/sathyam/media/media_files/2025/05/27/f4GGKv3LolnflPtE8GGB.jpg)
തിരുവനന്തപുരം: രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവാദം സർക്കാരും ഗവർണറും തമ്മിലുള്ള അന്തർധാര എന്ന് സംശയം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തലേന്ന് എം വി ഗോവിന്ദൻ ആർഎസ്എസ് ബന്ധം തുറന്നു സമ്മതിച്ചതും പിണറായി തിരുത്തിയും വിവാദമായിരുന്നു.
പോളിംഗ് ദിനത്തിലാണ് രാജ്ഭവനിൽ ഭാരതാംബ വിവാദം ഉണ്ടായത്. അതോടെ മാധ്യമ ശ്രദ്ധ മുഴുവൻ അങ്ങോട്ട് ആയി.
ഭാരതാംബയുടെ ചിത്രം ഉണ്ടെന്നു മുൻകൂട്ടി അറിയാമായിരുന്നിട്ടും മന്ത്രി ശിവൻ കുട്ടി പോയതും എഴുതി തയ്യാറാക്കിയ വിയോജന കുറിപ്പ് വായിച്ചതുമാണ് സംശയം ഉണ്ടാക്കുന്നത്.
മന്ത്രിക്കെതിരെ പ്രോട്ടോക്കോൾ ലംഘനം ആരോപിച്ച ഗവർണർ പിന്നീട് അക്കാര്യം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടില്ല.
രാജ്ഭവൻ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ വിളിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ തളളി പത്രക്കുറിപ്പ് ഇറക്കിയ ഗവർണർ തനിക്ക് കേരള പോലീസിൽ പൂർണ വിശ്വാസം ആണെന്നും പറഞ്ഞു.
മന്ത്രി വി. ശിവന്‍കുട്ടി രാജ്ഭവനില്‍ നിന്നു വാക്കൗട്ട് നടത്തിയതുമായി ബന്ധപ്പെട്ടുള്ള പ്രോട്ടോകോള്‍ ലംഘനത്തില്‍ ഉടനടി നടപടി വേണ്ടെന്നു ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കര്‍ നിലപാട് എടുത്തു.
നാളെ കൊച്ചിയിലേക്കു പോകുന്ന ഗവര്‍ണര്‍ തിങ്കളാഴ്ച കോട്ടയത്തെ പരിപാടിയും കഴിഞ്ഞു മാത്രമേ തിരുവനന്തപുരത്തു മടങ്ങിയെത്തുകയുള്ളു. അതിനു ശേഷമാകും പ്രോട്ടോകോള്‍ ലംഘത്തിലെ തുടര്‍ നടപടി ആലോചിക്കുക.
ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചിയിലേക്കു പോയിരുന്നു. മന്ത്രിയുടെ ചട്ടലംഘനത്തിനെതിരേ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയിട്ടു കാര്യമില്ലെന്നാണു രാജ്ഭവന്‍ നിഗമനം. ഇക്കാര്യം മുഖ്യമന്ത്രിയെ തന്നെയാകും അറിയിക്കുക.
ഇതു കത്തു വഴി അതോ നേരിട്ടു വേണോ എന്ന കാര്യത്തില്‍ പിന്നീടാകും നിലപാട് സ്വീകരിക്കുക. കാത്തിരുന്ന കാണാം എന്നാണു ഗവര്‍ണറുടെ നിലപാട്.
മന്ത്രിയുടെ പ്രോട്ടോകോള്‍ ലംഘനം എന്നാല്‍, ഭരണഘടനാപരമായ ചട്ടലംഘനമായി കരുതാന്‍ കഴിയില്ലെന്നാണ് നിയമ വിഗദ്ധരുടെ ഉപദേശം. ഇതിനാല്‍ ചട്ടലംഘനവുമായി ബന്ധപ്പെട്ടു നിയമപരമായ നടപടി സ്വീകരിക്കാന്‍ കഴിയില്ല.
മന്ത്രിയുടെ ചട്ടലംഘനവുമായി ബന്ധപ്പെട്ടു കേന്ദ്രത്തിനു പ്രത്യേക കത്തെഴുതേണ്ടത് ഇല്ലെന്നും ഗവര്‍ണര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിമാസ റിപ്പോര്‍ട്ടില്‍ മാത്രമാകും മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രോട്ടോകോല്‍ ലംഘനം ചൂണ്ടിക്കാട്ടുക.
അതേസമയം, രാജ്ഭവന്റെ സുരക്ഷയ്ക്ക് ഉടനടി കേന്ദ്രസേനയെ വിളിക്കേണ്ടതില്ലെന്നും ധാരണയായി. ഇന്നലെ സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തിയിരുന്നു.
നേരത്തെ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തി. എന്നാല്‍, സിപിഎം ഈ വിഷയത്തില്‍ രാജ്ഭവന്‍ മാര്‍ച്ച നടത്താത്തതും സംഘര്‍ഷാന്തരീക്ഷത്തിന് അയവുവരുമെന്ന സൂചനയാണ് നല്‍കുന്നത്.
മന്ത്രി വി. ശിവന്‍കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.
രാജ്ഭവനിലെ ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നതിനെതിരേ സർക്കാർ. നിയമസെക്രട്ടറിയോട് അഡ്വക്കേറ്റ് ജനറലിനോടും ഉപദേശം തേടി.
രാജ്ഭവനിലെ ചടങ്ങുകളിൽ ഉപയോഗിക്കാവുന്ന ചിഹ്നങ്ങളും ചിത്രങ്ങളുമടങ്ങിയ പ്രോട്ടോക്കോൾ മന്ത്രിസഭായോഗം തയ്യാറാക്കി ഗവർണറെ അറിയിക്കുന്നതും പരിഗണനയിലാണ്.
കരടുണ്ടാക്കാൻ നിയമസെക്രട്ടറിയെ ചുമതലപ്പെടുത്തി. ഔദ്യോഗിക ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി പ്രോട്ടോക്കോൾ ലംഘനം നടത്തിയതായി കേന്ദ്രത്തിനുള്ള പ്രതിമാസ റിപ്പോർട്ടിൽ ഗവർണർ അറിയിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്കാണ് റിപ്പോർട്ടയയ്ക്കുക.
കുസാറ്റിലെ പരിപാടിയിൽ പങ്കെടുക്കാൻ ഞായറാഴ്ച ഗവർണർ കൊച്ചിയിലെത്തും. ഉരുൾദുരന്ത ബാധിതർക്കായി സേവാഭാരതി നിർമ്മിച്ച വീടുകൾ കൈമാറുന്ന കൂട്ടിക്കലിലെ ചടങ്ങിലും തിങ്കളാഴ്ച ഗവർണർ പങ്കെടുക്കും.
തിങ്കളാഴ്ച വൈകിട്ട് രാജ്ഭവനിൽ തിരിച്ചെത്തും. അതേസമയം ഗവർണറുടെ ഭരണഘടനാപരമായ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ഈ വർഷം പത്താം ക്സാസ് സാമൂഹ്യശാസ്ത്രം രണ്ടാം വാല്യത്തിലും പിന്നാലെ ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമ്പോഴും വിഷയം ഉൾപ്പെടുത്തും. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ഗവർണർമാരെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വർദ്ധിക്കുന്നു.
ഗവർണർമാരുടെ ഭരണഘടനാപരമായ അധികാരങ്ങളെക്കുറിച്ച് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ വിദ്യാലയങ്ങളിൽ പഠിപ്പിക്കേണ്ടതുണ്ട്.-വി ശിവൻകുട്ടി വ്യക്തമാക്കി.