കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം രംഗത്ത്. കുടുംബത്തിന്റെ വൈകാരിതകയെ മനാഫ് ചൂഷണം ചെയ്യുന്നുവെന്നാണ് ആരോപണം. നാലാമത്തെ മകനായി അര്‍ജുന്റെ കുഞ്ഞിനെ വളര്‍ത്തുമെന്ന് മനാഫ് പറഞ്ഞത് വേദനിപ്പിച്ചുവെന്നും അര്‍ജുന്റെ കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
75,000 രൂപ വരെ അർജുന് ശമ്പളമുണ്ടെന്നു പ്രചാരണം നടക്കുന്നു. അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്ട് വേണ്ടെന്നും അർജുന്റെ കുടുംബം വ്യക്തമാക്കി.
ഫണ്ട് പിരിക്കാൻ ശ്രമിക്കുകയാണ്. ഇതിൽ പലരും വീണു പോകുകയാണ്. അര്‍ജുൻ നഷ്ടപ്പെട്ടുവെന്നത് യഥാര്‍ഥ്യമാണ്. അതിന്റെ പേരിൽ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. ചില ആളുകൾ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരുകയാണെന്ന് അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയ ആരോപിച്ചു.
അര്‍ജുന്റെ ഭാര്യയ്ക്കും മകനും ജീവിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തിട്ടുണ്ട്. എല്ലാ ഘട്ടത്തിലും കുടുംബം ഒന്നിച്ചുനിന്നിട്ടുണ്ട്. അര്‍ജുന്റെ കുടുബത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ നിലവില്‍ ബുദ്ധിമുട്ടുകളില്ല.
കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് അത് മറ്റൊരു രീതിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സംഭവത്തെ വൈകാരികമായി ചിലര്‍ മുതലെടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരേ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും കുടുംബം പറയുന്നു.
ഈശ്വര്‍ മാല്‍പെയ്‌ക്കെതിരെയും വിമര്‍ശനം
മനാഫിന് യുട്യൂബ് ചാനലുണ്ട്. അർജുനോട് സ്നേഹമുണ്ടെങ്കിൽ എല്ലാകാര്യവും വീഡിയോ എടുക്കില്ലായിരുന്നു. ലോറി ഉയര്‍ത്തുന്നതും അവിടെ നടക്കുന്ന മറ്റു സംഭവങ്ങളുമെല്ലാം യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുന്നു.
മനാഫും മാല്‍പെയും വൈകാരികത ചൂഷണം ചെയ്തു. മാല്‍പെയെ കൊണ്ടുവന്നത് മനാഫാണ്. മനാഫും മാല്‍പെയും ചേര്‍ന്ന് നാടകപരമ്പര നടത്തിയെന്നും അര്‍ജുന്റെ കുടുംബം ആരോപിച്ചു.
ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്ന് മനാഫ്
അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്ന് മനാഫ്. ലോറിക്ക് അർജുന്റെ പേരുതന്നെ ഇടും. ചിത അടങ്ങും മുൻപ് ക്രൂശിക്കരുതായിരുന്നു. യുട്യൂബ് ചാനൽ തുടങ്ങിയത് തിരച്ചിലിന്റെ വിവരങ്ങൾ പങ്കുവയ്ക്കാനാണ്. അർജുനെ കിട്ടിയതോടെ അത് അവസാനിപ്പിച്ചെന്നും മനാഫ് പറയുന്നു.