/sathyam/media/media_files/WjzwVP5SFUwNNDohWzcl.jpg)
ആലപ്പുഴ: കാറിൻെറ പിൻസീറ്റിളക്കി സിംമ്മിങ്ങ് പൂളാക്കുക.ടാർപോളിനിൽ വെളളം നിറച്ചുണ്ടാക്കിയ നീന്തൽകുളത്തിൽ കുളിച്ച് കൊണ്ട് യാത്ര ചെയ്യുക, അതിൻെറ വിഡീയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക, ഇതുകണ്ട് നടപടി എടുക്കുമെന്ന് പറഞ്ഞ മോട്ടോർവാഹന വകുപ്പിനെ പുച്ഛിച്ചും പരിഹസിച്ചും വീണ്ടും വിഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുക, എല്ലാം കഴിഞ്ഞ് എല്ലാ കുറ്റവും മാധ്യമങ്ങളുടെ മേൽകെട്ടിവെച്ച് പുണ്യാളനാകാൻ ശ്രമിക്കുക...എല്ലാം കൊളളാം പക്ഷേ ആവേശം കൂടിയപ്പോൾ പണി പാലും വെളളത്തിൽ കിട്ടി. ടാറ്റാ സഫാരി കാറിൻെറ പിൻസീറ്റ് ഇളക്കി മാറ്റി ടാർപോളിൻ വിരിച്ച് വെളളം നിറച്ച് സ്വിംമ്മിങ്ങ് പൂളോരുക്കിയ സഞ്ജു ടെക്കിയെന്ന് അറിയപ്പെടുന്ന ടി.എസ്.സജുവിനെതിരെ പൊലീസും കേസ് എടുത്തു.
ആലപ്പുഴ എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ആർ. രമണൻെറ പരാതിയിൽ മണ്ണഞ്ചേരി പൊലീസാണ് യുട്യൂബർക്ക് എതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 336 വകുപ്പുകൾ പ്രകാരമാണ് യൂട്യൂബർ സഞ്ജു ടെക്കിയെന്ന് അറിയിപ്പെടുന്ന ടി.എസ്. സജുവിനെതിരെ കേസെടുത്തത്. അപകടകരമായ ഡ്രൈവിങ്, പൊതുജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതോടെയാണ് സഞ്ജു ടെക്കിക്കെതിരായ നടപടികൾ കർശനമായത്.
കാറിൽ സ്വിംമ്മിങ്ങ് പൂളും ഒരുക്കി കുളിച്ച് കൊണ്ട് അപകട യാത്ര നടത്തിയ സഞ്ജു ടെക്കി പ്രോസിക്യൂഷൻ നടപടികൾ നേരിടണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.
മോട്ടോർ വാഹന നിയമലംഘനത്തിന് കേവലം പരിശീലനവും മെഡിക്കൽ കോളജ് ആശുപത്രിയിലെ സാമൂഹിക സേവനവും മാത്രം പോരാ എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കോടതി ഇടപെടലോടെ ഉണർന്ന മോട്ടോർ വാഹന വകുപ്പ് അപകട യാത്ര നടന്ന മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകുക ആയിരുന്നു. സഫാരി കാറിൽ സ്വിമ്മിങ്ങ് പൂൾ ഒരുക്കിയതിന് പുറമേ സമാന സ്വഭാവമുളള കുറ്റങ്ങൾ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം. യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുളള 180ൽപരം വീഡിയോകൾ സൈബർ സെല്ലിനെ കൊണ്ട് പരിശോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ലോറിയിൽ ടാർപോളിൻ വിരിച്ച് അതിൽ വെളളം നിറച്ച് പൂളുണ്ടാക്കി ഓടിച്ച വീഡിയോയും സഞ്ജു ടെക്കിയുടേതായി യൂട്യൂബിലുണ്ട്. അതുകൊണ്ടുതന്നെ സഞ്ജൂവിനെ പൂട്ടാൻ പൊലീസും മോട്ടോർ വാഹന വകുപ്പം രണ്ടും കൽപ്പിച്ചിറങ്ങിയാൽ വ്ളോഗും കണ്ടൻറും ലൈക്കും ഷെയറും എല്ലാം പൂട്ടിക്കെട്ടും. കാറിൽ സ്വിംമ്മിങ്ങ് പൂൾ ഒരുക്കിയുളള യാത്രയ്ക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ച് സഞ്ജു ടെക്കിക്കെതിരായ നിയമ ലംഘനങ്ങൾക്കെതിരായ കുറ്റപത്രം ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. അപകട യാത്ര അടക്കം ആറ് നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൻഫോഴ്സ്മെൻറ്
ആർ.ടി.ഒ കുറ്റപത്രം തയാറാക്കിയിട്ടുളളത്.
പൊലീസ് കേസിനൊപ്പം മോട്ടോർ വാഹന വകുപ്പിൻെറ കേസിൽ കൂടി സഞ്ജു ടെക്കി പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമെന്ന് ഇതോടെ ഉറപ്പായി.
മോട്ടോർ വാഹന നിയമലംഘനങ്ങളുടെ പേരിൽ സഞ്ജു ടെക്കിക്കും കൂട്ടുകാര്‍ക്കും മോട്ടോർവാഹന വകുപ്പ് നിർദേശിച്ച പരിശീലന ക്ലാസ് ആരംഭിച്ചു. എടപ്പാളിലെ മോട്ടോർ വാഹന വകുപ്പിൻെറ കേന്ദ്രത്തിൽ മൂന്നു ദിവസമാണ് പരിശീലനം. സ്വിംമ്മിങ്ങ് പൂളാക്കിയ കാറിൻെറ രജിസ്ട്രേഷനും കാർ ഓടിച്ച ഡ്രൈവറുടെ ലൈസൻസും നേരത്തെ റദ്ദാക്കിയിരുന്നു. സഞ്ജു ടെക്കിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് കൊണ്ട് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ഹൈക്കോടതിക്ക് ഇന്ന് റിപോർട്ട് സമർപ്പിച്ചു. ഈ മാസം 7നകം റിപോർട്ട് നൽകണമെന്നാായിരുന്ന നിർദ്ദേശമെങ്കിലും ഇന്ന് ഉച്ചയോടെ തന്നെ റിപോർട്ട് സമർപ്പിക്കുകയായിരുന്നു.
ആവേശം മോഡലിൽ കാറിനുള്ളിൽ സ്വിമ്മിങ്ങ് പൂൾ തയ്യാറാക്കി വാഹനം ഓടിച്ചാണ് യൂട്യൂബർ സഞ്ജു ടെക്കി പുലിവാല് പിടിച്ചത്. യൂട്യൂബിൽ 2 ലക്ഷത്തിൽപരം ഫോളോവേഴ്സ് ഉള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിങ്ങ് പൂളൊരുക്കിയത്. വാഹനത്തിൽ ടാർപ്പോളിൻ ഉപയോഗിച്ച് പൂളോരുക്കി കുളിച്ച് യാത്രചെയ്യുന്നതിനിടെ വെളളം ചോർന്ന് ലക്ഷങ്ങൾ വിലയുളള കാറിന് കേടുപാട് സംഭവിച്ചത് മാത്രമല്ല മോട്ടോർ വാഹന വകുപ്പിൻെറ പിടിയിലാകുകയും ചെയ്തു.സഞ്ജു ടെക്കിയ്ക്കും കൂട്ടാളികൾക്കും ഇനി പൊലീസ് സ്റ്റേഷനും കോടതിയും കയറി ഇറങ്ങാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us