/sathyam/media/media_files/2025/10/27/binoy-viswam-2025-10-27-19-51-29.jpg)
തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാന്‍ പോയിരുന്നുവെന്നും അദ്ദേഹം തന്ന പണത്തിന് കണക്കുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
വെള്ളാപ്പള്ളി നടേശന്‍ മൂന്നു ലക്ഷം രൂപ തന്നു. വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പണം വാങ്ങിയെങ്കില്‍ വാങ്ങിയെന്ന് തന്നെ പറയുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഇടുക്കി സിപിഐ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിലെ വ്യവസായ പ്രമുഖന്‍ എന്നനിലയിലാണ് വെള്ളാപ്പള്ളിയുടെ അടുത്ത് ഫണ്ട് പിരിക്കാന്‍ പോയത്. അദ്ദേഹത്തോട് രാഷ്ട്രീയവും പറഞ്ഞു. അതിനിടയില്‍ വിരോധം ഇല്ലെങ്കില്‍ ചെറിയ സംഭാവനയും വേണമെന്ന് പറഞ്ഞു.
'എത്രയാ വേണ്ടത്' എന്ന് അദ്ദേഹം ചോദിച്ചു. ഇത്രവേണമെന്ന് പറഞ്ഞില്ല. വഴിവിട്ട സഹായം പ്രതീക്ഷിക്കണ്ടയെന്നും പറഞ്ഞു. ആകാവുന്നതുപോലെ ഒരു സംഖ്യയെന്ന് പറഞ്ഞു. 'ഒന്നാണോ' എന്ന് അദ്ദേഹം ചോദിച്ചു. ഒന്നെങ്കില്‍ ഒന്ന് എന്ന് ഞങ്ങള്‍ പറഞ്ഞു. ഒരുവിലപേശലിനും പോയില്ല. അദ്ദേഹം ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി തിരിച്ചുവന്നു. ഒരുപേപ്പര്‍ പൊതി തന്ന് എത്രയുണ്ടെന്ന് അറിയാമോയെന്ന് ചോദിച്ചു. ഒന്നുമല്ല, രണ്ടുമല്ല മൂന്ന് ലക്ഷമുണ്ടെന്ന് പറഞ്ഞു. സന്തോഷത്തോടെ ഞങ്ങള്‍ മേടിച്ചു. സിപിഐക്കാര്‍ വന്ന് കാശ് വാങ്ങി എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞതായി വാര്‍ത്തകള്‍ കണ്ടു. കാശ് മേടിച്ച് മുങ്ങുന്ന പാര്‍ട്ടിയല്ല സിപിഐ. മേടിച്ചാല്‍ മേടിച്ചെന്ന് പറയും.
തെരഞ്ഞെടുപ്പുകാലത്തും സമ്മേളനകാലത്തും സിപിഐ ഫണ്ട് പിരിക്കാറുണ്ട്. അതിന് കൃത്യമായ കണക്കുമുണ്ട്. അതാരും വിഴുങ്ങില്ല. അതിന് പകരമായി തോന്നിവാസം ചെയ്യാറുമില്ല. ഇതാണ് സിപിഐയുടെ ഫണ്ട് പിരിവ്'- ബിനോയ് വിശ്വം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us