Advertisment

പരിഹരിക്കാനാവാത്ത വിധം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ രാജീവ് ഗാന്ധി മന്ത്രിസഭയിലെ ക്യാബിനെറ്റ് പദവി വലിച്ചെറിഞ്ഞ ഒരാള്‍; എഴുത്തുകാരന്‍, വാഗ്മി, നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന പുരോഗമനവാദി: ഇദ്ദേഹവും ഇരട്ട ചങ്കന്‍ തന്നെ ! കേരളത്തിൽ ജനകീയനായി മാറുന്ന ഗവർണറുടെ കഥ ഇങ്ങനെ

New Update
arif

Advertisment

തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങള്‍ കേരളം കൗതുകത്തോടെയാണ് കാത്തിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഗവര്‍ണര്‍  എസ്എഫ്ഐ പോരിന് പിന്നാലെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്ത് എത്തിയത്. ഇതിനിടെ കേരളത്തില്‍ ജനകീയനായി മാറുന്ന ഗവര്‍ണറെക്കുറിച്ച് ടിജി വിജയകുമാര്‍ എഴുതുന്നു.


പരിഹരിക്കാനാവാത്തവിധം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ രാജീവ് ഗാന്ധി മന്ത്രിസഭയിലെ ക്യാബിനെറ്റ് പദവി വലിച്ചെറിഞ്ഞ ഒരാള്‍.  എഴുത്തുകാരന്‍, വാഗ്മി, നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന പുരോഗമനവാദി, അങ്ങനെയൊക്കെ അടയാളപ്പടുത്തപ്പെട്ട ഒരു ആരിഫ് മുഹമ്മദ് ഖാനെയാണ് ഗൂഗിള്‍ തിരച്ചിലില്‍ കണ്ടെത്തിയത്. 

ആരിഫ് മുഹമ്മദ് ഖാന്‍, ഇന്ത്യയിലെ മുന്‍ കാബിനറ്റ് മന്ത്രിയും ഇപ്പോള്‍ കേരളാ ഗവര്‍ണറുമാണ്. 1951-ല്‍ ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജനിച്ചു. അലിഗഢ് സര്‍വകലാശാല, ഷിയാ കോളേജ്, ലഖ്‌നൗ സര്‍വകലാശാല എന്നിവിടങ്ങളില്‍  പഠനം പൂര്‍ത്തിയാക്കി.

വിദ്യാര്‍ഥി നേതാവായാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. മുന്‍ യുപി മുഖ്യമന്ത്രി ചരണ്‍ സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ക്രാന്തിദളില്‍ നിന്നാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. ഉത്തര്‍ പ്രദേശ് നിയമസഭയിലേക്ക് ഭാരതീയ ക്രാന്തി ദള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി സിയാന മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല.

സ്വതന്ത്രാ പാര്‍ട്ടിസ്ഥാപകനായ ഭാരതീയ ലോക്ദള്‍ നേതാവ് ചരണ്‍സിങ്ങിന്റെ അനുയായിയായി അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍വന്നു. തുടക്കത്തില്‍  ജനതാ പാര്‍ട്ടിക്കാരനായിരുന്നു.

പിന്നീട്, കോണ്‍ഗ്രസിലെത്തിയെങ്കിലും ബോഫോഴ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച വി.പി. സിംഗ്, അരുണ്‍ നെഹ്രു, മുഫ്തി മുഹമ്മദ് സെയ്ദ്, വി. സി. ശുക്ല, രാംധന്‍, രാജ് കുമാര്‍ റായി, സത്യപാല്‍ മാലിക് എന്നിവരുമായി ചേര്‍ന്ന് ജനമോര്‍ച്ച എന്ന രാഷ്ട്രീയപാര്‍ട്ടി രൂപവല്‍ക്കരിക്കുന്നതില്‍ പങ്കാളിയാവുകയും ചെയ്തു.

തുടര്‍ന്ന് ജനമോര്‍ച്ച ജനതാദളായി പരിണമിച്ചു. പിന്നീട് ബിഎസ്പിയിലും, ശേഷം ബിജെപിയിലും പ്രവര്‍ത്തിച്ചു. 2007ല്‍ അദ്ദേഹം ബിജെപിയില്‍ നിന്ന് അകന്നു. എന്നാല്‍ 'മുത്തലാക്ക് '  വിഷയത്തോടെ മോദി സര്‍ക്കാരുമായി അദ്ദേഹം അടുക്കുകയുണ്ടായി. 

കേന്ദ്രമന്ത്രി പദവി രാജിവച്ച സംഭവം!

1986ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ഊര്‍ജ്ജമന്ത്രിയായിരിക്കേ, മുസ്ലിം സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതിനായ് ലോക്സഭയില്‍ അവരിപ്പിച്ച ബില്ലിനോടു പ്രതിഷേധിച്ച് അദ്ദേഹം രാജിവച്ചത് അക്കാലത്തെ വലിയ വര്‍ത്തപ്രാധാന്യം നേടിയ സംഭവമായിരുന്നു.

സെഡ്.ആര്‍. അന്‍സാരിയടക്കം പല പ്രമുഖരും ബില്ലിനെ പ്രകീര്‍ത്തിച്ചപ്പോള്‍ ബില്ലുമായി മുന്നോട്ടുപോകുന്നതു കോണ്‍ഗ്രസിന്റെ മതേതരസ്വഭാവത്തിന് എതിരാണെന്നു പാര്‍ട്ടി അദ്ധ്യക്ഷനും പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയോടു ചൂണ്ടിക്കാട്ടാനും വഴങ്ങില്ലെന്നു കണ്ടപ്പോള്‍ മന്ത്രിപദം രാജിവയ്ക്കാന്‍ തന്റേടം കാട്ടുകയും ചെയ്തു അദ്ദേഹം.

ആരിഫ് മുഹമ്മദ് ഖാന്‍ എല്ലായ്‌പ്പോഴും മുസ്ലീങ്ങള്‍ക്കുള്ളിലെ നവീകരണത്തെ പിന്തുണച്ചിട്ടുണ്ട്. 

മുത്താലാഖ്‌നെ എക്കാലവും എതിര്‍ത്ത അദ്ദേഹം, കുറ്റവാളികള്‍ക്ക് 3 വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. വിവാഹ മോചിതരായ മുസ്ലീം ഭാര്യയെ പരിപാലിക്കാനുള്ള അവകാശം നിയമപരമാക്കണമെന്ന ഷാബാനു കേസിലെ സുപ്രീം കോടതിയുടെ വിധിയെ ആരിഫ് മുഹമ്മദ് ഖാന്‍ പിന്തുണയ്ക്കുകയുണ്ടായി.  

നയരൂപീകരണത്തിലും ഇസ്ലാം നവീകരണത്തിലും സജീവമായി ഏര്‍പ്പെട്ട അദ്ദേഹം അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നിര്‍ത്തലാക്കണമെന്ന പക്ഷക്കാരനായിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ധാരാളം പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മ ആരിഫും ചേര്‍ന്ന് ' സമര്‍പ്പണ്‍' എന്ന സന്നദ്ധ സംഘടന നടത്തുന്നു.

Advertisment