/sathyam/media/media_files/2024/10/31/r6D6Vv3DGnOUorEcBO48.jpg)
കോട്ടയം: സഭയ്ക്കായ് ജീവിതം സമര്‍പ്പിച്ച ശ്രേഷ്ഠ ഇടയനായിരുന്നു കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ. സഭയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കുമുള്ള നിരന്തര സന്ധിയില്ലാത്ത പോരാട്ടങ്ങളുടെ കഥകളാണ് അദ്ദേഹത്തിന്റെ ജീവിതം നിറയെ.
ഇക്കാലയളവില്‍ സമരങ്ങള്‍, അറസ്റ്റുകള്‍, നിരോധനങ്ങള്‍, കേസുകള്‍, തുടങ്ങി പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും ചക്രവ്യൂഹം ഭേദിക്കുന്ന നിശ്ചയദാര്‍ഢ്യവും വിശ്വാസസ്ഥിരതയും വിവേകവും ആയുധമാക്കി സഭയെ മുന്നോട്ടു നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
അതുകൊണ്ടു തന്നെ വിശ്വാസികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഹൃദയത്തിലാണ്. യാക്കോബായ സഭയ്ക്ക് ഇതു കറുത്ത ദിനമാണെന്ന് വിശ്വാസികള്‍ കണ്ണു നീരോടെ പറയുന്നു.
എറണാകുളം പഴന്തോട്ടം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ബഹുഭൂരിപക്ഷമായ യാക്കോബായ വിശ്വാസികള്‍ക്ക് ആരാധന നിഷേധിച്ചപ്പോള്‍ നിരോധനാജ്ഞ അവഗണിച്ച് 1977 ജൂണ്‍ 11 ല്‍ ഉപവാസം ആരംഭിച്ചതോടെയാണ് അദ്ദേഹത്തിന്റെ സമര പോരാട്ടങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്.
അന്നു ബാവായുടെ പോരാട്ടം സര്‍ക്കാരിനെ പോലും പ്രതിരോധത്തിലാക്കി. അദ്ദേഹത്തിന്റെ പിന്നില്‍ വിശ്വാസ സമൂഹം അടിയുറച്ചു നിന്നു. പിന്നീട് മന്ത്രിതല ചര്‍ച്ചയില്‍ പരിപൂര്‍ണ ആരാധനാ സൗകര്യം എന്ന പ്രഖ്യാപനം ഉണ്ടായ ശേഷമാണ് ജൂണ്‍ 18 നു സമരം അവസാനിപ്പിക്കാന്‍ ബാവ തയാറായത്.
1977 നവംബര്‍ 25 നു ആലുവ തൃക്കുന്നത്ത് സെന്റ് മേരിസ് പള്ളിയിലെ പ്രശ്‌നങ്ങളിലും അദ്ദേഹം സജീവമായി ഇടപെടല്‍ നടത്തി. ഡോ. ടി.പി. ജേക്കബിന്റെ പിതാവും ദീര്‍ഘകാലം പള്ളി ട്രസ്റ്റിയുമായിരുന്ന തേനുങ്കല്‍ പൈലിയുടെ മൃതശരീരം പള്ളിസെമിത്തേരിയില്‍ അടക്കുന്നതു തടഞ്ഞപ്പോഴാണു സമരം ആരംഭിച്ചത്.
ഇടവക മെത്രാപ്പോലീത്ത ആയിരുന്ന ബാവ പൊലീസ് സ്‌റ്റേഷനു മുന്‍വശം നടുറോഡില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയിട്ടായിരുന്നു പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്തത്.
താന്‍ ഡിസംബര്‍ നാലാം തീയതി വിശ്വാസികള്‍ക്കൊപ്പം പള്ളിയില്‍ പ്രവേശിക്കുമെന്ന് മെത്രാപ്പോലീത്ത പ്രഖ്യാപിച്ചതിനെ തുടര്‍ന്നു തലേന്നു കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഡിസംബര്‍ നാലിന് ആലുവാ യു.സി കോളജ് സെന്റ് മേരീസ് പള്ളിയില്‍ നിന്നും പുറപ്പെട്ട ജാഥയെ പൊലീസ് തടഞ്ഞു. 93 വൈദികരും 83 സ്ത്രീകളും 84 പുരുഷന്മാരും അറസ്റ്റിലായി.
ഡിസംബര്‍ അഞ്ചിനു നാടകീയമായി നിരോധനാജ്ഞ പിന്‍വലിച്ചു. ഓര്‍ത്തേഡോക്‌സ് പക്ഷത്തിനു കുര്‍ബാനയ്ക്കു പള്ളി അനുവദിച്ചു. പ്രതിഷേധിക്കാന്‍ പള്ളിയിലെത്തിയവരെ പൊലീസ് മൃഗീയമായി മര്‍ദിച്ചു.
തുടര്‍ന്നു ഇരുനൂറിലേറെ വിശ്വാസികള്‍ അറസ്റ്റിലായി. പള്ളിയിലെത്തിയ ദീവന്നാസിയോസ് തിരുമേനിയും കൂടെയുണ്ടായിരുന്ന ഒമ്പതു പേരെയും പൊലീസ് ക്രൂരമായി മര്‍ദിച്ചു. കൈവിലങ്ങോടെ തിരുമേനിയെ പൊലീസ് സ്‌റ്റേഷനില്‍ ഇരുത്തി. പ്രതിഷേധവുമായി സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയ വിശ്വാസികളെ പൊലീസ് വീണ്ടും ക്രൂര മര്‍ദനത്തിനിരയാക്കി.
പ്രതിഷേധവുമായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ ഭക്തജനങ്ങള്‍ കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്റെ നേത്യത്വത്തില്‍ സ്‌റ്റേഷനിലേക്ക് നീങ്ങി.
പമ്പുകവലവരെ മാത്രം നടത്താനിരുന്ന ജാഥയുടെ മുന്‍ഭാഗം ആലുവാ പോസ്റ്റാഫീസ് ഭാഗത്തെത്തിയപ്പോള്‍ മുന്നറിയിപ്പില്ലാതെ പാഞ്ഞെത്തിയ പൊലീസ് അക്രമം അഴിച്ചുവിട്ടു. വൈദികര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പരുക്കേറ്റു. പി.പി തങ്കച്ചനെ തെരഞ്ഞുപിടിച്ചു പൊലീസ് മര്‍ദിച്ചു.
സ്‌റ്റേഷനിലുള്ള ബാവായെയും കൂടെയുള്ളവരെയും എറണാകുളം മജിസ്ട്രറ്റ് മുമ്പാകെ രാത്രി തന്നെ ഹാജരാക്കി ജയിലില്‍ റിമാന്‍ഡ് ചെയ്തു. അദ്ദേഹം ജയിലില്‍ നിരാഹാരയജ്ഞം ആരംഭിച്ചു. ഇതിനിടെ ആരോഗ്യം വഷളായി. പക്ഷേ, പിന്തിരിയാന്‍ അദ്ദേഹം തയാറായില്ല.
ആശുപത്രിയിലും അദ്ദേഹം സമരം തുടര്‍ന്നു. ഇതിഹാസസമാനമായ പ്രക്ഷോഭത്തിനാണു കേരളം സാക്ഷിയായത്. എബ്രഹാം മോര്‍ ക്ലീമിസ് മെത്രാപ്പോലിത്ത പ്രസിഡായ ആക്ഷന്‍ കൗണ്‍സില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്കി. വനിതാ മാര്‍ച്ച് ആലുവ നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. ജനുവരി എട്ടിന് കോട്ടയത്തുനിന്ന് ആലുവയിലേക്ക് നടത്തിയ ഗ്രേറ്റ് മാര്‍ച്ച് ജനുവരി 12ന് ആലുവയിലെത്തിയപ്പോള്‍ അനേകായിരങ്ങളാണ് അറസ്റ്റു വരിച്ചത്.
തിരക്കിട്ട ചര്‍ച്ചകളെ തുടര്‍ന്നു 1978 ജനുവരി 19ന് സമരം ഒത്തുതീര്‍പ്പായി. കടവില്‍ ഡോ പൗലോസ് മോര്‍ അത്താനാസിയോസ് തിരുമേനി തൃക്കുന്നത്ത് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. പെരുമ്പള്ളി തിരുമേനിയും ഉപവാസം അനുഷ്ഠിച്ചിരുന്ന ദിവന്നാസിയോസ് തിരുമേനിയും വൈദികരും കുര്‍ബ്ബാനയില്‍ സംബന്ധിച്ചു.
സഭാപിതാക്കന്മാരുടെ കബറിടങ്ങളില്‍ ഇവര്‍ പ്രാര്‍ത്ഥന നടത്തി. ജനസഹസ്രങ്ങള്‍ നിരോധിതമേഖലക്കു ചുറ്റും നിന്നു ചരിത്രസംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. ക്ലീമിസ് മെത്രാപ്പോലീത്ത നല്കിയ നാരങ്ങാനീരു കഴിച്ച് ദിവന്നാസിയോസ് തിരുമേനി 44 ദിവസം നീണ്ടു നിന്ന മഹാസമരം അവസാനിപ്പിക്കുകയായിരുന്നു.
ആലുവാ തൃക്കുന്നത്ത് പള്ളി സമരത്തിലും ബാവായുടെ ഇടപെടല്‍ ശ്രദ്ധേമായിരുന്നു. പള്ളി സമരത്തില്‍ പിന്തുണ പ്രഖ്യാപിച്ചു 1978 ജനുവരിയില്‍ പോത്താനിക്കാട് പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ ഏനാനല്ലൂര്‍ വില്ലേജ് ഓഫീസിനുമുന്നില്‍ നടന്ന പിക്കറ്റിങ്ങില്‍ പ്രകോപനമില്ലാതെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
പ്രതിഷേധിക്കാന്‍ ജനുവരി ആറിനു പോത്താനിക്കാട് നടന്ന ഹര്‍ത്താലിലും മൂന്നു പ്രാവശ്യം ലാത്തിച്ചാര്‍ജുണ്ടായി. രണ്ടു പ്രാവശ്യം ആകാശത്തേക്കു വെടിയുതിര്‍ത്തു. ഇരുനൂറോളം വിശ്വാസികള്‍ക്കാണു ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റത്.
തര്‍ക്കത്തെ തുടര്‍ന്നു പൂട്ടിക്കിടന്ന ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളി 2004 ല്‍ ഒരിക്കല്‍ക്കൂടി ബാവായുടെ സമരവേദിയായി.
മരണമടഞ്ഞ ഡോക്ടറുടെ നാല്പതടിയന്തിരത്തിനു വ്യവസ്ഥകള്‍ ലംഘിച്ച് എതിര്‍ വിഭാഗം അനധികൃതമായി കുര്‍ബ്ബാന ചൊല്ലിയതറിഞ്ഞെത്തിയ ബാവ പള്ളിയുടെ പടിഞ്ഞാറുവശത്തുള്ള താല്ക്കാലിക സ്‌റ്റേജില്‍ ഉപവാസസമരം ആരംഭിച്ചു.
പള്ളി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അടുത്തുള്ള മാര്‍ അത്താനാസിയോസ് സ്റ്റഡി സെന്ററില്‍ ഉപവാസസമരം തുടര്‍ന്നു. ചര്‍ച്ചകളെ തുടര്‍ന്ന് ശ്രേഷ്ഠ ബാവായ്ക്കും പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവാദം ലഭിച്ചു. രാത്രിയില്‍ തന്നെ പള്ളിയിലും പിതാക്കന്മാരുടെ കബറിടങ്ങളിലും പ്രാര്‍ത്ഥന നടത്തിയാണു ബാവ സമരം അവസാനിപ്പിച്ചത്.
ആലുവയില്‍ മൂന്നാമതും ആരാധന സ്വാതന്ത്ര്യത്തിനായി നടന്ന പോരാട്ടം അവിസ്മരണീയമാണ്. യാക്കോബായ വിശ്വാസികള്‍ മഹാഭൂരിപക്ഷമായ ആലുവ പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അടുത്തുള്ള മാര്‍ അത്തനേഷ്യസ് സ്റ്റഡി സെന്ററില്‍ 2005 ജൂലൈയില്‍ ബാവ ഉപവാസം ആരംഭിച്ചു.
സമരത്തിനു പിന്തുണയുമായി ജൂലൈ അഞ്ചിനു കേരളത്തിന്റെ നാനാ ഭാഗത്തുനിന്നെത്തിയവര്‍ ആലുവ യു.സി കോളജ് പള്ളിയില്‍ മെത്രാപ്പോലീത്താമാരുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തി.
പള്ളിക്കുപുറത്തു പൊലീസ് വിശ്വാസികളെ റോഡിലും പള്ളിപരിസരത്തുവെച്ചും പൊലീസ് ക്യാമ്പിലെത്തിച്ചും മൃഗീയമായി മര്‍ദിച്ചു. മുപ്പതു വര്‍ഷത്തെ ഇടവേളക്കൊടുവില്‍ 2007 ജനുവരി 25 നു ഈ കബറിടങ്ങളില്‍ വീണ്ടും പ്രാര്‍ത്ഥന നടത്തിയ ബാവ 2014 ഫെബ്രുവരി ഒന്നിനു തൃക്കുന്നത്തു പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു ചിരകാലാഭിലാക്ഷം യാഥാര്‍ഥ്യയമാക്കി.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിലും വിശ്വാസികള്‍ക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിച്ചപ്പോള്‍ ഉപവാസായജ്ഞം അടക്കമുള്ള സമരങ്ങള്‍ക്കു ബാവ നേതൃത്വം നല്‍കി.
മാമലശേരി, കണ്യാട്ടുനിരപ്പ്, കടമറ്റം പള്ളികളും വിശ്വാസചരിത്രത്തില്‍ ഇടംനേടിയ മറ്റുചില പോരാട്ട ഭൂമികളാണ്. കോലഞ്ചേരി പള്ളിയിലും ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി 2011 ലും 2013 ലും വലിയ സമരങ്ങള്‍ക്കും ബാവ നേതൃത്വം നല്‍കി.