Advertisment

അഞ്ചലോട്ടക്കാരനില്‍ നിന്ന് ആത്മീയതയുടെ നെറുകയിലേക്ക്. കാളപൂട്ടും വിതയുമറിയാവുന്ന കര്‍ഷകന്‍. നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചപ്പോഴും വിടാതെ പിന്തുടര്‍ന്ന വേദപഠനം. ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ വിടവാങ്ങുമ്പോള്‍

ജീവിതം കരുപിടിപ്പിക്കാന്‍ അഹോരാത്രം കഠിനാധ്വനം ചെയ്തിരുന്ന യുവത്വമായിരുന്നു കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടേത്

New Update
 Baselios Thomas I

കോട്ടയം: ആട്ടിടയനായും അഞ്ചലോട്ടക്കാരനായും കര്‍ഷനും മീന്‍ പിടുത്തക്കാരനായുമൊക്കെ ജീവിതം കരുപിടിപ്പിക്കാന്‍ അഹോരാത്രം കഠിനാധ്വനം ചെയ്തിരുന്ന യുവത്വമായിരുന്നു കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടേത്.

Advertisment

എറണാകുളം ജില്ലയില്‍ പുത്തന്‍കുരിശിനടുത്തു വടയമ്പാടിയില്‍ ചെറുവിള്ളില്‍ മത്തായിയുടെയും കുഞ്ഞാമ്മയുടെയും മകനായി 1929 ജൂലൈ 22നായിരുന്നു ബാവായുടെ ജനനം.

ദമ്പതികളുടെ എട്ടു മക്കളില്‍ ആറാമനായിരുന്നു ''കുഞ്ഞൂഞ്ഞ്'' എന്ന ഓമനപ്പേരുള്ള സി.എം തോമസ്. ബാല്യത്തില്‍ ഇടയ്ക്കിടെ മോഹാലസ്യപ്പെട്ടു വീഴുന്ന അപസ്മാര സദൃശ്യമായ അസുഖക്കാരനായിരുന്ന കുഞ്ഞുഞ്ഞിനു താന്‍ ഓമനിച്ചു വളര്‍ത്തിയ 23 ആടുകളായിരുന്നു കുഞ്ഞുന്നാളിലെ കൂട്ട്.


വീട്ടിലെ നിത്യചെലവുകള്‍ക്കു വകതേടി ജേഷ്ഠനു ലഭിച്ച ജോലിക്കു പകരക്കാരനായി ചെറുപ്രായത്തില്‍തന്നെ പോസ്റ്റല്‍ വകുപ്പില്‍ അഞ്ചലോട്ടക്കാരന്‍ ആയി. എന്നും രാവിലെ ആറു മണിക്ക് തപാല്‍ ഉരുപ്പടികള്‍ നിറച്ച സഞ്ചിയും തോളിലേറ്റി ഏഴക്കരനാട് പോസ്റ്റ് ഓഫീസില്‍നിന്നും ഏഴു മൈലിലേറെ താണ്ടി തൃപ്പൂണിത്തുറ അഞ്ചലാപ്പീസിലേക്കു കുതിക്കുമായിരുന്നു.


പത്രവിതരണക്കാരനായും കുഞ്ഞൂഞ്ഞു പ്രവര്‍ത്തിച്ചു. ഇതിനിടെ
കാളപൂട്ടും വിതയുമൊക്കെ ചെയ്യുന്ന കര്‍ഷകനായും, വല നെയ്യാനും കൂടും കെണിയും തുമ്പിത്താരവും തീര്‍ക്കാനുമറിയുന്ന മീന്‍പിടുത്തക്കാരനായുമൊക്കെ പല ജോലികള്‍ ചെയ്തു.

പ്രാഥമിക വിദ്യാഭ്യാസം നാലാം ക്ലാസില്‍ അവസാനിച്ചതു മുതല്‍ പതിനഞ്ചാം വയസില്‍ മലേക്കുരിശ് ദയറായില്‍ സണ്‍ ഡേ സ്‌കൂളില്‍ വേദപഠന അധ്യാപകനായി മാറുന്നതു വരെയുള്ള കുഞ്ഞുഞ്ഞിന്റെ ബാല്യം ഇങ്ങനെയൊക്കെയായിരുന്നു.

തന്നെ അടിമവെച്ച മലേക്കുരിശ് ദയറായില്‍ പകല്‍ധ്യാനത്തിനു ദിവസവും മുടങ്ങാതെ എത്തുമായിരുന്ന കുഞ്ഞുഞ്ഞിന്റെ കിടപ്പും രാത്രി ഉറക്കവും മിക്കപ്പോഴും അവിടെത്തന്നെയായി.  ദയറായില്‍ സ്ഥിരതാമസമാക്കിയിരുന്ന ചെറുവിള്ളില്‍ എബ്രഹാം കശീശ കുഞ്ഞുഞ്ഞിന്റെ പിതാവിന്റെ ജേഷ്ഠസഹോദര പുത്രനായിരുന്നു.


 അവിടെ സണ്‍ഡേ സ്‌കൂള്‍ പഠിപ്പിക്കുകയും ദൈവവചനം പ്രസംഗിക്കുകയും ചെയ്തിരുന്ന കുഞ്ഞൂഞ്ഞ് എന്ന തോമസിനെ പൗരസ്ത്യ കാതോലിക്കാ ബാവായായ അന്നത്തെ കണ്ടനാട് ഭദ്രാസനാധിപന്‍ പൗലോസ് മാര്‍ പീലക്‌സിനോസാണു പിറമാടം ദയറായിലേക്കു കുട്ടിക്കൊണ്ടു പോകുന്നതും 1952 ല്‍ ഇരുപത്തി മൂന്നാം വയസില്‍ കോറൂയോ പട്ടം നല്‍കുന്നതും. 


പിന്നീട് ആലുവായിലെ വലിയ തിരുമേനി (പൗലൂസ് മാര്‍ അത്താനാസിയോസ്)യുടെ സെക്രട്ടറിയും സുറിയാനി മല്‍പ്പാനുമായിരുന്ന ഞാര്‍ത്താങ്കല്‍ കോരുത് മല്‍പ്പാന്റെയും മൂശസലാമ റമ്പാന്റെയും (മോര്‍ ക്രിസോസ്റ്റമോസ്) കടവില്‍ പോള്‍ റമ്പാന്റെയും (ഡോ. പൗലുസ് മാര്‍ അത്താനാസിയോസ്) കീഴില്‍ വൈദിക പഠനം.

1957 ല്‍ കടമറ്റം പള്ളിയില്‍വച്ച് ശെമ്മാശ പട്ടവും 1958 സെപ്റ്റംബര്‍ 21 നു മഞ്ഞിനിക്കര ദയ റായില്‍വെച്ച് അന്ത്യോഖ്യ പ്രതിനിധി യൂലിയോസ് ഏലിയാസ് ബാവയില്‍നിന്നു ഫാ സി.എം തോമസ് ചെറുവിള്ളില്‍ എന്ന പേരില്‍ കശീശ(പുരോഹിതന്‍) പട്ടവും സ്വീകരിച്ചു. പിന്നീട് ശ്രേഷ്ടഠ കാതോലിക്ക ബാവയിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച ആത്മീയതയ്‌ക്കൊപ്പം പോരാട്ടങ്ങളുടെതും കൂടിയായിരുന്നു.


സഭയെ മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നിലപാടുകളാണു അദ്ദേഹം തുടക്ക കാലം മുതല്‍ സ്വീകരിച്ചിട്ടുള്ളത്. സഹായിച്ചവരെ സഹായിക്കുമെന്ന പ്രയോഗം പ്രസിദ്ധമായതിനു പിന്നിലും ബാവായുടെ ആശയം.


കെ. കുരണാകരനും വി.എസ്. അച്യുതാനന്ദനും പി.പി. തങ്കച്ചനും ടി.എച്ച്, മുസ്തഫയും എ.പി. വര്‍ക്കിയും എ.കെ. ആന്റണിയുമെല്ലാം ബാവയുടെ അടുപ്പക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ആത്മബന്ധം ഉള്ള വ്യക്തികൂടിയാണു ബാവാ.  

സഭയ്ക്ക് ഉതകുന്ന നിലയില്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും മറ്റു രാഷ്ട്രീയ നേതൃത്വങ്ങളെ പിണക്കാതിരിക്കന്‍ ബാവ പ്രത്യേകം ശ്രദ്ധിച്ചു. വ്യക്തവും കൃത്യതയുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍.

Advertisment