തിരഞ്ഞെടുപ്പ് അരങ്ങിൽ ‘ബാർ സമയം’ വിവാദമാകുന്നു. മദ്യനയ ഭേദഗതി സർക്കാരിന് ഇരട്ടത്തലയുള്ള വാൾ ? സാമുദായിക–സ്ത്രീ വോട്ടുകളിൽ വിള്ളലുണ്ടായേക്കാമെന്ന് ആശങ്ക. വിഷയം സർക്കാരിനെതിരെയുള്ള പ്രധാന പ്രചാരണായുധമാക്കാൻ യു.ഡി.എഫും ബി.ജെ.പിയും. സമയമാറ്റത്തിനെതിരെ കത്തോലിക്കാ സഭയും ഇതര ക്രിസ്തീയ വിഭാഗങ്ങളും അതൃപ്തി അറിയിച്ചതും സർക്കാരിന് തലവേദനയാവും

New Update
MB RAJESH PINARAYI

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്  ആരവം ഉയർന്നിരിക്കുന്ന ഘട്ടത്തിൽ തന്നെ വിവാദത്തെ ക്ഷണിച്ചുവരുത്തി സർക്കാർ.

Advertisment

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തൊട്ടാൽ പൊളളുന്ന വിഷയമായ മദ്യശാലകളുടെ കാര്യത്തിൽ ഉടമകൾക്ക് അനുകൂലമായ തീരുമാനം എടുത്തുകൊണ്ടാണ് സർക്കാർ വിവാദത്തിന് തിരശീല ഉയർത്തിയിരിക്കുന്നത്.


സംസ്ഥാനത്തെ  ബാറുകളുടെ പ്രവർത്തി സമയം ദീർഘിപ്പിച്ചുകൊണ്ടുളള എക്സൈസ് വകുപ്പിൻെറ തീരുമാനമാണ് വിവാദത്തിന് അരങ്ങ് ഒരുക്കിയിരിക്കുന്നത്.


രാവിലെയും രാത്രിയും ഓരോ മണിക്കൂർ വീതമാണ് സമയം ദീർഘിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ രാവിലെ 11മണി മുതൽ രാത്രി 11മണി വരെ ആയിരുന്ന പ്രവർത്തന സമയം രാവിലെ 10 മണി മുതൽ രാത്രി 12വരെയായാണ് നീട്ടിയത്.

mb rajesh beverages

നേരത്തെ ടൂറിസം മേഖലകളിൽ മാത്രമായിരുന്നു ബാറുകൾ രാത്രി 12വരെ പ്രവർത്തിച്ച് പോന്നിരുന്നത്. വിവാഹം,ബിസിനസ് മീറ്റിങ്ങ്,ഇൻസൻറീവ് ട്രിപ്  തുടങ്ങിയവ നടക്കുന്ന ( മൈസ് ടൂറിസം) ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകൾക്ക്  മൂന്ന് മണിക്കൂർ കൂടി അധികമായി പ്രവർത്തിക്കാം.


മറ്റ് സ്ഥലങ്ങളിലെ ബാറുകൾ രാത്രി 12ന് അടക്കുമ്പോൾ മൈസ് ടൂറിസം നടക്കുന്ന ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകൾ പുലർച്ചെ 3 മണിവരെ പ്രവർത്തിക്കാം.


വാർഷിക ലൈസൻസ് ഫീസിന് ഒപ്പം 5 ലക്ഷം രൂപ കൂടി അധികമായി നൽകണമെന്ന് മാത്രം. ടൂറിസം സംരംഭകരുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് മൈസ് ടൂറിസം നടക്കുന്ന ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് പുലർച്ചെ മൂന്ന് മണിവരെ ബാറുകൾ തുറന്നുവെക്കാൻ അനുമതി നൽകിയതെന്നാണ് എക്സൈസ് വകുപ്പിൻെറ വിശദീകരണം.

ടൂറിസം മേഖലകളിൽ നേരത്തെ തന്നെ നിലവിലുണ്ടായിരുന്ന രാത്രി 12വരെയുളള പ്രവർത്തി സമയം സംസ്ഥാനത്ത് എല്ലായിടത്തേക്കും വ്യാപിപ്പിച്ചു എന്നതാണ് ബാറുകളുടെ പ്രവർത്തന സമയം നീട്ടിയതിനുളള വിശദീകരണം.


തീരുമാനം എടുക്കുന്നതിന് മുൻപ് എക്സൈസ് വകുപ്പ് പ്രതിപക്ഷവുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.


ഇതിന് ശേഷമാണ് ദീർഘകാലമായി മാറ്റിവെച്ചിരുന്ന വിഷയത്തിൽ തീരുമാനമെടുത്തതെന്നും എക്സൈസ് വകുപ്പ് വിശദീകരിക്കുന്നുണ്ട്.

bar kerala

എന്നാൽ കേരളത്തിലെ ബാറുകളുടെ പ്രവർത്തന സമയം വർദ്ധിപ്പിച്ച സർക്കാർ തീരുമാനം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ ചർച്ചാവിഷയമാകുമെന്ന് ഉറപ്പാണ്.

ഈ നീക്കം രാഷ്ട്രീയമായും സാമൂഹികമായും  സർക്കാരിനെ ബാധിക്കും ബാറുകളുടെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ ദീർഘിപ്പിച്ചത് രാഷ്ട്രീയ കേരളത്തിൽ പുതിയ പോർമുഖങ്ങൾ തുറക്കും.


നിലവിൽ രാത്രി 11 മണി വരെയായിരുന്ന സമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിച്ചത് വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കാണെന്ന് സർക്കാർ വാദിക്കുമ്പോഴും, പ്രതിപക്ഷം ഇതിനെ ശക്തമായ ആയുധമാക്കിയേക്കും.


തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫും ബി.ജെ.പിയും ഈ വിഷയത്തെ സർക്കാരിനെതിരെയുള്ള പ്രധാന പ്രചാരണ വിഷയമാക്കും.

"മദ്യവർജനം" എന്ന വാഗ്ദാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്നും,മദ്യലോബികളെ സഹായിക്കാനാണ് ഈനീക്കമെന്നും ആരോപിച്ചാകും പ്രതിപക്ഷത്തിൻെറ പ്രതിപക്ഷത്തിന്റെ നീക്കം.

KCBC

ഇത് മധ്യവർഗ വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തുകയും അതുവഴി സർക്കാരിന് തിരിച്ചടിയുണ്ടാക്കാനും സാധ്യതയുണ്ട്.


കേരള കത്തോലിക്കാ സഭയും ഇതര ക്രിസ്തീയ വിഭാഗങ്ങളും മദ്യനയത്തിൽ എപ്പോഴും കർക്കശമായ നിലപാട് സ്വീകരിക്കുന്നവരാണ്.


സമയമാറ്റത്തിനെതിരെ കെ.സി.ബി.സി  പോലുള്ള സംഘടനകൾ ഇതിനകം തന്നെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. തീരദേശ മേഖലകളിലും ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളിലും ഈ അതൃപ്തി വോട്ടുകളായി മാറിയാൽ അത് സർക്കാരിന് വലിയ വെല്ലുവിളിയാകും.

കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ നിർണ്ണായക ശക്തിയായ സ്ത്രീ വോട്ടർമാർ മദ്യലഭ്യത കൂടുന്നതിനെ ഭയത്തോടെയാണ് കാണുന്നത്. 

രാത്രി വൈകി ബാറുകൾ പ്രവർത്തിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്ക കുടുംബങ്ങൾക്കിടയിലുണ്ട്. സ്ത്രീ സുരക്ഷയും സാമൂഹിക അച്ചടക്കവും മുൻനിർത്തി പ്രതിപക്ഷം ഈ വൈകാരിക വശം വോട്ടാക്കാൻ ശ്രമിക്കും.


രാഷ്ട്രീയ വിവാദത്തിന് കാരണമാകുമെങ്കിലും  
 ഈ തീരുമാനത്തിന് പിന്നിൽ സർക്കാർ ഉയർത്തുന്ന ചില ന്യായങ്ങളുണ്ട്: വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനും നൈറ്റ് ലൈഫ്  സജീവമാക്കാനും സമയം കൂട്ടേണ്ടത് അത്യാവശ്യമാണെന്ന് സർക്കാർ കരുതുന്നു.


സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മദ്യത്തിൽ നിന്നുള്ള നികുതി വരുമാനം വലിയ പങ്കുവഹിക്കുന്നുണ്ട്.ടൂറിസം-ഹോട്ടൽ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷയും സർക്കാർ പങ്കുവെക്കുന്നുണ്ട്.

bar

ബാർ സമയമാറ്റം സർക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കിയേക്കാമെങ്കിലും, രാഷ്ട്രീയമായി ഇത് ഒരു "ഇരട്ടത്തലയുള്ള വാളാണ്".

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുടുംബ വോട്ടുകളെയും സാമുദായിക വോട്ടുകളെയും ഇത് എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സർക്കാരിന്റെ ഭാവി.

Advertisment