില്‍ എസ്റ്റിമേറ്റ് പുതുക്കിയപ്പോള്‍ 3800 കോടിയായി. ഇതിന്റെ പകുതി, 1900 കോടി രൂപയാണു കേരളം നല്‍കേണ്ടത്. ഇതിനായി, 5 വര്‍ഷങ്ങളിലായി പ്രതിവര്‍ഷം 400 കോടി രൂപ വീതം കണ്ടെത്തിയാല്‍ മതിയാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

റെയില്‍വേ കടന്നുചെന്നിട്ടില്ലാത്ത കേരളത്തിന്റെ മലയോര മേഖലകളില്‍ 14 റെയില്‍വേ സ്‌റ്റേഷനുകള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് അങ്കമാലി-എരുമേലി പാത. വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെ ഓടിക്കാന്‍ കഴിയുംവിധം വൈദ്യുതീകരണ സംവിധാനത്തില്‍ മാറ്റംവരുത്തിയുള്ള എസ്റ്റിമേറ്റാണ് ഇപ്പോള്‍ ശബരി പാതയ്ക്കുള്ളതെന്നതു വികസനം കൊതിക്കുന്ന കേരളത്തിനു കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.


 ഇതോടൊപ്പം എരുമേലിയിലെ വിമാനത്താവളംകൂടി യാഥാര്‍ഥ്യമായാല്‍, ദൂരദേശങ്ങളില്‍നിന്നെത്തുന്ന തീര്‍ഥാടകര്‍ക്കും കേരളത്തിനാകെത്തന്നെയും അത് ഏറെ പ്രയോജനകരമാവും.


മഹാരാഷ്ട്ര മോഡല്‍ വികസനം ശബരി റെയില്‍പാതയില്‍ നടപ്പാക്കുമെന്നതും കേരളത്തിന് ഏറെ പ്രതീക്ഷ പകരുന്നതാണ്. റെയില്‍വേയ്ക്കും സംസ്ഥാന സര്‍ക്കാരിനും തുല്യപങ്കാളിത്തം ഉള്ളതാണു മഹാരാഷ്ട്ര മോഡല്‍. മഹാരാഷ്ട്രയില്‍ നാല്‍പ്പത്തൊന്നോളം റെയില്‍വേ പ്രോജക്ടുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

വിവിധ പദ്ധതികളിലൂടെ മഹാരാഷ്ട്രയുടെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ റെയില്‍വേ നിര്‍ണായക പങ്കാണു വഹിക്കുന്നത്. 1,64,605 കോടി രൂപയുടെ വന്‍ നിക്ഷേപമാണു കഴിഞ്ഞ കാലയളവില്‍ റെയില്‍വേ നടത്തിയത്.


 2024-25 ലെ കേന്ദ്ര ബജറ്റില്‍ മാത്രം 15,940 കോടി രൂപ മഹാരാഷ്ട്രയുടെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നീക്കിവച്ചു. 2009-14 കാലയളവില്‍ മഹാരാഷ്ട്രയ്ക്കു ലഭിച്ചിരുന്നത് 1,171 കോടിമാത്രാണ്. പക്ഷേ, കേരളത്തിനാകട്ടേ അന്നും ഇന്നും കിട്ടുന്നതു വളരെക്കുറച്ചു തുക മാത്രം. ചിലപ്പോള്‍ ഒന്നും കിട്ടുകയുമില്ല.


ശബരി റെയില്‍പാത  തടസങ്ങളില്ലാതെ പൂര്‍ത്തിയാക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു. ഇനിയുള്ള കടമ്പകള്‍ എത്രയുംവേഗം മറികടന്ന്, സമയബന്ധിതമായി മുന്നോട്ടു നീങ്ങണം. അതിനായി റെയില്‍വേയോടൊപ്പം സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും ജനങ്ങളും ഒന്നിച്ചു നില്‍ക്കുകയും വേണം.

Advertisment