തന്ത്രം പാളിയതിൽ ബി.ജെ.പിക്കുള്ളിൽ അമർഷം. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിൽ എതിർപ്പുമായി സംഘപരിവാർ. എതിർപ്പ് പരസ്യമാക്കി അക്രമണവും. ഗൂഡാലോചന സിദ്ധാന്തമിറക്കി പ്രതിരോധിക്കാൻ ബി.ജെ.പിയും

New Update
s

തിരുവനന്തപുരം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുള്ള ക്രിസ്തുമസ് കാലത്തെ സ്‌നേഹയാത്രയ്ക്ക് തുടക്കമിടുന്നതിനിടെ ബി.ജെ.പിക്കുള്ളിൽ അമർഷം. 

Advertisment

വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ക്രിസ്ത്യൻ പ്രീണനത്തെ സംഘപരിവാർ സംഘടനയായ വി.എച്ച്.പി എതിർത്തതാണ് നിലവിലെ രാഷ്ട്രീയനീക്കം പാളാൻ കാരണമായത്. 


എതിർപ്പ് പരസ്യമാക്കുന്നതിന്റെ ഭാഗമായാണ് ആക്രമണം നടത്തി വി.എച്ച്.പിയും ബി.ജെ.പിയിലെ ഒരു വിഭാഗവും രംഗത്ത് വന്നത്. ഇതോടെ കൃത്യമായി ആലോചിച്ച് ബി.ജെ.പി നടപ്പാക്കിയ രാഷ്ട്രീയ തന്ത്രത്തിനാണ് ക്ഷതമേറ്റത്.


തുടർച്ചയായി മൂന്നാം വർഷമാണ് പാർട്ടി സ്‌നേഹ സന്ദേശയാത്രയെന്ന പേരിൽ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. 

f

ഇത്തവണ ദേവമാതാ കതീഡ്രൽ ചർച്ചിലെത്തി കോഴിക്കോട് രൂപതാ ബിഷപ്പ് മാർ വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ച് പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആശംസാകാർഡും കേക്കും കൈമാറിക്കൊണ്ടാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് സ്‌നേഹയാത്രയ്ക്ക് തുടക്കം കുറിച്ചത്.


എന്നാൽ യാത്ര തുടങ്ങും മുമ്പേ അരങ്ങേറിയ അക്രമ പരമ്പര ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചു.


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മികച്ച ഭൂരിപക്ഷത്തിന് സുരേഷ് ഗോപി ജയിച്ചു കയറിയത് ന്യൂനപക്ഷ വോട്ടുകളുടെ പിൻബലത്തിലാണെന്ന രാഷ്ട്രീയവാദമാണ് ബി.ജെ.പിക്കുള്ളത്.

ഇതിന് പുറമേ സഭാ വിശ്വാസിയായ ജോർജ്ജ് കുര്യന് കേന്ദ്രമന്ത്രി സഭയിൽ ഇടം കൊടുത്തതും ക്രൈസ്തവ വിഭാഗങ്ങളെ തങ്ങളോട് കൂടുതൽ അടുപ്പിക്കുമെന്നും അവർ കരുതുന്നു.


നിലവിൽ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട മാർ കൂവക്കാടിന്റെ സ്ഥാനാരോഹണ ചടങ്ങിന് രാജീവ് ചന്ദ്രശേഖർ അടക്കമുള്ള ബി.ജെ.പി നേതാക്കളെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതും ഇതേ തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു.


എന്നാൽ ക്രൈസ്തവ വിഭാഗങ്ങളോട് പ്രത്യയശാസ്ത്രപരമായി സൂക്ഷിക്കുന്ന എതിർപ്പ് സംഘപരിവാർ പ്രസ്ഥാനങ്ങൾ കൈവിടാൻ തയ്യാറായിട്ടില്ലെന്നതാണ് ആക്രമണങ്ങൾ നൽകുന്ന സൂചന.

രാഷ്ട്രീയമായി മുന്നേറാൻ ക്രൈസ്തവ വിഭാഗങ്ങളെ സംസ്ഥാനത്ത് കൂട്ടു പിടിക്കേണ്ടി വരുന്നത് പാർട്ടിയുടെ ഗതികേടാണെന്ന വാദവും ചില ജില്ലാ നേതാക്കൾക്കുണ്ട്.


പലയിടത്തും താഴേത്തട്ടിലുള്ള നേതാക്കൾ തികഞ്ഞ അവജ്ഞയോടെയാണ് തീരുമാനം നടപ്പാക്കാൻ പാടുപെടുന്നത്. 


എന്നാൽ സംസ്ഥാന - കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകണമെന്ന നിർദ്ദേശമാണ് പാർട്ടി നൽകിയിരിക്കുന്നത്.

5353535

ഇതിനിടെ ആക്രമണങ്ങളെ തള്ളിക്കളയാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം ഗൂഡാലോചന സിദ്ധാന്തവും പുറത്തെടുത്തിട്ടുണ്ട്.

വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരും പാലക്കാട് കരോൾ തടയാൻ ശ്രമിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.

വിഷയത്തിൽ ഗൂഡാലോചനയും സംശയിക്കുന്നുണ്ട്. ശക്തമായ നടപടി ഈ സംഭവത്തിൽ വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Advertisment