Advertisment

നാലുവർഷം പഠിച്ച് ബി.ടെക്ക് എടുത്തിട്ടും അയ്യായിരത്തിനും പതിനായിരത്തിനും ജോലി തേടി അലയുന്നവർ ആവില്ല ഇനിയുള്ള എൻജിനീയർമാർ; തൊഴിലാളികൾ ആവാനല്ല, സംരംഭകർ ആക്കാൻ ലക്ഷ്യമിട്ട് പാഠ്യപദ്ധതി മാറുന്നു; പാഠ്യപദ്ധതിയിൽ സംരംഭകത്വത്തിന് മുൻ‌തൂക്കം; വ്യവസായശാലകളുമായി കൈകോർക്കും; ഇനി വരുന്നത് തൊഴിൽ നൈപുണ്യം നേടിയ എഞ്ചിനീയർമാർ; കേരളത്തിലെ എൻജിനിയറിംഗ് പഠനം അടിമുടി മാറുന്നു

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ നൈപുണ്യം വിദ്യാർത്ഥികൾക്ക് ലഭിക്കുക എന്നതാണ് പരിഷ്‌ക്കരിച്ച പാഠ്യ പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
engineering

തിരുവനന്തപുരം: കേരളത്തിലെ എൻജിനീയറിംഗ് പഠനം അടിമുടി മാറുകയാണ്. നാലു വർഷത്തെ പഠനം കഴിഞ്ഞ് ജോലി തേടി അലയുന്നതിന് പകരം സംരംഭകർ ആവാൻ പഠിപ്പിക്കുകയാണ് പുതിയ പാഠ്യപദ്ധതിയിൽ. പരിഷ്‌ക്കരിച്ച ബി ടെക് പാഠ്യപദ്ധതിയിൽ സംരംഭകത്വത്തിന് മുൻ‌തൂക്കം നൽകും. പ്രോജക്റ്റ് അധിഷ്‌ഠിത പഠനം, വ്യാവസായിക സഹകരണം, ഇന്റേൺഷിപ്പുകൾ എന്നിവക്കാവും മുൻഗണന. അടിമുടി മാറ്റങ്ങളുമായി ബി ടെക് പാഠ്യപദ്ധതി  ഈ വർഷം മുതൽ നടപ്പിലാക്കും. 

Advertisment

ശാസ്ത്ര സാങ്കേതിക രംഗത്ത് അൽഭുതാവഹമായ മാറ്റങ്ങൾക്കാണ് മാനവരാശി സാക്ഷ്യംവഹിക്കുന്നത്. ഇതിനൊപ്പം സഞ്ചരിക്കാനും ഈ സാധ്യതകളെ ഉപയോഗപ്പെടുത്താനും പുതുതലമുറയെ തയ്യാറാക്കിയെടുക്കുക എന്നത് വലിയ ദൗത്യമാണ്. റോബോട്ടിക്സ്, ഐഒടി, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ഡാറ്റ സയൻസ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ വരവോടെ അനന്തമായ സാധ്യതകളാണ് എൻജിനീയറിംഗ് രംഗത്ത് ഇനി വരുന്ന നാളുകളിൽ ഉണ്ടാകാൻ പോകുന്നത്.  ഈ സാധ്യതകളെ മുന്നിൽ കണ്ടുകൊണ്ടാണ് ബി.ടെക് പാഠ്യപദ്ധതിയിൽ സമഗ്രമായ പരിഷ്കരണം സർവകലാശാല നടപ്പിലാക്കുന്നത്.


 അതിവേഗം മാറുന്ന സാങ്കേതിക രംഗത്ത് മികവ് പുലർത്താനും പഠന ശേഷം ജോലി സമ്പാദിക്കുക എന്ന ലക്ഷ്യത്തിനപ്പുറം സംരംഭകരായിത്തീരുവാനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങളാണ് പുതിയ പാഠ്യപദ്ധതിയിലൂടെ കൈവരിക്കാൻ ഉദ്ദേശിക്കുന്നത്.


അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ നൈപുണ്യം വിദ്യാർത്ഥികൾക്ക് ലഭിക്കുക എന്നതാണ് പരിഷ്‌ക്കരിച്ച പാഠ്യ പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം. പുതിയ സാങ്കേതിക മുന്നേറ്റങ്ങളിൽ വിദ്യാർത്ഥികളുടെ പ്രാവീണ്യം ഉറപ്പാക്കാൻ പുതുതലമുറ കോഴ്സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് എന്നിവ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ എല്ലാ പഠന ശാഖകളിലും പാഠ്യവിഷയമാണ്. ഉള്ളടക്കത്തിലെ അമിതഭാരം ഒഴിവാക്കി വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള വിജ്ഞാനം പഠിതാക്കളിൽ ഉണ്ടാക്കാനുള്ള ശ്രമവും പുതിയ പാഠ്യപദ്ധതിയിൽ ഉണ്ട്.

 കേവലം തൊഴിലന്വേഷകർ എന്നതിലുപരി വിദ്യാർത്ഥികളെ വ്യവസായസജ്ജരും തൊഴിൽ ദാതാക്കളും ആക്കാനാണ് പുതുക്കിയ പാഠ്യപദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി വ്യവസായ മേഖലയുമായി കൈകോർക്കാനും സിലബസ് രൂപീകരണത്തിൽ അക്കാദമിക-വ്യവസായ പങ്കാളിത്തം ഉറപ്പാക്കാനും പുതിയ കരിക്കുലം വിഭാവനം ചെയ്യുന്നു.  

 പുതിയ പാഠ്യപദ്ധതി പ്രോജക്‌റ്റ് അധിഷ്‌ഠിത പഠനത്തിന് ഊന്നൽ നൽകുന്ന ഒന്നാണ്. പരമ്പരാഗത ക്ലാസ് റൂം അധ്യാപത്തിനുപരിയായി വിദ്യാർത്ഥികൾ പ്രോജക്റ്റുകളിൽ ഏർപ്പെടുന്ന വിദ്യാഭ്യാസ രീതിയാണിത്. ഈ സമീപനം വിദ്യാർത്ഥികളെ പ്രായോഗിക കഴിവുകൾ വികസിപ്പിക്കുന്നതിനും യഥാർത്ഥ പ്രശ്നങ്ങളിൽ സൈദ്ധാന്തിക-പ്രായോഗിക അറിവ് നേടുന്നതിലും അവ ഉപയോഗിക്കുന്നതിലും സഹായിക്കുന്നു.  

 കേരള ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിൻ്റെ (കെ-ഡിസ്ക് ) പിന്തുണയോടെ സാമൂഹിക പ്രസക്തിയുള്ള പ്രോജക്ടുകൾ ഏറ്റെടുക്കാൻ സർവകലാശാല ഈ പാഠ്യപദ്ധതിയിലൂടെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്തബോധം വളർത്താനും സമൂഹത്തിന് പ്രയോജനപ്പെടുന്ന പ്രോജക്ടുകൾ വികസിപ്പിക്കാനും ഇതിലൂടെ കഴിയും. നവീന സാങ്കേതികവിദ്യകളിൽ വിദ്യാർത്ഥികൾക്ക് അവബോധം ഉറപ്പാക്കാൻ എല്ലാ പഠന ശാഖകളിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഡാറ്റാ സയൻസും ഉൾക്കൊള്ളിച്ചിരിക്കുന്നു.

 വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ വ്യവസായമേഖലയിൽ പരിചയ സമ്പത്ത് വർദ്ധിപ്പിക്കുവാൻ ഏറെ സഹായകമാണ് ഇന്റേൺഷിപ്പുകൾ. ഏഴ് അല്ലെങ്കിൽ എട്ട് സെമെസ്റ്ററുകളിൽ ആറ് മാസത്തെ ഇന്റേൺഷിപ്പിന് ഈ പഠനക്രമത്തിൽ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നു. 4 മാസം മുതൽ 6 മാസം വരെ കുട്ടികൾക്ക് തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യാം. ഇന്റേൺഷിപ്പിനു പുറമെ പാഠ്യപദ്ധതിയുടെ രൂപീകരണത്തിലും വ്യവസായ സ്ഥാപനങ്ങൾക്കു കോളേജുകളുമായി കൈകോർക്കാം.

വ്യത്യസ്ത ബൗദ്ധിക തലത്തിലുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന ഇടങ്ങളാണ് സർവ്വകലാശാലകൾ.  പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കായി ചിട്ടപ്പെടുത്തിയതാണ് പുതിയ പാഠ്യപദ്ധതിയിലെ "ചലഞ്ച് കോഴ്‌സുകൾ"  പാഠ്യ വിഷയങ്ങൾ പഠിക്കാതെത്തന്നെ അക്കാദമിക് ക്രെഡിറ്റുകൾ നേടുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുന്നു. "ചലഞ്ച് കോഴ്‌സു”കളായി തിരഞ്ഞെടുത്തു പഠിക്കാവുന്ന വിഷയങ്ങൾ  കരിക്കുലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഏഴ്, എട്ട് സെമെസ്റ്ററുകളിലെ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് മുൻ സെമെസ്റ്ററുകളിൽ പൂർത്തിയാക്കാം.  

ഇങ്ങനെ ചലഞ്ച് കോഴ്‌സുകളിലൂടെ ബിടെക് പൂർത്തിയാക്കാൻ 170 ക്രെഡിറ്റുകൾ നേടുന്ന വിദ്യാർത്ഥിക്ക് അവസാന രണ്ട് സെമെസ്റ്ററുകളിൽ ഒന്ന് ഇന്റേൺഷിപ്പിനായി ഉപയോഗിക്കാം.  കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ സംരംഭകത്വം, ഐ പി ആർ എന്നിവയെകുറിച്ച് കൂടുതൽ മനസിലാക്കുവാൻ ഉതകുന്ന കോഴ്‌സുകൾ ഉൾകൊള്ളിച്ചതാണ് പുതിയ പാഠ്യപദ്ധതി. ഈ കോഴ്‌സുകളിലൂടെ വിദ്യാർത്ഥികളെ തൊഴിലന്വേഷകർ എന്നതിലുപരി തൊഴിലവസരങ്ങൾ സ്രഷ്‌ടിക്കുവാൻ പ്രാപ്തിയുള്ളവരാക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവെക്കുന്നത്.

 സംരംഭകത്വത്തിൽ കൂടുതൽ അറിവ് വേണ്ട വിദ്യാർത്ഥികൾക്ക് അത് "മൈനർ" വിഷയമായി എടുത്തുപഠിക്കാനുള്ള ഓപ്ഷനും വിദ്യാർത്ഥികൾക്ക് നൽകുന്നു.  തൊഴിൽ നൈപുണ്യമുള്ള എഞ്ചിനീയർമാരെയാണ് വ്യവസായങ്ങൾ ആവശ്യപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ്, പ്രൊജക്റ്റ് ബേസ്ഡ് ലേർണിംഗ് അല്ലെങ്കിൽ പ്രൊജക്റ്റ്-അധിഷ്ഠിത പഠനത്തിന്റെ പ്രസക്തി. പരിഷ്കരിച്ച പാഠ്യപദ്ധതി കൂടുതൽ ഐച്ഛികങ്ങൾ വാഗ്ദാനം ചെയ്യുന്നു, വിദ്യാർത്ഥികൾക്ക് അവരുടെ താൽപ്പര്യങ്ങൾക്കും കരിയർ ലക്ഷ്യങ്ങൾക്കും അനുസൃതമായ കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ഇതിലൂടെ ലഭ്യമാകും.

മുൻ വർഷങ്ങളിലെ പാഠ്യപദ്ധതികളിൽ നിന്ന് വ്യത്യസ്തമാണ് 2024 ൽ രൂപം കൊടുക്കുന്ന പുതിയ  പാഠ്യപദ്ധതി. മുൻകാലങ്ങളിൽ എല്ലാ എൻജിനീയറിംഗ് പ്രോഗ്രാമുകളിലും ഫിസിക്സ്, മാത്‍സ്, കെമിസ്ട്രി തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾക്ക് ഒരേ സിലബസാണ് പഠിപ്പിച്ചിരുന്നതെങ്കിൽ പുതിയ പാഠ്യപദ്ധതിയിൽ, വിദ്യാർത്ഥികൾ ഈ വിഷയങ്ങൾ അവർ തിരഞ്ഞെടുക്കുന്ന കോഴ്‌സിന് അനുസൃതമായ പ്രസക്തിയോടെയായിരിക്കും പഠിക്കുന്നത്.

 ഉദാഹരണത്തിന്, ബയോമെഡിക്കൽ എൻജിനീയറിംഗിൽ പഠിക്കുന്ന മാത്സും, ഫുഡ് ടെക്നോളജിയിൽ  പഠിക്കുന്ന മാത്സും വ്യത്യസ്തമായിരിക്കും. അതിനൂതനവും വിദ്യാർത്ഥി കേന്ദ്രീകൃതവുമാണ് പരിഷ്‌കരിച്ച ബിടെക് പാഠ്യപദ്ധതിയെന്ന് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

വ്യവസായ സഹകരണം, പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള പഠനം, സാമൂഹിക പ്രസക്തിയുള്ള പ്രോജക്ടുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വഴി വിദ്യാർത്ഥികൾക്ക് അവർ തിരഞ്ഞെടുത്ത മേഖലകളിൽ മികവ് പുലർത്തുന്നതിന് ആവശ്യമായ കഴിവുകളും അറിവും വികസിപ്പിക്കാൻ ഈ പാഠ്യപദ്ധതി സഹായിക്കും- വി.സി പറഞ്ഞു.

Advertisment