തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്തിന് മറുപടിക്കത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ഗവര്‍ണര്‍ അയച്ച കത്തിലെ പരാമര്‍ശങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
തനിക്കെന്തോ മറച്ചു വയ്ക്കാനുണ്ട് എന്നത് അനാവശ്യ പരാമർശമാണ്. അടിസ്ഥാന രഹിതമായ ഇത്തരം ആരോപണം ഉന്നയിക്കുന്നതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തനിക്ക് ഒന്നും മറച്ചുവെക്കാനില്ല. എന്തെങ്കിലും വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ല. എല്ലാ കാര്യങ്ങളും കൃത്യമായി ഗവര്‍ണറെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തിലൂടെ മറുപടി നല്‍കി.
ദേശദ്രോഹ പ്രവര്‍ത്തനങ്ങളെപ്പറ്റി താന്‍ ഒരു തരത്തിലുള്ള പൊതുപ്രസ്താവനയും നടത്തിയിട്ടില്ല. സ്വര്‍ണക്കടത്ത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. അഭിമുഖത്തിലെ ദേശവിരുദ്ധ പരാമര്‍ശം ഞാന്‍ പറഞ്ഞതല്ലെന്ന് പത്രം തന്നെ വിശദീകരിച്ചിരുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി.
സ്വര്‍ണക്കടത്ത് തടയുന്നതിനുള്ള നടപടികള്‍ ഫലപ്രദമായി ഏറ്റെടുത്ത് ചെയ്യാന്‍ ഗവര്‍ണര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തിനാണ് കൂടുതല്‍ ചുമതലയുള്ളതെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.