മൂവാറ്റുപുഴയിൽ കടുത്ത പോരാട്ടത്തിന് തുടക്കം; മാത്യു കുഴൽനാടന് എതിരാളിയായി സിപിഐ യുവജന നേതാവ് എൻ. അരുൺ സ്ഥാനാർഥിയാകും. കലാകാരനും ജനകീയനും മണ്ഡലത്തിലാകെ സ്വാധീനവുമുളള അരുൺ എൽഡിഎഫിന്റെ വിജയപ്രതീക്ഷയാണ്. മത - സാമൂഹിക സമവാക്യങ്ങൾ നിർണായകമായാൽ ജനവിധിയിൽ വൻ അട്ടിമറിയുണ്ടായേക്കും. സർക്കാരിനെ നിരന്തരം വെല്ലുവിളിക്കുന്ന മാത്യു കുഴൽനാടന് ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയ നിലനിൽപ്പിന്റെ കൂടി പോരാട്ടം

New Update
N ARUN

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ മാത്യു കുഴൽനാടൻെറ എതിരാളിയായി യുവനേതാവ് എൻ.അരുൺ സിപിഐ സ്ഥാനാർഥി ആകും.

Advertisment

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയും പാർട്ടിയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫിൻെറ സംസ്ഥാന പ്രസിഡൻറുമാണ് അരുൺ.


മൂവാറ്റുപുഴ മണ്ഡലത്തിൽ ഉൾപ്പെട്ട തൃക്കളത്തൂർ സ്വദേശിയായ എൻ.അരുൺ നേരത്തെ ഈ മേഖലയിൽ നിന്ന് ജില്ലാ പഞ്ചായത്ത് അംഗമായിട്ടുണ്ട്. ജനകീയനും മണ്ഡലത്തിലാകെ സ്വാധീനവും ബന്ധുബലവുമുളള എൻ.അരുൺ നല്ലൊരു കലാകാരൻ കൂടിയാണ്.


സിനിമ- നാടക-ഡോക്യുമെൻററി സംവിധായകനായ അരുൺ, ആനുകാലികങ്ങളിൽ നല്ല കഥകൾ എഴുതിയിട്ടുളള എഴുത്തുകാരനുമാണ്. ഇതര രാഷ്ട്രീയക്കാരെ പോലെ രാഷ്ട്രീയ പ്രവർത്തനം ഉപജീവനമാക്കിയിട്ടുളള നേതാവല്ല എൻ.അരുൺ.

പരസ്യ ചിത്രങ്ങൾ ഒരുക്കിയും ഡോക്യുമെൻററികൾ തയാറാക്കിയും ഒക്കെയാണ് അരുൺ ജീവിതച്ചെലവിനുളള വരുമാനം കണ്ടെത്തുന്നത്. പാരിസ്ഥിതിക - ഭൂപ്രശ്നങ്ങളിൽ കർശന നിലപാട് എടുക്കാറുളള അരുൺ, നിരവധി അനധികൃത നിലം നികത്തലിനും ഭൂമി തരംമാറ്റലിനും തടയിട്ടിട്ടുമുണ്ട്.


മണ്ഡലത്തിൽ നിന്നുളള നേതാവ് എന്നതും ജനകീയ പ്രതിഛായയുമുളള എൻ.അരുണിൻെറ സ്ഥാനാർത്ഥിത്വം സിറ്റിങ്ങ് എം.എൽ.എ മാത്യു കുഴൽനാടന് വലിയ വെല്ലുവിളിയാകും.


മണ്ഡലത്തിലെ മത- സാമുദായിക സംതുലനവും എൻ.അരുണിന് അനുകൂലമാണ്.ക്രൈസ്തവ ഭൂരിപക്ഷമുളള മണ്ഡലം എന്നാണ് മൂവാറ്റുപുഴയെ കുറിച്ചുളള പൊതുചിത്രമെങ്കിലും യാഥാർത്ഥ്യം അതല്ല. മണ്ഡലത്തിലെ പ്രബല സമുദായം ഹൈന്ദവരാണ്.

നീണ്ട ഇടവേളക്ക് ശേഷം ഹൈന്ദവ വിഭാഗത്തിൽ നിന്നൊരാൾ മൂവാറ്റുപുഴയിൽ സ്ഥാനാർത്ഥിയായി വരുമ്പോൾ മത്സരം കടക്കുമെന്ന് ഉറപ്പാണ്. എറണാകുളം ജില്ലാ പഞ്ചായത്തംഗമായി വിജയിച്ച കാലത്ത് എൻ.അരുണിന് ഹൈന്ദവ വോട്ടുകളിൽ നല്ല മേൽക്കൈ ലഭിച്ചിരുന്നു.


ഇതിനൊപ്പം എൽ.ഡി.എഫിൻെറ അടിസ്ഥാന വോട്ടുകളും ചേരുമ്പോൾ മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടന് ഒത്ത എതിരാളിയായിരിക്കും എൻ.അരുൺ.


സിറ്റിംഗ് എം.എൽ.എ ആയ മാത്യു കുഴൽനാടൻ തന്നെയാകും ഇത്തവണയും യു.ഡി.എഫ് സ്ഥാനാർത്ഥിയെന്ന് ഉറപ്പായിട്ടുണ്ട്. സർക്കാരിനെതിരായ നിരന്തരമായ പോരാട്ടങ്ങളിലൂടെ സംസ്ഥാന ശ്രദ്ധ നേടിയ കുഴൽനാടന് മണ്ഡലത്തിൽ അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ ഏറെയാണ്.

ജപ്തി നടപടികളിൽ പ്രതിഷേധിച്ച് വീടിന്റെ പൂട്ട് പൊളിച്ചതടക്കമുള്ള ഇടപെടലുകൾ സാധാരണക്കാർക്കിടയിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യത നൽകിയിട്ടുണ്ട്.

ജെ.എൻ.യുവിൽ നിന്നുള്ള ഡോക്ടറേറ്റും നിയമരംഗത്തെ പ്രാവീണ്യവും യുവവോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മണ്ഡലം വികസനത്തിൽ സർക്കാർ അവഗണന കാണിക്കുന്നു എന്ന അദ്ദേഹത്തിന്റെ ആരോപണങ്ങൾ വോട്ടർമാർക്ക് ഇടയിൽ ചർച്ചയാക്കാൻ കുഴൽനാടന് സാധിച്ചിട്ടുണ്ട്.


എന്നാൽ മാത്യുവിന് എതിരായ ചില ഘടകങ്ങളും മണ്ഡലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ചിന്നക്കനാലിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണവും എഫ്.ഐ.ആറും മാത്യുവിന് എതിരെ എൽ.ഡി.എഫ് പ്രധാന ആയുധമാക്കുന്നുണ്ട്.


കഴിഞ്ഞ തവണ 13,000-ത്തിലധികം വോട്ടുകൾ നേടിയ ട്വന്റി 20 ഇത്തവണ ബിജെപിക്ക് ഒപ്പം ചേർന്ന് എൻ.ഡി.എ മുന്നണിയായി കൂടുതൽ ശക്തിയാർജ്ജിച്ചാൽ അത് യു.ഡി.എഫ് വോട്ടുകളെ ബാധിക്കാനിടയുണ്ട്.

മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ആരോപണങ്ങളിൽ ശക്തമായ പോരാട്ടം നടത്തുന്ന മാത്യു കുഴൽനാടൻ സിപിഎമ്മിൻെറ കണ്ണിലെ കരടാണ്.

മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ കാരണം സി.പി.എം വലിയ രീതിയിലുള്ള രാഷ്ട്രീയ കടന്നാക്രമണമാണ് കുഴൽനാടനെതിരെ നടത്തുന്നത്.


മാത്യു കുഴൽനാടനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലനിൽപ്പിന്റെ കൂടി പോരാട്ടമാണ്.


തന്റെ വ്യക്തിപരമായ സ്വാധീനവും സർക്കാരിനെതിരായ വിരുദ്ധ വികാരവും വോട്ടാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും വിജയം.

2016-ൽ സി.പി.ഐയിലെ എൽദോ എബ്രഹാം 9,375 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത്. എന്നാൽ 2021-ൽ മാത്യു കുഴൽനാടൻ ഇത് തിരിച്ചുപിടിക്കുകയും ഏകദേശം 7,000-ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തു.

കഴിഞ്ഞ തവണ മൂവാറ്റുപുഴയിൽ ആദ്യമായി മത്സരരംഗത്തിറങ്ങിയ ട്വന്റി 20 13,535 വോട്ടുകൾ പിടിച്ചിരുന്നു. ഇത് ഇടത്-വലത് മുന്നണികളുടെ വോട്ട് വിഹിതത്തിൽ വലിയ കുറവുണ്ടാക്കിയിരുന്നു.

ഇപ്പോൾ എൻ.ഡി.എയുടെ ഘടകകക്ഷി ആയിമാറിയ ട്വൻറി 20 ബിജെപി വോട്ടുകൾ കൂടി ലഭിക്കുമ്പോൾ കൂടുതൽ ശക്തരാകും. മണ്ഡലത്തിലെ ബി.ജെ.പിയുടെ വോട്ട് ശതമാനം 5.21% ആണ്.

Advertisment