/sathyam/media/media_files/MJcoJRjcIKYoBR5IhNyV.jpg)
കോട്ടയം: ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ വിദ്വേഷ പ്രസ്താവനയില്‍ കേസുമായതോടെ മുന്‍കൂര്‍ ജാമ്യം തേടി ബി.ജെ.പി നേതാവ് പി.സി. ജോര്‍ജ്. മുന്‍കൂര്‍ ജാമ്യ ഹരജി സമര്‍പ്പിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.
പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പുപറഞ്ഞതാണ്. എന്നാല്‍, മാപ്പ് അംഗീകരിക്കാതെ അതിനെ ഏതുവിധേനയും സജീവ വിഷയമായി കൊണ്ടുനടക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്.
നല്ലവരായ, ഈ രാജ്യത്തെ സ്‌നേഹിക്കുന്ന ഇസ്ലാം സഹോദരങ്ങളെ അതിന് എതിരാക്കുക എന്ന വലിയ അജണ്ട ഇത്തരക്കാര്‍ക്കുപിന്നിലുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ ചെയ്യുന്നതാണ് ഈ നാട്ടില്‍ മത സ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനം.
രാഷ്ട്രീയപ്പാര്‍ട്ടിയുടെ അംഗമെന്ന നിലയിലും രാജ്യസ്‌നേഹി എന്ന നിലയിലും നിയമപരമായി അതിനെ നേരിട്ടേ മതിയാവൂ. അത് ചെയ്യും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ജനുവരി ആറിന് സ്വകാര്യ ചാനല്‍ ചര്‍ച്ചയിലായിരുന്നു പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. ''മുസ്‌ലിംങ്ങള്‍ എല്ലാവരും പാകിസ്താനിലേക്ക് പോകട്ടെ, ഞങ്ങള്‍ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ.
മുസ്‌ലിംങ്ങള്‍ എല്ലാവരും വര്‍ഗീയവാദികള്‍, ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്, വര്‍ഗീയവാദിയല്ലാത്ത ഒരു മുസ്ലിമും ഇന്ത്യയിലില്ല.
പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീല്‍, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേര്‍ന്ന് പാലക്കാട്ട് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ഈരാറ്റുപേട്ടയില്‍ മുസ്‌ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചത്'' എന്നെല്ലാമാണു പി.സി. ജോര്‍ജ് പറഞ്ഞത്.
തുടര്‍ന്നു വിവിധ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. ഇതോടെ പി.സി ജോര്‍ജ് മാപ്പ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകളടക്കം ചേര്‍ത്താണു കേസെടുത്തത്.
ഭാരതീയ നിയമ സംഹിത 196, 299, കേരളാ പൊലീസ് ആക്ട് 120 (O ) എന്നീ വകുപ്പുകള്‍ ചുമത്തിയാണു പി.സി ജോര്‍ജിനെതിരായ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലിമിന്റെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തിയിരുന്നു.
യൂത്ത് ലീഗ്, എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവര്‍ അടക്കം 7 പരാതികളാണു സംസ്ഥാനത്തു വിവിധ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചത്.