Advertisment

കെ. സുധാകരനെതിരെ കോൺഗ്രസിൽ അമർഷം പുകയുന്നു; അതൃപ്തി എം.എം.ഹസൻ ആക്ടിങ്ങ് പ്രസിഡന്റായിരുന്ന കാലത്തെ തീരുമാനങ്ങൾ റദ്ദാക്കുന്നതിൽ; അച്ചടക്ക നടപടിയിൽ പുറത്ത് നിന്ന കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫീനെ തിരിച്ചെടുത്ത ഹസൻെറ തീരുമാനം റദ്ദാക്കിയതിൽ ഹൈക്കമാൻഡിന് പരാതി; കൂടിയാലോചിച്ചെടുത്ത തീരുമാനങ്ങൾ കെ. സുധാകരൻ അട്ടിമറിയ്ക്കുന്നുവെന്ന് വിമർശനം

പോഷക സംഘടനകളുടെ തലപ്പത്തെ നിയമനം പോലും വ്യക്തിഗത താൽപര്യങ്ങൾക്ക് അനുസരിച്ചാണ് നടപ്പാക്കുന്നതെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങളിലൊക്കെ കോൺഗ്രസ് ഹൈക്കമാൻഡ് പരിഹാരം ഉണ്ടാക്കണമെന്നാണ് ഗ്രൂപ്പ് ഭേദമന്യേ നേതാക്കളുടെ ആവശ്യം.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
k sudhakaran mm hassan

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷപദവിയിൽ തിരികെയത്തിയ കെ. സുധാകരൻെറ നടപടികളിൽ അതൃപ്തി പുകയുന്നു. എം.എം. ഹസൻ ആക്ടിങ്ങ് പ്രസിഡന്റായിരിക്കെ എടുത്ത തീരുമാനങ്ങൾ റദ്ദാക്കുന്ന സുധാകരൻെറ നടപടികളിൽ ആണ് കോൺഗ്രസ് നേതൃത്വത്തിനുളളിൽ അതൃപ്തി രൂക്ഷമാകുന്നത്. കെ.പി.സി.സി സെക്രട്ടറിയും തിരുവനന്തപുരം ജില്ലയിലെ ജനകീയ നേതാവുമായ എം.എ. ലത്തീഫിനെ നടപടി പിൻവലിച്ച് തിരിച്ചെടുത്ത നടപടി റദ്ദാക്കിയതാണ് പാർട്ടിയിൽ സുധാകര വിരുദ്ധ വികാരം ഉയരാൻ കാരണം.

Advertisment

ഹസൻ അധ്യക്ഷ ചുമതല വഹിക്കുമ്പോൾ എല്ലാ നേതാക്കളുമായി കൂടിയാലോചന നടത്തി കൈക്കൊണ്ട തീരുമാനം സുധാകരൻ ഏകപക്ഷീയമായി റദ്ദാക്കിയെന്നാണ് പാർട്ടിക്കുളളിൽ നിറയുന്ന പൊതുവികാരം. തിരിച്ചെടുത്ത നടപടി റദ്ദാക്കിയ സുധാകരൻെറ തീരുമാനത്തിന് എതിരെ  എ.ഐ.സി.സി നേതൃത്വത്തെ സമീപിക്കുമെന്ന് എ.എം. ലത്തീഫ് അറിയിച്ചു.

അന്തരിച്ച നേതാവ് ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പിൻെറ ജില്ലയിലെ പ്രധാന നേതാവുമാണ് എ.എം.ലത്തീഫ്. തിരുവനന്തപുരത്തിൻെറ വടക്കൻ തീരപ്രദേശങ്ങളിൽ വലിയ ജനകീയ അംഗീകാരമുളള ലത്തീഫ്, ജില്ലയിലെ പ്രധാന പരിപാടികൾക്ക് ആളെ കൂട്ടാൻ കഴിയുന്ന മികച്ച സംഘാടകനുമാണ്. പെരുമാതുറ സ്വദേശിയായ ലത്തീഫിന് മത്സ്യമേഖലയിലും വലിയ സ്വാധീനമുളള നേതാവാണ്.

ലത്തീഫിനെതിരായ നടപടി തിരുവനന്തപുരത്തെ കോൺഗ്രസിൻെറ സംഘടനാ ശേഷിയെതന്നെ സാരമായി ബാധിച്ചു. മുതലപ്പൊഴിയിൽ തുടർച്ചയായി സംഭവിച്ച അപകടങ്ങളിൽ ജീവഹാനി സംഭവിച്ചപ്പോൾ തീരമേഖലയിൽ കാര്യമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ പോലും കോൺഗ്രസിനായില്ല.  


ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്താണ് ലത്തീഫിൻെറ ജനകീയത കണക്കിലെടുത്ത് തിരിച്ചെടുത്തത്. എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുമായി കൂടിയാലോചിച്ചാണ് ആക്ടിങ്ങ് പ്രസിഡന്റായ എം.എം. ഹസൻ ലത്തീഫിനെതിരായ  നടപടി പിൻവലിച്ച് തിരിച്ചെടുക്കാൻ തീരുമാനിച്ചത്.


അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ എം.എം ഹസ്സനെതിരെ സുധാകരൻ നടത്തിയ പ്രസ്താവനയിൽ തന്നെ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. എം എ ലത്തീഫിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്ത ഹസന്റെ തീരുമാനം റദ്ദാക്കുക കൂടി ചെയ്തതോടെ, സുധാകരനെതിരെ അമർഷം പുകയുകയാണ്. എ ഗ്രൂപ്പ് നേതാക്കൾക്കിടയിലാണ് സുധാകര വിരുദ്ധ വികാരം നുരയുന്നത്. ലത്തീഫിനെ തിരിച്ചെടുത്തതിന് എതിരെ വ്യാപക പരാതി ഉണ്ടെന്ന്  ചൂണ്ടിക്കാണിച്ച് കൊണ്ടാണ് കെ. സുധാകരൻ തിരിച്ചെടുത്ത നടപടി റദ്ദാക്കിയിരിക്കുന്നത്. ഇതിനെതിരെ എ.ഐ.സി.സി നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് എം എ ലത്തീഫ്. മുതിർന്ന നേതാക്കളുടെ പിന്തുണയോടെയാണ് ലത്തീഫിൻെറ നീക്കം.

ആക്ടിങ്ങ് പ്രസിഡന്റായിരിക്കെ കൈക്കൊണ്ട നടപടികളിൽ ചിലത് റദ്ദാക്കുമെന്ന സുധാകരൻെറ പ്രസ്താവനയിൽ തന്നെ പ്രകോപിതനായിരുന്ന എം.എം.ഹസൻ, ലത്തീഫിനെതിരായ നടപടി പിൻവലിച്ചതോടെ കടുത്ത അമർഷത്തിലാണ്. പരസ്യ പ്രതികരണങ്ങൾ നടത്തി പ്രശ്നം കൂടുതൽ വഷളാക്കരുതെന്നാണ് എ.ഐ.സി.സി നേതൃത്വം നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം.


എം.എം ഹസ്സന്റെ മറ്റു തീരുമാനങ്ങളിൽ കൂടി സുധാകരൻ തിരുത്തലിന് ശ്രമിക്കുമോ എന്ന് നോക്കി, അടുത്ത നീക്കം ആലോചിക്കാമെന്നാണ്  എന്നാണ് നേതാക്കൾക്കിടയിലെ ധാരണ.


 മുതിർന്ന നേതാക്കളുമായി പോലും ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കാൻ വിസമ്മതിക്കുന്നു എന്നതാണ് കെ. സുധാകരന് എതിരെ ഉയരുന്ന പ്രധാന പരാതി. സുധാകരനെ ചുറ്റിപ്പറ്റിയുളള വലയത്തിൻെറ നിർദ്ദേശങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ചാണ് പല തീരുമാനങ്ങളും കൈക്കൊളളുന്നതെന്നും ആക്ഷേപമുണ്ട്. പോഷക സംഘടനകളുടെ തലപ്പത്തെ നിയമനം പോലും വ്യക്തിഗത താൽപര്യങ്ങൾക്ക് അനുസരിച്ചാണ് നടപ്പാക്കുന്നതെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങളിലൊക്കെ കോൺഗ്രസ് ഹൈക്കമാൻഡ് പരിഹാരം ഉണ്ടാക്കണമെന്നാണ് ഗ്രൂപ്പ് ഭേദമന്യേ നേതാക്കളുടെ ആവശ്യം.

Advertisment