Advertisment

ദോശ ചുട്ടെടുക്കും പോലെ പാസാക്കിയ വാർഡ് കൂട്ടൽ ബില്ലിൽ ഗവർണർ ഒപ്പിട്ടേക്കില്ല; സർക്കാർ ലക്ഷ്യമിടുന്നത് 1200 വാർഡുകൾ കൂട്ടൽ മാത്രമല്ല എല്ലാ വാർഡുകളുടെയും അതിർത്തി മാറ്റൽ ! ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ. രാഷ്ട്രീയ ലക്ഷ്യമെന്ന് വിലയിരുത്തി ഗവർണർ ബിൽ തടഞ്ഞുവയ്ക്കും; ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെടും

 സംസ്ഥാനത്തിന്റെ നിലനിൽപിന് അനിവാര്യമല്ലെന്നിരിക്കെ ഈ ബില്ലുകൾ പ്രത്യേക അധികാരമുപയോഗിച്ച് പാസാക്കിയെടുത്തത് വൻ പ്രതിഷേധമുയർത്തിയിട്ടുണ്ട്

New Update
arif muhammad khan-4

തിരുവനന്തപുരം: രാഷ്ട്രീയമായി ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുള്ള തദ്ദേശ വാർഡ് വിഭജന ബിൽ ചർച്ച ചെയ്യാതെയും സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കാതെയും അഞ്ച് മിനിറ്റിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ബില്ലിൽ ഒപ്പിടാൻ ഇടയില്ല. സർക്കാരിന് ബില്ലിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നാണ് ഗവർണർ വിലയിരുത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിൽ തടഞ്ഞുവയ്ക്കാനാണ് സാദ്ധ്യത.

Advertisment

2025 ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പുതിയ ഓരോ വാർഡുകൾ ചേർക്കുന്നതിന് ബിൽ കൊണ്ടുവന്നത്. ഇതുപ്രകാരം 1200 പുതിയ വാർഡുകൾ രൂപീകരിക്കും. ഭരണകക്ഷിക്ക് അനുകൂലമെന്ന് കരുതുന്ന സ്ഥലങ്ങളിൽ പുതിയ വാർഡുകൾ കൊണ്ടുവരാനാണ് സർക്കാർ ഒരുങ്ങിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കിട്ടിയ തിരിച്ചടി തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലാണ് സർക്കാർ എടുക്കുന്നത് എന്നാണ് വിലയിരുത്തൽ.

ഓരോ വാർഡ് കൂട്ടാനാണ് ബില്ല്. പക്ഷേ എല്ലാ വാർഡുകളുടെയും അതിർത്തി പുനർവിഭജിക്കാൻ ഇതിലൂടെ സർക്കാരിന് കഴിയും. ജനസംഖ്യയ്ക്ക് ആനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് കൂട്ടുന്ന തരത്തിൽ പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്രി നിയമങ്ങളിൽ ഭേദഗതി വരുത്തും. പഞ്ചായത്തുകളിൽ ആയിരം പേർക്ക് ഒരു വാർഡെന്നാണ് കണക്ക്. ജനസംഖ്യ വർദ്ധിച്ചെന്ന് വിലയിരുത്തിയാണ് പുനർനിർണയം.  ചെറിയ പഞ്ചായത്തുകളിൽ 13ഉം വലുതിൽ 23 വാർഡുമാണ് നിലവിലുള്ളത്. ഭേദഗതിയോടെ ഇത് 14ഉം 24മായി ഉയരും. ഓർഡിനൻസിൽ ഗവർണർ ഒപ്പിടേണ്ടതുണ്ട്.

ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകൾ വിഭജിക്കേണ്ടത്. എന്നാൽ  2011ലാണ് ഒടുവിൽ സെൻസസ് നടന്നത്.  2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് അടക്കമുള്ള കാരണങ്ങളാൽ നടന്നില്ല.  

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിന് മുൻപ് 2019 ജനുവരിയിൽ വാർഡ് വിഭജനത്തിനായി ഓർഡിനൻസിറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടില്ല. 2020 ഫെബ്രുവരിയിൽ നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവച്ചെങ്കിലും കൊവിഡിനിടെ, വാർഡ് വിഭജനം അസാദ്ധ്യമായതിനാൽ മറ്റൊരു ഓർഡിനൻസിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു.

ബിൽ നിയമസഭയിലവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിടാനായിരുന്നു അജണ്ട. എന്നാൽ ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട അടിയന്തിരപ്രമേയത്തിന്റെ പേരിൽ പ്രതിപക്ഷം നിയമസഭയിൽ ബഹളമുണ്ടാക്കികൊണ്ടിരിക്കെ പ്രത്യേകകാരണമൊന്നും പറയാതെ സ്പീക്കർ എ.എൻ.ഷംസീർ ബിൽ ചർച്ചയില്ലാതെയും സബ്ജക്ട് കമ്മിറ്റിക്ക് വിടാതെയും പാസാക്കുന്നതാണെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ് ബിൽ അവതരിപ്പിക്കും സ്പീക്കറുടെ നിർദ്ദേശമനുസരിച്ച് ശബ്ദവോട്ടോടെ ബിൽ പാസാക്കുകയും ചെയ്തു.  


വാർഡ് വിഭജനത്തിനായി കഴിഞ്ഞമാസം സർക്കാർ ഓര്‍ഡിനൻസ് കൊണ്ടുവന്നെങ്കിലും ലോകസഭാതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒപ്പിടാതെ മടക്കി.


 തുടർന്നാണ് ബിൽ സഭയിൽ കൊണ്ടുവന്നത്. അടുത്തവർഷം നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനം മൂന്നുഘട്ടങ്ങളിലായി പൂർത്തിയാക്കാനാണ് നിയമഭേദഗതിലക്ഷ്യമിടുന്നത്. ആദ്യം 941 ഗ്രാമപ്പഞ്ചായത്തുകളിലും 86 മുനിസിപ്പാലിറ്റികളിലും ആറു കോർപ്പറേഷനുകളിലും വാർഡുകളുടെ അതിർത്തി പുനഃക്രമീകരിക്കും. രണ്ടാംഘട്ടത്തിൽ 152 ബ്ലോക്ക് പഞ്ചായത്തുകളിലും അന്തിമഘട്ടത്തിൽ ജില്ലാപഞ്ചായത്തുകളിലും വാർഡുകൾ പുന:ക്രമീകരിക്കും.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്കും നാല് മുതിർന്ന ഐഎഎസ് ഓഫീസർമാർക്കുമാണ് പുനർനിർണയ സമിതിയുടെ ചുമതല. നടപടികൾ പൂർത്തിയാക്കാൻ ആറുമാസമെടുക്കും. നിലവിൽ 1200 തദ്ദേശസ്ഥാപനങ്ങളിലായി 21,865 പ്രതിനിധികളാണുള്ളത്. പരിഷ്കാരം പ്രാബല്യത്തിൽ വന്നാൽ 1200 അംഗങ്ങൾ കൂടി ഉണ്ടാകും. ഈ പ്രതിനിധികൾക്കെല്ലാം ഓണറേറിയം നൽകാൻ 67 കോടി രൂപ വേണ്ടിവരും. ജനസംഖ്യാനുപാതികമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും ഓരോ വാർഡുകൾ ചേർക്കുന്നതിന് പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തും. പഞ്ചായത്തുകളിൽ ആയിരം പേർക്ക് ഒരു വാർഡാണുള്ളത്. ജനസംഖ്യ വർധിച്ചെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പുനർമൂല്യനിർണയം. ഇപ്പോൾ ചെറുപഞ്ചായത്തുകളിൽ 13ഉം വലിയ പഞ്ചായത്തുകളിൽ 23ഉം വാർഡുകളാണുള്ളത്.  അഞ്ച് വർഷത്തേക്ക് 67 കോടിരൂപ അധികചെലവുണ്ടാക്കുന്നതാണ് നടപടി.

 

നിയമസഭ നടത്തികൊണ്ടുപോകാനാകാത്ത സാഹചര്യങ്ങളിൽ സംസ്ഥാനത്തിന് നിലനിൽപിന് അനിവാര്യമായ സാമ്പത്തിക ബില്ലുകളും ധനവിനിയോഗ ബില്ലുകളും സെലക്ട്കമ്മിറ്റി, സബ്ജക്ട് കമ്മിറ്റി, അപ്രോപ്രിയേറ്റ് കമ്മിറ്റി എന്നിവയ്ക്ക് വിടാതെയും ചർച്ചകൂടാതെയും പാസാക്കാൻ സ്പീക്കർക്ക് അധികാരം നൽകുന്ന സഭാനടപടി ചട്ടങ്ങളിലെ 76,77,237 വകുപ്പുകൾ അനുസരിച്ചാണ്  വാർഡ് വിഭജന ബില്ലുകൾ പാസാക്കിയത്.


 സംസ്ഥാനത്തിന്റെ നിലനിൽപിന് അനിവാര്യമല്ലെന്നിരിക്കെ ഈ ബില്ലുകൾ പ്രത്യേക അധികാരമുപയോഗിച്ച് പാസാക്കിയെടുത്തത് വൻ പ്രതിഷേധമുയർത്തിയിട്ടുണ്ട്.


 സെൻസസ് വരുന്ന മുറയ്ക്കാണ് ജനപ്രതിനിധ്യസഭകളുടെ പുനർനിർണ്ണയം നടത്തേണ്ടതെന്നാണ് ഭരണഘടനാവ്യവസ്ഥ. അല്ലാത്ത സാഹചര്യത്തിൽ വാർഡ് വിഭജനത്തിന് മുതിരുന്നത് നിയമപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്നിരിക്കെ പ്രതിപക്ഷത്തിന്റെ പോലും അറിവില്ലാതെ ബില്ലുകൾ പാസാക്കിയത് അസാധാരണ നടപ‌ടിയായി.

തദ്ദേശമന്ത്രി എം.ബി രാജേഷ് പറയുന്നത്- വാർഡ് വിഭജനബിൽ 2019ൽ ഓര്‍ഡിനൻസായും 2020ൽ നിയമഭേദഗതിയായി നിയമസഭയിലും കൊണ്ടുവന്നതാണ്. അന്ന് സബ്ജക്ട് കമ്മിറ്റിക്ക് വിടുകയും സഭരണ്ടുതവണ ചർച്ചയും ചെയ്തു. അതേ ബില്ലാണ് ഒരുമാറ്റവും കൂടാതെ വീണ്ടുംകൊണ്ടുവന്നത്. ബിൽ പാസാക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രതിപക്ഷം അനൗദ്യോഗികമായി അറിയിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ചർച്ചയില്ലാതെ പാസാക്കിയത്- എന്നാൽ 2020ലെ സഭയിലെ മെമ്പർമാരല്ല ഇപ്പോഴുള്ളതെന്നാണ് ഇതിന്റെ എതിർവാദം.

Advertisment