കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായ മണ്ഡലം തിരിച്ചുപിടിക്കാൻ വീണ്ടും ആര്യാടൻ ഷൗക്കത്ത് അം​ഗത്തിനിറങ്ങുമ്പോൾ പ്രതീക്ഷകളേറെ. നിലമ്പൂരിനെ ആപാദചൂഡം അറിയാം എന്നത് ഷൗക്കത്തിന്റെ പ്ലസ്പോയിന്റ്. ഷൗക്കത്തിന്റെ ആദ്യ രാഷ്ട്രീയ രം​ഗപ്രവേശനം സിപിഎം സിറ്റിങ്ങ് സീറ്റിൽ അട്ടിമറി വിജയം നേടിക്കൊണ്ട്. നിലമ്പൂർ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതിന് പിന്നിലും ഷൗക്കത്തിന്റെ മികവാർന്ന പ്രവർത്തനം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
aryadan

നിലമ്പൂർ: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന് ഇത് രണ്ടാമൂഴം. പിതാവ് ആര്യാടൻ മുഹമ്മദിന്റെ പിൻഗാമിയായി 2016ലായിരുന്നു ഷൗക്കത്ത്  ആദ്യമായി നിലമ്പൂരിൽ മത്സരിക്കാൻ ഇറങ്ങിയത്. 

Advertisment

നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയർമാനായി തിളങ്ങിയ ആര്യാടൻ ഷൗക്കത്ത് സാംസ്കാരിക സിനിമാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്. കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ച് രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. 


നിലമ്പൂരിൽ ബാപ്പുട്ടി എന്ന പേരിൽ അറിയപ്പെടുന്ന ഷൗക്കത്ത് ജനകീയതയുള്ള നേതാവാണ്. കെപിസിസി ജനറൽ സെക്രട്ടറിയായ ആര്യടൻ ഷൗക്കത്ത് മത്സരിക്കാൻ ഇറങ്ങുമ്പോൾ  നിലമ്പൂരിൽ ജയത്തിൽ കുറഞ്ഞൊന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നില്ല. 


34 വർഷം ആര്യാടൻ മുഹമ്മദ് കോൺഗ്രസിൻ്റെ ശക്തി ദുർഗമായി കാത്തുപോന്ന മണ്ഡലം തിരിച്ചുപിടിക്കാൻ ആര്യാടന്റെ മകനെ തന്നെയാണ് ഈ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് കളത്തിലിറക്കുന്നത്. 

നിലമ്പൂരിനെ ആപാദചൂഡം  അറിയാം എന്നത് തന്നെയാണ് ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പരിഗണിക്കാനുള്ള പ്രധാന കാരണം. പതിനാലാം വയസ്സിൽ നിലമ്പൂർ മാനവേദൻ  സ്കൂളിൽ കെഎസ്‌യുവിന്റെ സ്കൂൾ ലീഡറായിട്ടാണ്  ഷൗക്കത്ത് പൊതുപ്രവർത്തനം തുടങ്ങുന്നത്.

കെഎസ്‌യു നിലമ്പൂർ താലൂക്ക് സെക്രട്ടറിയിൽ നിന്നും കെപിസിസി ജനറൽ സെക്രട്ടറി വരെ എത്താ നിൽക്കുന്നതാണ് ഷൗക്കത്തിൻ്റെ രാഷ്ട്രീയ ജീവിതം.  കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ജന്തു ശാസ്ത്രത്തിൽ ബിരുദ പഠനം പൂർത്തിയാക്കി. 


കലാലയ ജീവിതത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായി. സിപിഎം സിറ്റിങ്ങ് സീറ്റിൽ അട്ടിമറി വിജയം നേടിയാണ് ഷൗക്കത്ത് ആദ്യമായി ജനപ്രതിനിധി ആകുന്നത്. 2005ൽ നിലമ്പൂർ പഞ്ചായത്തിലേക്ക് ആയിരുന്നു ആദ്യ മത്സരം. 


2005ൽ തന്നെ പഞ്ചായത്ത് പ്രസിഡന്റുമായി എല്ലാവർക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെ യുവ പഞ്ചായത്ത് പ്രസിഡൻറ് ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.

ചലച്ചിത്രം മേഖല സജീവമായി ചർച്ച ചെയ്ത കലാമൂല്യമുള്ള ചിത്രങ്ങൾ ഒരുക്കിക്കൊണ്ട് സിനിമാ രംഗത്തും കഴിവ് തെളിയിക്കാൻ ആര്യാടൻ ഷൗക്കത്തിനായി.

പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തിൽ വിലാപങ്ങൾക്കപ്പുറം തുടങ്ങിയ സിനിമകൾക്ക് സംസ്ഥാന, ദേശീയ രാജ്യാന്തര പുരസ്കാരങ്ങൾ ലഭിച്ചു. കെപിസിസിയുടെ സാംസ്കാരിക വിഭാഗമായ  സംസ്കാരസാഹിതി സംസ്ഥാന പ്രസിഡൻറ് ആയിരുന്നു.


2016 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. അന്ന് പതിനോരായിരത്തിൽപ്പരം വോട്ടുകൾക്ക് പി.വി അൻവറിനോട് പരാജയപ്പെട്ടു.


ഇന്ന് പി.വി അൻവർ യുഡിഎഫിനൊപ്പ മാണ്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ അൻവർ പ്രതികരണങ്ങൾ നടത്തിയെങ്കിലും അതൊന്നും കണക്കിലെടുക്കാതെയാണ് കോൺഗ്രസ് നേതൃത്വം തീരുമാനമെടുത്തത്.

മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ വിഎസ് ജോയ് മത്സരിക്കുന്നതിനോട് ആയിരുന്നു ടിവി അൻവറിന്റെ താൽപര്യം. എന്നാൽ മുസ്ലിംലീഗിന്റെയും കോൺഗ്രസിലെ പ്രബലരായ ഒരു വിഭാഗം നേതാക്കളുടെയും പിന്തുണയിൽ ഷൗക്കത്ത് സീറ്റ് ഉറപ്പിക്കുകയായിരുന്നു.


യുവ നേതാവായ വിഎസ് ജോയിക്ക് ഇനിയും ഏറെ അവസരങ്ങൾ ഉണ്ട് എന്നതാണ് കോൺഗ്രസ് നേതൃത്വം കണ്ടിരിക്കുന്നത്.


കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ക്രൈസ്തവ വിഭാഗത്തിൽനിന്നുള്ള നേതാവായതുകൊണ്ട് തന്നെ ഉപതെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വിഭാഗത്തെ തഴഞ്ഞു എന്ന വിമർശനം വന്നാൽ ഫലപ്രദമായി നേരിടാൻ ആകും എന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.

കോൺഗ്രസിലെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ആര്യാടൻ ഷൗക്കത്തിന് തിരഞ്ഞെടുപ്പ് രംഗത്ത് ഇത് അവസാന അവസരം ആയിരിക്കും.

2016 ൽ നിലമ്പൂരിൽ മത്സരിച്ചു തോറ്റ ഡിസിസി അധ്യക്ഷൻ വി വി പ്രകാശന്റെ കുടുംബവും ഷൗക്കത്തിനെ സീറ്റ് നൽകിയതിനെ എതിർക്കുന്നുണ്ട് പ്രകാശിന്റെയും മകൾ ഇന്ന് ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ അതൃപ്തിയുടെ സൂചനകൾ വായിക്കുന്നവരുണ്ട്.

ചില എതിർപ്പുകൾ ഉണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കണക്കാക്കപ്പെടുന്ന
 നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഷൗക്കത്ത് വിജയം കാണുമെന്ന ഉറച്ചാവിശ്വാസത്തിലാണ് കോൺഗ്രസ് പ്രവർത്തകർ.

Advertisment