ഉപതിരഞ്ഞെടുപ്പ് ആവേശത്തില്‍ രാഷ്ട്രീയ കേരളം; ഇടതുപ്രചാരണം കൊഴുപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇറങ്ങും; നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പിണറായി ക്യാമ്പ് ചെയ്യുന്നത് രണ്ട് ദിവസം വീതം; ചേലക്കരയിലും, പാലക്കാട്ടും ഇടത് ക്യാമ്പില്‍ ഉറച്ച പ്രതീക്ഷ; മണ്ഡലങ്ങളില്‍ സിപിഎം ഒരുക്കിയിരിക്കുന്നത് വമ്പന്‍ സന്നാഹം

ഉപതിരഞ്ഞെടുപ്പ്  പ്രചാരണം കൊഴുപ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടുമിറങ്ങും

New Update
pinarayi vijayan dr p sarin ur pradeep

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ്  പ്രചാരണം കൊഴുപ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടുമിറങ്ങും. നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ രണ്ടുദിവസം വീതം മുഖ്യമന്ത്രി ചെലവഴിക്കും. ഒരു ദിവസം 3 പൊതുയോഗങ്ങളിൽ വീതം മുഖ്യമന്ത്രി സംസാരിക്കും.  

Advertisment

വോട്ടെടുപ്പ് അടുക്കുന്ന ദിവസങ്ങളിലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുന്നത്
ലോക്സഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ ഒരു ദിവസം മാത്രമേ മുഖ്യമന്ത്രി എത്തുന്നുള്ളൂ. നവംബർ 6 ന് വയനാട്ടിൽ നിന്നാണ് മുഖ്യമന്ത്രിയുടെ പ്രചരണ പരിപാടികൾ തുടങ്ങുന്നത്.


 വയനാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്ന് പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. നവംബർ 7, 8 തീയതികളിൽ മുഖ്യമന്ത്രി പാലക്കാട് ജില്ലയിൽ പ്രചരണം നടത്തും. ഒരു ദിവസം മൂന്ന് പൊതു യോഗങ്ങൾ എന്ന കണക്കിൽ മൊത്തം ആറ് യോഗങ്ങളിലാണ് പാലക്കാട് മുഖ്യമന്ത്രി സംസാരിക്കുക.


 9, 10 തീയതികളിൽ മുഖ്യമന്ത്രി ചേലക്കരയിൽ എത്തും. ചേലക്കരയിലും രണ്ടുദിവസമായി ആകെ 6 പരിപാടികളിൽ മുഖ്യമന്ത്രി സംബന്ധിക്കും. വോട്ടെടുപ്പിന്റെ കലാശക്കൊട്ടിന് തൊട്ടുമുൻപ് മുഖ്യമന്ത്രി പ്രചാരണത്തിൽ എത്തുന്നതോടെ എൽഡിഎഫ് അണികളിൽ വലിയതോതിൽ ആവേശം നിറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര, പാലക്കാട് മണ്ഡലങ്ങളിൽ വലിയ സംഘടനാ ക്രമീകരണങ്ങളാണ് സിപിഎം ഒരുക്കിയിരിക്കുന്നത്. 10 ബൂത്തിന് ഒരു ജില്ലാ കമ്മിറ്റി അംഗം അല്ലെങ്കിൽ എംഎൽഎ എന്ന  നിലയിലാണ് ചുമതലക്രമീകരിച്ചിരിക്കുന്നത്.

നഗരസഭാ വാർഡിന്റെ ചുമതല ഏരിയ കമ്മിറ്റി അംഗത്തിനാണ് നിശ്ചയിച്ച്
 നൽകിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെയും ലോക്കൽ കമ്മിറ്റികളുടെയും ചുമതലയിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.


 പാലക്കാട് മണ്ഡലത്തിന്റെ ആകെ ചുമതല കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനാണ്. ചേലക്കരയിൽ കെ രാധാകൃഷ്ണനും പി.കെ ബിജുവും സംഘടനാ ചുമതല വഹിക്കും. പാലക്കാട് എ കെ ബാലന് താഴെയായി മുതിർന്ന നേതാക്കൾ പി കെ ശ്രീമതിയും ആനാവൂർ നാഗപ്പനും ചുമതലക്കാരായി ഉണ്ട്.


 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജും പാലക്കാടിന്റെ ചുമതലക്കാരനായ എത്തിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടിവി രാജേഷ്, കെ അനിൽകുമാർ, കെ വരദരാജൻ, എസ്. രാജേന്ദ്രൻ തുടങ്ങിയവരും പാലക്കാടുണ്ട്. എംഎൽഎ എം.വിജിൻ , ശാന്തകുമാരി എന്നിവരും സംഘടനാ ചുമതലയുമായി പാലക്കാട് സജീവമാണ്.

മന്ത്രി എം ബി രാജേഷ് മുഴുവൻ സമയവും  പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കും. ചേലക്കരയിൽ ഡോ ടി .എം തോമസ് ഐസക്ക്, പി എ മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് മണ്ഡലത്തിന്റെ ചുമതലക്കാരായി എത്തിയിരിക്കുന്നത്.


പാലക്കാടും ചേലക്കരയിലും വിജയിക്കാനാകും എന്ന പ്രതീക്ഷയിലാണ് സിപിഎം. ചേലക്കരയിലും പാലക്കാടും വിജയം കുറിച്ചാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിരിച്ചടി മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാം എന്ന് സിപിഎം കരുതുന്നു. 


പ്രിയങ്കാ ഗാന്ധി കന്നി മത്സരത്തിന് ഇറങ്ങുന്ന വയനാട് മണ്ഡലത്തിൽ ഇടതുപക്ഷം കാര്യമായ പ്രതീക്ഷ വയ്ക്കുന്നില്ല. പാലക്കാട് എൽഡിഎഫ് നിയമസഭാ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

പാലക്കാട്ടും ചേലക്കരയിലും നല്ല വിജയം നേടുകയും വയനാട്ടിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുകയും ചെയ്താൽ അടുത്ത നിനിയമസഭ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനാകും എന്നായിരുന്നു ഗോവിന്ദന്റെ പരാമർശം.

സിപിഐ മത്സരിക്കുന്ന മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം കൂടുമെന്നാണ് എൽഡിഎഫ് നേതാക്കൾ കണക്കു കൂട്ടുന്നത്. 2019ൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം ഇത്തവണ പ്രിയങ്ക ഗാന്ധി മറികടക്കാനാണ് സാധ്യതയെന്നും നേതാക്കൾ
വിലയിരുത്തുന്നുണ്ട്.

രാഹുൽ ഗാന്ധി ആദ്യമായി വയനാട്ടിൽ മത്സരിച്ചപ്പോൾ 4.34 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2024 ൽ അത് 3.6 ലക്ഷം ആയി കുറഞ്ഞു. പ്രിയങ്ക ഗാന്ധിക്ക് സ്ത്രീകൾക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിയുന്നുണ്ട്. അങ്ങനെ വരുമ്പോൾ ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം 2019 ലെ രാഹുലിന്റെ ഭൂരിപക്ഷത്തെ മറികടക്കും എന്നാണ് ഇടത് നേതാക്കൾ കരുതുന്നത്.

Advertisment