തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചത് എന്നത് സംബന്ധിച്ച് ഉടന്‍ വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. ശനിയാഴ്ച സര്‍ക്കാര്‍ വിശദീകരണം നല്‍കുമെന്നാണ് സൂചന.
സിഎഎ പ്രതിഷേധ കേസുകളില്‍ ഗൗരവ സ്വഭാവമുള്ള കേസുകള്‍ ഒഴികെയുള്ളവ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. സിഎഎ വിരുദ്ധ കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാന സർക്കാർ ഉത്തരവ് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.