/sathyam/media/media_files/iV8oulDTAbvKdUZkGuBr.jpg)
കോട്ടയം: മലയാളം വാർത്താ ചാനലുകളുടെ റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസിൻെറ ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല. ഇന്നലെ പുറത്തുവന്ന 44-ാം ആഴ്ചയിലെ ബാർക് ( ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) റേറ്റിംഗിൽ കേരളാ യൂണിവേഴ്സൽ വിഭാഗത്തിൽ 91.48 പോയിന്റ് നേടിയാണ് വൻ മത്സരം നടക്കുന്ന വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയത്.
റിപ്പോര്‍ട്ടര്‍ ടി.വിയാണ് രണ്ടാം സ്ഥാനത്ത്. 44-ാം ആഴ്ചയിൽ 77.86 പോയിന്റ് കരസ്ഥമാക്കിയാണ് റിപ്പോർട്ടർ ടി.വി രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 62.89 പോയിൻറുമായി ട്വന്റി ഫോർ ന്യൂസാണ് മൂന്നാം സ്ഥാനത്ത്. വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ ഇടിയുന്നു എന്നതാണ് 44-ാം ആഴ്ചയിലെ റേറ്റിങ്ങിലും തെളിയുന്ന പൊതു പ്രവണത.
ഒന്നാം സ്ഥാനത്തുളള ഏഷ്യനെറ്റ് ന്യൂസ് മുതൽ എല്ലാ മുൻനിര ചാനലുകൾക്കും തൊട്ടുമുൻപുളള ആഴ്ചയേക്കാൾ പോയിന്റ് കുറഞ്ഞു. 43-ാം ആഴ്ചയിൽ യൂണിവേഴ്സൽ വിഭാഗത്തിൽ 95.98 പോയിന്റ് ഉണ്ടായിരുന്ന ഏഷ്യാനെറ്റിന് 44-ാം ആഴ്ചയിൽ 91.48 പോയിന്റ് മാത്രമേയുളളു. 4.5 പോയിന്റ് ഇടിഞ്ഞു.
റിപ്പോർട്ടറിന് ഇതിലും കൂടുതൽ പോയിന്റുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 43-ാം ആഴ്ചയിൽ 86.43 പോയിന്റ് ഉണ്ടായിരുന്ന റിപ്പോർട്ടറിന് 44-ാം ആഴ്ചയിൽ 77.86 പോയിന്റ് മാത്രമാണ് ലഭിച്ചത്. 8.57 പോയിന്റിൻെറ വ്യത്യാസമാണ് സംഭവിച്ചത്.
ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ വെമ്പുന്ന റിപ്പോർട്ടറിന് ഇത് ഒട്ടും ആശാവഹമല്ല. മൂന്നാം സ്ഥാനക്കാരായ ട്വന്റി ഫോറിനും റേറ്റിങ്ങ് നടന്ന അവസാന രണ്ട് ആഴ്ചകളുമായി താരതമ്യം ചെയ്യുമ്പോൾ പോയിന്റ് ഇടിഞ്ഞിട്ടുണ്ട്. 8.13 പോയിന്റിന്റെ കുറവാണ് ട്വന്റി ഫോറിന് സംഭവിച്ചിരിക്കുന്നത്.
നാലാം സ്ഥാനക്കാരായ മനോരമ ന്യൂസിനും അഞ്ചാം സ്ഥാനക്കാരായ മാതൃഭൂമി ന്യൂസിനും എല്ലാം പോയിന്റ് ഇടിഞ്ഞു. 44-ാം ആഴ്ചയിൽ 48.33 പോയിന്റ് നേടിയാണ് മനോരമ ന്യൂസ് നാലാം സ്ഥാനം നിലനിർത്തയത്. തൊട്ടുമുൻപുളള ആഴ്ചയിൽ 49.14 പോയിന്റായിരുന്നു മനോരമയുടെ സമ്പാദ്യം.
സ്ഥിരമായി അഞ്ചാം സ്ഥാനത്തായി പോയ മാതൃഭൂമിക്ക് 44-ാം ആഴ്ചയിൽ 35.05 പോയിന്റേ കിട്ടിയിട്ടുളളു. മുൻപത്തെ ആഴ്ചയിലേക്കാൾ ഒരു പോയിന്റിൻെറ കുറവുണ്ട്.
പോയിന്റ് നിലയിലെ ഇടിവ് ചാനലുകൾ തമ്മിലുളള റേറ്റിങ്ങ് പോയിന്റ് വ്യത്യാസത്തിലും പ്രതിഫലിച്ചിട്ടുണ്ട്.
ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടറും തമ്മിൽ 13.62 പോയിന്റ് വ്യത്യാസമുണ്ട്. മുൻ ആഴ്ചയിലും ഏതാണ്ട് ഇതേ പോയിന്റ് വ്യത്യാസത്തിലാണ് റിപ്പോർട്ടർ ടി.വി രണ്ടാം സ്ഥാനം നിലനിർത്തിയത്.
ഒന്നാം സ്ഥാനത്ത് എത്താൻ കിണഞ്ഞ് പരിശ്രമിച്ചിരുന്ന റിപ്പോർട്ടർ ടി.വിക്ക് പോയിന്റ് നിലയിൽ മുന്നോട്ട് വരാൻ കഴിയുന്നില്ല എന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
ഒരു ഘട്ടത്തിൽ ഏഷ്യാനെറ്റുമായി 3 പോയിന്റിൽ താഴെ വ്യത്യാസം ഉണ്ടായിരുന്ന റിപ്പോർട്ടർ ഒന്നാം സ്ഥാനം പിടിക്കുമെന്ന് തോന്നിപ്പിച്ചിരുന്നതാണ്. എന്നാൽ ആഴ്ചകൾ കഴിയും തോറും ഒന്നാം സ്ഥാനക്കാരുമായുളള വ്യത്യാസം കൂടുകയാണ് ചെയ്യുന്നത്. ഒന്നാം സ്ഥാനത്തേക്ക് എത്താൻ പരിശ്രമിക്കുന്ന റിപ്പോർട്ടർ മാനേജ്മെന്റിന് നിരാശ പകരുന്ന കാര്യമാണിത്.
വൻ സംഭവങ്ങൾ ഒന്നും ഇല്ലാതെ പോകുന്നതാണ് വാർത്താ ചാനലുകളുടെ പ്രേക്ഷക പങ്കാളിത്തം ഇടിയാൻ കാരണം. മൂന്ന് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വാർത്തകളോ സംഭവങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല.
ശ്രദ്ധിക്കപ്പെടുന്ന വാർത്താ സംഭവങ്ങൾ ഇല്ലെങ്കിൽ വിനോദ ചാനലുകളിലേക്ക് പോകുന്നതാണ് മലയാളി പ്രേക്ഷകരിൽ കണ്ടുവരുന്ന പ്രവണത. ഒടുവിൽ റേറ്റിങ്ങ് നടന്ന ഒക്ടോബർ 26 മുതല്‍ നവംബർ 1 വരെയുളള ആഴ്ചയിൽ ചാനലുകളെ ചുറ്റിപ്പറ്റിയാണ് വിവാദം ഉണ്ടായത്.
കൊടകര കുഴൽപ്പണ കേസ് സംബന്ധിച്ച പുതിയ വെളിപ്പെടുത്തൽ ട്വന്റി ഫോറിലൂടെയാണ് പുറത്തുവന്നതെങ്കിലും വിവാദത്തിലായത് റിപ്പോർട്ടർ ടി.വിയാണ്. മീറ്റ് ദി എഡിറ്റർ പരിപാടിയിൽ ചാനൽ മേധാവികൾ നടത്തിയ പരാമർശങ്ങളിൽ പ്രകോപിതയായ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ റിപ്പോർട്ടറിനെതിരെ ആഞ്ഞടിച്ചു.
ചാനൽ മാനേജ്മെന്റിനെ ചുറ്റിപ്പറ്റി ഉയരുന്ന ഇത്തരം വിവാദങ്ങളാണ് എപ്പോഴും റിപ്പോർട്ടറിനെ പിന്നോട്ട് വലിക്കുന്നത്. എഡിറ്റോറിയൽ മേധാവികളുടെ ചർച്ചാ പരിപാടി ശോഭാ സുരേന്ദ്രന് മറുപടി നൽകുന്നതിനുള്ള വേദി ആക്കുകയാണ് മാനേജ്മെൻറ് ചെയ്തത്.
ശോഭാ സുരേന്ദ്രന് മറുപടി പറഞ്ഞ ചാനൽ ഉടമ പലപ്പോഴും തരംതാണ രീതിയിലാണ് സംസാരിച്ചിരുന്നത്. സ്വയം പൊക്കി പറയുന്ന ചാനൽ ഉടമയുടെ വാചകമടി കേട്ട് എഡിറ്റോറിയൽ മേധാവികൾ ഇരിക്കുന്ന കാഴ്ച വലിയതോതിൽ വിമർശനം ക്ഷണിച്ചുവരുത്തുന്നുമുണ്ട്.
വാർത്താ അവതരണത്തിലും ന്യൂസ് കവറേജിലും വേഗതയുളള ശൈലി സ്വീകരിച്ചതാണ് ഏഷ്യാനെറ്റ് ന്യൂസിനെ ഒന്നാം സ്ഥാനത്ത് നിലനിർത്തിയത്. റിപ്പോർട്ടർ വെല്ലുവിളി ഉയർത്തിയതോടെ സ്റ്റുഡിയോയിൽ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന വിനു.വി.ജോണും മറ്റും ഇപ്പോൾ വാർത്ത സംഭവിക്കുന്ന ഇടങ്ങളിലെത്തി റിപ്പോർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്.
സംഘപരിവാർ ചാനലായ ജനം ടിവിയാണ് റേറ്റിങ്ങിൽ ആറാം സ്ഥാനത്ത്. 21.61 പോയിന്റാണ് ജനം ടിവി പോയവാരം നേടിയത്. തൊട്ടുമുൻപുളള ആഴ്ച 24 പോയിൻറ് ഉണ്ടായിരുന്ന ജനം ടി.വി 2.39 പോയിന്റ് ഇടിഞ്ഞിട്ടിണ്ട്.
ഇതിന് മുൻപ് റേറ്റിങ്ങ് നടന്ന ആഴ്ചയിൽ ജനം ടിവിക്ക് ഒപ്പം ആറാം സ്ഥാനം പങ്കിട്ടിരുന്ന സിപിഎം ചാനലായ കൈരളി 20.39 പോയിൻറുമായി ഏഴാം സ്ഥാനത്തേക്ക് വീണു. 13.32 പോയിന്റുമായി ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തും 10.64 പോയിന്റുമായി ഒൻപതാം സ്ഥാനത്തുമാണ്.